Sorry, you need to enable JavaScript to visit this website.

കോവിഡ് ജാഗ്രതയിൽ വിട്ടുവീഴ്ചയരുത്

ലോകത്തെയാകെ മാറ്റിമറിച്ച, മാനവ രാശിക്ക് വൻ ആഘാതം സൃഷ്ടിച്ച കോവിഡ്19 ന്റെ ഏറ്റവും വലിയ പ്രതിരോധം അതാതിടങ്ങളിലെ സർക്കാരുകൾ നൽകുന്ന നിർദേശങ്ങൾ പാലിക്കലും സ്വയം ജാഗ്രതയുമാണ്.  കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ കോവിഡ് മൂലം ലോക ജനത അനുഭവിച്ച ദുരിതങ്ങൾ വിവരണാതീതമാണ്. കൊറോണ വൈറസ് വാക്‌സിൻ കണ്ടെത്തിയതും സ്വയം ആർജിത ജാഗ്രതയുടെയുമെല്ലാം ഫലമായി അതിൽ നിന്നും മെല്ലെ മുക്തി നേടുന്ന അവസരത്തിലാണ് കൊറോണയുടെ പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയത്. എന്നാൽ മുൻപെന്നത്തെ പോലെ ആശങ്കക്കു വകയില്ലെങ്കിലും രോഗബാധിതരുടെ എണ്ണം വീണ്ടും വർധിക്കാൻ തുടങ്ങിയതും പല രാജ്യങ്ങളും ലോക്ഡൗൺ ഉൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നതുമെല്ലാം വീണ്ടും ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നത് ഒരു യാഥാർഥ്യമാണ്.

 

എന്നാൽ ജാഗ്രതയുടെ കാര്യത്തിൽ നാം ഓരോരുത്തരും പിന്നോക്കം പോയിരിക്കുന്നുവെന്നു വേണം പറയാൻ. വാക്‌സിന്റെ വരവും രോഗ ഭീതി മെല്ലെ വിട്ടൊഴിയാൻ തുടങ്ങിയതുമാകാം ഇതിനു കാരണം. ലോകത്തിന്റെ പല ഭാഗത്തും വീണ്ടും രോഗികളുടെ എണ്ണം വർധിക്കാനുണ്ടായ കാരണങ്ങളിലൊന്ന് ഈ ജാഗ്രതക്കുറവാണ്. വാക്‌സിൻ എല്ലാവരിലേക്കും എത്താൻ മാസങ്ങളെടുക്കും. വാക്‌സിൻ എടുത്താലും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ജനക്കൂട്ടം ഒഴിവാക്കൽ തുടങ്ങിയ ജാഗ്രതയും സൂക്ഷ്മതയും തുടരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിൽ വീഴ്ച വരുത്തിയാൽ രോഗ വ്യാപനത്തിന് വീണ്ടും അതിടയാക്കുമെന്ന ലോകാരോഗ്യ സംഘടനയുടേതുൾപ്പെടെയുള്ള മുന്നറിയിപ്പുകൾ വകവെക്കെതെയുള്ള നിലപാടുകൾ സ്ഥിതിഗതികൾ വീണ്ടും മാറ്റിമറിക്കാം. 


