Sorry, you need to enable JavaScript to visit this website.
Monday , March   08, 2021
Monday , March   08, 2021

ഹൃദയം കൊണ്ട് പാടുന്ന പാഷ

പാട്ടുകൾ ഇഷ്ടപ്പെടാത്തവരായി അധികമാരും ഉണ്ടാവില്ല,അതോടൊപ്പം നല്ല പാട്ടുകാരേയും മിക്ക ആളുകളും ഇഷ്ടപ്പെടുന്നു. ഗസലുകളോടും നല്ല ഭാവഗീതങ്ങളോടും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പുലർത്തിയ മമതയും സഹൃദയത്വവും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാനവസരം ലഭിച്ച കവി യൂസുഫലി കേച്ചേരി പങ്കുവെച്ചത് ഓർമ വരുന്നു. സംഗീതം ഇഷ്ടപ്പെടുന്ന ഒരാൾക്ക്നല്ല ഒരു ഗായകനെ അയൽവാസിയായികിട്ടിയാൽ അതൊരു സവിശേഷ സൗഹൃദമായി തീരും. അങ്ങനെ അടുത്തകാലത്ത് എനിക്ക് ലഭിച്ചനല്ല സൗഹൃദങ്ങളിൽ ഒന്നാണ് കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ജമാൽ പാഷയുമായുള്ള ആത്മബന്ധം. 


പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകൻ ബ്രഹൽവി കേരള സൈഗാൾ എന്ന് വിശേഷിപ്പിച്ച നാദ ലാവണ്യത്തിന് ഉടമയാണ് കോഴിക്കോട് അബ്ദുൽ ഖാദർ എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. 
ജമാൽ പാഷ പ്രവാസലോകത്തെ റഫിയും,ഗുലാം അലിയും, പങ്കജ് ഉദാസും ബാബുക്കയും, ദാസേട്ടനുമൊക്കെയാണെന്ന് പറഞ്ഞാൽ അത് അതിശയോക്തി ആവാനിടയില്ല. ഇവരുടെയൊക്കെ വിവിധ ശൈലികളിലുള്ള ഗാനങ്ങൾ പാഷ അനിതരമായ മൗലികതയോടെ അനായാസേന സദസ്യരെ കോരിത്തരിപ്പിക്കുന്ന ശബ്ദ മാധുരിമയിൽ ആലപിക്കുന്നു. റഫി സാഹിബിന്റെഗാനങ്ങൾക്ക് ശബ്ദമിടുമ്പോൾപാഷ പാടുകയല്ലല്ലോ പാട്ട് ആയി മാറുകയാണല്ലോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 'സംഗീതമേ അമര സല്ലാപമേ ...' എന്ന ഗാനം മലയാളികളല്ലാത്ത സംഗീതാസ്വാദകരെ പോലും പിടിച്ചിരുത്തുന്ന തരത്തിൽ ഈ ഗായകൻ തന്മയത്വത്തോടെ പാടി പൊലിപ്പിക്കുന്നു. ഭാവഗീതങ്ങളും, ഗസലുകളും ഖവാലിയും അദ്ദേഹത്തിന്റെ സ്വനപേടകത്തിൽ നിന്നും വശ്യ ചാരുതയോടെ വഴിഞ്ഞൊഴുകുന്നു. മലയാളവും തമിഴും ഹിന്ദിയും അറബിയും ഉറുദുവും സ്വര സ്ഥാനങ്ങൾ തെറ്റാതെ സ്ഫുടമായി ഉച്ചരിച്ച് ഭാഷാ നിപുണരായ ആസ്വാദകരെ പോലും ഇദ്ദേഹം കൈയ്യിലെടുക്കുന്നു.


സംഗീതത്തിന്റെ ഭാഷ വിശ്വഭാഷയാണെന്ന് അടിവരയിടുന്ന തരത്തിൽ അറബികളും അനറബികളും പാഷയുടെ തൊണ്ടയിൽനിന്നുംസ്വരരാഗ ശലഭങ്ങൾ പറന്നുയരുമ്പോൾ കോൾമയിർ കൊള്ളുന്നു. സർഗം എന്ന ചിത്രത്തിലെ സംഗീതമേ അമരസല്ലാപമേ എന്ന ഗാനം ആവർത്തിച്ചു പാടി കേൾക്കാൻ അവർ കൊതിക്കുന്നു. ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ചിലപ്പോൾ ഈ ഗായകൻ പാട്ടിൽ ഹൃദയവായ്പ് ചാലിച്ച് ആലാപന വിസ്മയം തീർക്കുന്നു. സച്ചിദാനന്ദൻ മാഷുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ 'മൗനത്തിന്റെ രജത യാമങ്ങൾക്ക് കുറുകെ നാദത്തിന്റെ പൊൻ മാൻ ചാടുന്ന'അനുഭവം പ്രവാസ ലോകത്ത് പകരുന്ന മൗലിക പ്രതിഭ കൊണ്ട് അനുഗൃഹീതനാണദ്ദേഹം.