ഇതെഴുതുന്ന നിമിഷം വരെ ലോകത്ത് 9,66,77,467 പേർക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്. ഇതിൽ 6,93,83,128 പേർ രോഗമുക്തി നേടിയപ്പോൾ 20,67,089 പേരുടെ ജീവൻ അപഹരിച്ചു. ലക്ഷക്കണക്കിനു പേർ ഓരോ ദിവസവും ഇന്നും രോഗികളായി മാറുകയാണെന്ന വസ്തുത നാം വിസ്മരിക്കരുത്. ലോകത്ത് കോവിഡ് വ്യാപനം തടയുന്നതിനും രോഗികളുടെ എണ്ണം ഗണ്യമായി കുറക്കുന്നതിനും ലോകത്തിനു തന്നെ മാതൃകയായി മാറിയ രാജ്യമാണ് സൗദി അറേബ്യ. ഭരണകർത്താക്കൾ ഉണർന്നു പ്രവർത്തിച്ച് സ്വീകരിച്ച അതീവ മുൻകരുതലുകളും നടപടികളും അതുമായി ജനങ്ങൾ സഹകരിച്ചതുമാണ് സൗദിക്ക് ലോകത്തിനു മുന്നിൽ തല ഉയർത്തി നിൽക്കാൻ അവസരം ഉണ്ടാക്കിയത്. സൗദിയിൽ ജനുവരി 19 വരെ 3,65,325 പേർക്കാണ് രോഗം ബാധിച്ചതെങ്കിൽ അതിൽ 3,57,004 പേരും രോഗം ഭേദമായി പഴയ ജീവിതത്തിലേക്കു മടങ്ങി. 6335 പേർക്കാണ് ജീവഹാനി ഉണ്ടായത്. കഴിഞ്ഞ മാർച്ചിൽ രോഗം റിപ്പോർട്ട് ചെയ്യുമ്പോൾ ആദ്യ ദിനത്തിൽ വിരലിലെണ്ണാവുന്നവർക്കു മാത്രമായിരുന്നു. അതു വർധിച്ച് ജൂൺ 17 ആയപ്പോൾ 4757 വരെയായി ഉയർന്നു. പിന്നീട് അതിന്റെ തോത് കുറഞ്ഞു കുറഞ്ഞ് നൂറിൽ താഴെയായി മാറുകയും ജനുവരി 3 ന് 82 ൽ വരെ എത്തുകയും ചെയ്തിരുന്നു. പ്രതിദിന മരണ നിരക്കും നാലു വരെയായി ചുരുങ്ങിയിരുന്നു. 


കഴിഞ്ഞ ഒരു മാസത്തിനിടെ അനുദിനം രോഗികളുടെ എണ്ണവും മരണ നിരക്കും കുറഞ്ഞു വരികയായിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അതിസൂക്ഷ്മമായ വിലയിരുത്തലുകളും നടപടികളുമാണ് ഇതിനു സഹായിച്ചത്. ഇതിനിടെ കോവിഡ് വാക്‌സിൻ എത്തിക്കുന്നതിൽ ലോകത്തെ ആദ്യ രാജ്യങ്ങളിലൊന്നായി മാറുകയും അതു ലഭ്യമാക്കുകയും ചെയ്ത് പ്രതിരോധം ശക്തമാക്കുകയും ചെയ്തതും ജനങ്ങളിൽ വലിയ ആത്മ വിശ്വാസമാണ് നൽകിയത്. ഈ ആത്മവിശ്വാസമാകാം ചിലരെയെങ്കിലും ജാഗ്രതക്കുറവ് കാണിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചതെന്നു വേണം സംശയിക്കാൻ. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെയും സാമൂഹിക അകലം പാലിക്കാതെയും നിയന്ത്രണങ്ങൾ ലംഘിച്ച് കൂട്ടം കൂടുന്നതിനെതിരെയും കർശന നടപടികൾ തുടരുന്നുണ്ടെങ്കിലും ചിലരെങ്കിലും ഇതു പാലിക്കുന്നതിൽ വിമുഖത കാണിച്ചതാകാം ഇപ്പോഴത്തെ വർധനക്കു കാരണം. ഒരു മാസത്തിനിടെ കഴിഞ്ഞ ദിവസം സൗദിയിൽ രോഗികളുടെ എണ്ണം 200 കടന്നത് ഇതുകൊണ്ടാവാം. കഴിഞ്ഞ ദിവസം 226 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു മരണവും റിപ്പോർട്ട് ചെയ്തു. 82 വരെയായി ചുരുങ്ങിയ പ്രതിദിന രോഗികളുടെ എണ്ണമാണിപ്പോൾ 226ൽ എത്തിയിരിക്കുന്നത്. ഇതിനു മുൻപ് കഴിഞ്ഞ ഡിസംബർ ഏഴിനായിരുന്നു 200 ൽ കൂടുതൽ രോഗികളുണ്ടായിരുന്നത്. നൂറിൽ താഴെയായി രോഗികളുടെ എണ്ണം കുറഞ്ഞിരുന്നത് വീണ്ടും മേലോട്ട് പോയിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ നാം ഓരോരുത്തരുമാണ്. എവിടെ ജീവിച്ചാലും അതാതിടങ്ങളിലെ നിയമം അനുസരിക്കുന്നതിൽ മലയാളി സമൂഹം സൂക്ഷ്മത പുലർത്താറുണ്ട്. 


എന്നാൽ അതിൽനിന്നു വ്യത്യസ്തമായി ചിന്തിക്കുന്നവരും ഇല്ലാതില്ല. കോവിഡ് വാക്‌സിൻ വന്നതും രോഗികളുടെ എണ്ണം നൂറിൽ താഴെയായി കുറയാൻ തുടങ്ങിയതും പഴയതു പോലുള്ള ഒത്തുകൂടലുകളിലേക്കും ജാഗ്രത പാലിക്കുന്നതിലെ സൂക്ഷ്മതക്കുറവിലേക്കുമെല്ലാം മാറാൻ പ്രേരിപ്പിച്ചിട്ടുണ്ട്. മലയാളി സമൂഹത്തിനിടയിൽ കോവിഡ് ബാധിച്ചുള്ള മരണം ആദ്യ നാളുകളിൽ ഒട്ടേറെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതു തീരെ ഇല്ലാതായിരുന്നു. എന്നാൽ ഈ ആഴ്ചയിൽ ജിദ്ദയിൽ മാത്രം രണ്ടു മലയാളി സഹോദരങ്ങൾ കോവിഡ് ബാധിച്ചു മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുപോലെ രോഗികളായി മാറുന്നവരും കൂടുന്നുണ്ട്. രോഗം വരാതിരിക്കുന്നതിന് നാം സ്വീകരിച്ചിരുന്ന നടപടികളിൽ ഒരണുവിന്റെ വിട്ടുവീഴ്ചക്കു പോലും സമയമായിട്ടില്ലെന്നാണ് ഇതു കാണിക്കുന്നത്. രോഗം പൂർണമായും തുടച്ചു നീക്കപ്പെടുന്നതുവരെ നാം ജാഗ്രത തുടരുക തന്നെ വേണം. ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം വീണ്ടും കുറച്ചു കൊണ്ടു വരുന്നതിനും രോഗത്തെ ഇല്ലായ്മ ചെയ്യുന്നതിനും നാം ഓരോരുത്തരും ഉത്തരവാദിത്തത്തോടെ തന്നെ പ്രവർത്തിക്കുകയും വേണം. എങ്കിൽ മാത്രമേ, സ്വദേശി, വിദേശി വ്യത്യാസമില്ലാതെ സൗദി ഭരണകർത്താക്കൾ സ്വീകരിച്ചുവരുന്ന കോവിഡ് നിർമാർജന യജ്ഞം വിജയിക്കൂ.


അതോടൊപ്പം കൊറോണ വാക്‌സിൻ സ്വീകരിക്കുന്നതിനു തയാറാവുകയും വേണം. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും പ്രായമായവരുമുൾപ്പെടെയുള്ളവർക്കായിരുന്നു മുൻഗണനയെങ്കിൽ ഇപ്പോൾ വാക്‌സിൻ എടുക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളിലെയും വിദേശികളിലെയും എല്ലാ പ്രായക്കാർക്കും അതു നൽകാനുള്ള നടപടികൾ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചു കഴിഞ്ഞു. വാക്‌സിൻ സ്വീകരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് 'സിഹതീ' ആപ് വഴി 20 ലക്ഷത്തിലേറെ പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഫൈസർ-ബയോൻടെക് വാക്‌സിനു പുറമെ ആസ്ട്രസെനിക, മോഡേർണ വാക്‌സിനുകൾക്കും ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. 30 ലക്ഷം ഡോസ് വാക്‌സിനുകൾ കൂടി താമസിയാതെ സൗദിയിലെത്തും. ഇതോടെ വളരെ വേഗം കൂടുതൽ പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വാക്‌സിൻ കേന്ദ്രങ്ങൾ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ സർക്കാർ നടപടികളുമായി സഹകരിക്കാൻ നാം ഓരോരുത്തരും തയാറായാൽ മാത്രമായിരിക്കും ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ കഴിയുക. 

Latest News