ഭക്തിയും, പ്രണയവും, വിരഹവും വിഷാദവും പെയ്തിറങ്ങുന്ന മഹാരഥൻമാരുടെ വരികളിൽ പാഷയുടെ ശബ്ദം ചേരുമ്പോൾ വസന്തവും ശിശിരവും ഹേമന്തവും നവ ഭാവങ്ങളിൽ മനം കവരും. 
ചാരുകേശി രാഗത്തിലുള്ള അകേലേ ഹെ ..., കാഫി രാഗത്തിലുള്ള പ്യാർ ഭരേ ദൊ ശർമീലെ നെയ്‌നെ..., ഭൈരവീ രാഗത്തിലുള്ള യേ ദിൽ യേ പാഗൽ ദിൽ മേരാ .. ഭീം പലാസിയിലുള്ള ചുപ് കെ ചുപ് കെ രാത് ദിൻ... ദർഭാരി രാഗത്തിലുള്ള ഹംഗാമ ക്യും ബർപാ..ആഭേരിരാഗത്തിലുള്ള മാനസ നിളയിൽ.... ദേശ് രാഗത്തിലുള്ള ഒരു പുഷ്പം മാത്രമെൻ .. തുടങ്ങി ഏത് രാഗത്തിലുള്ള ഗാനവുമാവട്ടെ അതിശയിപ്പിക്കുന്ന ആലാപന സിദ്ധി കൊണ്ട് തന്റേതാക്കുന്ന ഒരു മാസ്മരികത പാഷയ്ക്കുണ്ട്. 
പാട്ടുകാരനും പാട്ടും കവിയും കേൾവിക്കാരും ഒരേ രേഖയിൽ സഞ്ചരിച്ചു പോകുന്ന അതിസാന്ദ്രമായ ചില അപൂർവ നിമിഷങ്ങളുണ്ടല്ലോ? ജിദ്ദയിലെ സംഗീതാസ്വാദകർക്ക് അത്തരം ഒത്തിരി നിമിഷങ്ങൾ സമ്മാനിക്കുന്നതിൽ ജമാൽ പാഷ വിജയിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. 


നാലായിരത്തിലധികം പാട്ടുകൾ സ്മൃതിപഥത്തിൽ സൂക്ഷിക്കുന്ന ഈ കലാകാരൻ പാട്ടിന്റെ പിന്നിലെ കഥകളും ഗായകരുടെ ജീവിതവും കൂടി നമുക്ക് ഹൃദ്യമായി പറഞ്ഞ് തരും. ബാബുരാജിനെ തെരുവിൽ നിന്ന് കണ്ടെടുത്ത് പ്രോൽസാഹിപ്പിച്ച് ഇണയായ് ഇളയ സഹോദരി നഫീസയെയും , കോഴിക്കോട് അബ്ദുൽ ഖാദറായി അറിയപ്പെട്ട ലെസ്ലിക്ക് മൂത്ത സഹോദരി ആച്ചുമ്മയെയും നിക്കാഹ് കഴിച്ച് നൽകിയ കോഴിക്കോട്ടെ കോൺസ്റ്റബിൾ കുഞ്ഞുമുഹമ്മദിന്റെ കഥയും , അജീ റൂത്ത് കർഹം ... എന്ന ഗാനത്തെക്കുറിച്ച് പറയുമ്പോൾ മുഹമ്മദ് റഫിയും ലതാ മങ്കേഷ്‌ക്കറും പിണങ്ങി നടന്ന നാളുകളിൽ ഡ്യൂയറ്റുകൾ നേരിട്ട പ്രതിസന്ധികളുമൊക്കെ പാഷ ഹൃദയഹാരിയായി അവതരിപ്പിക്കുമ്പോൾ ആരും കേട്ടിരുന്നു പോവും. 


സ്‌കൂൾ പഠന കാലത്ത് തന്നെ ജമാൽ പാഷ സംഗീതത്തിലുള്ള വൈഭവത്തിന് സമ്മാനിതനായിട്ടുണ്ട്. 1977 ൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ലളിതഗാന മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായിരുന്ന എം. എസ് ബാബുരാജ് പാഷയുടെ പ്രതിഭാ വിലാസത്തെ ആലിംഗനം ചെയ്തംഗീകരിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് രംഗത്തെ കുലപതി വി.എം കുട്ടിക്ക് മഹാകവി ഉബൈദ് അവാർഡ് ലഭിച്ചതിനെ തുടർന്ന് ജന്മനാട്ടിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ വെച്ചായിരുന്ന ജീവിതത്തിലെ വഴിത്തിരിവായി മാറിയ ആ ആലിംഗനമെന്ന് മിഴിക്കോണിൽ ആനന്ദാശ്രു തുളുമ്പിക്കൊണ്ട് ഓർമ ചെപ്പ് തുറന്ന് ജമാൽ ഇപ്പോഴും വാചാലനാവും. 'മഹമൂദർ നബിയും സഹാബും ഒരു ദിനം പല പല കഥകൾ പരിചൊട് പറയും മക്കത്തെ പള്ളിയിലന്ന്.... എന്ന ആ ഗാനം പിന്നീട് വി.എം കുട്ടിയുടെ ഗ്രൂപ്പിൽ പതിവായി പങ്കെടുക്കാനുള്ള അവസരമൊരുക്കി. മാപ്പിളപ്പാട്ട് രംഗത്തെ അതികായരായ പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, എസ്.എ.ജമീൽ തുടങ്ങിയവരോടൊത്തും പല വേദികളിലും ഈ ഗാനപ്രിയൻ ശ്രദ്ധേയനായി. സംസ്ഥാനത്തിന് പുറത്തുള്ള വിവിധ പട്ടണങ്ങളിൽ റഫി നൈറ്റുകളിൽ പാടാനുള്ള അവസരവും ഇദ്ദേഹത്തെ തേടിയെത്തി. 


കൊണ്ടോട്ടി ആസ്ഥാനമായി പല്ലവി ഓർക്കസ്ട്ര എന്ന കലാസംഘടനയുടെ ശിൽപി കൂടിയായ ഈ കലാകാരൻ നിരവധി പുത്തൻ പ്രതിഭകളെ കണ്ടെത്തി പരിപോഷിപ്പിച്ചിട്ടുണ്ട്. 
1982ൽ പ്രവാസിയായി യാമ്പുവിലെത്തിയ പാഷ തന്റെ കലാ ജീവിതത്തോടുള്ള പ്രതിപത്തി കാരണം ലഭിച്ച മികച്ച ജോലി പോലും നഷ്ടപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയ കഥ പുതിയ തലമുറയിലെ അധികമാർക്കും അറിയില്ല. ഇതിനിടെ ,കാനേഷ് പൂനൂരുമായുള്ള യാമ്പുവിലെ സൗഹൃദം കേരള ആർട് ലവേഴ്‌സ് അസോസിയേഷൻ 'കല' എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിക്കാൻ സഹായകമായി. പ്രശസ്ത ഹിന്ദി പിന്നണി ഗായകനായ അസ്‌ലം ബാംഗ്ലൂരിന് ആദ്യമായി വേദിയൊരുക്കിയത് പാഷ ആർട് ഡയറക്ടറായിരുന്ന ഈ സംഘടനയായിരുന്നു. ഒമ്പത് വർഷത്തെ യാമ്പു ജീവിതം മതിയാക്കി നാട്ടിലെത്തിയ പാഷയെ മരുഭൂമിയുടെ സംഗീതം വീണ്ടും പ്രവാസ ലോകത്തേക്ക് കൊണ്ടുവന്നു. ജിദ്ദയിലേക്കാണ് തിരികെ എത്തിയത്. 
ചെങ്കടലിന്റെ റാണിയായ ജിദ്ദ പ്രതിഭകളുടെ സംഗമഭൂമി കൂടിയാണ്. ജമാലിലെ പ്രതിഭയെ ജിദ്ദയും സൗദി അറേബ്യയിലെ മറ്റ് പട്ടണങ്ങളും വേണ്ടുവോളം ആസ്വദിച്ച നാളുകളായിരുന്നു തുടർന്നിങ്ങോട്ട്. നിരവധി വിദേശ രാജ്യങ്ങളിൽ വർണ്ണ വൈവിധ്യമാർന്ന പല വിശിഷ്ട സദസ്സുകളിലും ജമാൽ ഗാനങ്ങളാലപിച്ചിട്ടുണ്ട്. തബലയും ഹാർമോണിയവും നന്നായി കൈകാര്യം ചെയ്യുന്ന  ജമാലിന് ഇപ്പോഴും ലോകമാകെ തന്റെതായ ആസ്വാദക വൃന്ദമുണ്ട്. കാരണം ജമാൽ പാടുന്നത് തൊണ്ട കൊണ്ടല്ല ഹൃദയം കൊണ്ടാണല്ലോ?
 

Latest News