Sorry, you need to enable JavaScript to visit this website.

കുഞ്ഞു കുഞ്ഞു പ്രതീക്ഷകൾ 

കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങളേയുള്ളൂ. സംസ്ഥാനത്തിന്റെ പതിവ് അനുസരിച്ച് എൽ.ഡി.എഫിന്റെ അഞ്ച് വർഷം ടേം കഴിഞ്ഞാൽ യു.ഡി.എഫ് അധികാരത്തിലേറേണ്ടതാണ്. ആഴ്ചകൾപ്പുറം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പ് ചൂണ്ടുപലകയാണെങ്കിൽ ഇടതിന് തുടർഭരണം ഉറപ്പ്. നൂറിലേറെ സീറ്റുകളിൽ ആധിപത്യം. എന്നാൽ യു.ഡി.എഫ് പരമ്പരാഗത ശക്തികേന്ദ്രങ്ങളിലും പിന്നോക്കം പോയി. മധ്യ തിരുവിതാംകൂറിൽ ക്രൈസ്തവ വോട്ടർമാർ മുന്നണിയുമായി അകന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മലബാറിൽ മുസ്‌ലിം ലീഗിന്റെ മേൽവിലാസത്തിലാണ് നേട്ടം. ഇതിനിടക്കാണ് രണ്ട് മാസം മുമ്പ് കേരളം, തമിഴുനാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ എബിപി-സി വോട്ടർ നടത്തിയ സർവേ ഫലം പുറത്തു വരുന്നത്. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഭരണ തുടർച്ചയുണ്ടാവുമെന്നാണ് അഭിപ്രായ സർവേ നടത്തിയവർ കണ്ടെത്തിയത്. ഗ്രൂപ്പ് പോര് മുഖമുദ്രയാക്കിയ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഇത് ധാരാളമായി. പശ്ചിമ ബംഗാൾ ഭരണം മമതാ ബാനർജി നിലനിർത്തുമെന്നും തമിഴകത്ത് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അധികാരത്തിലേറുമെന്നുമാണ് കണ്ടെത്തിയത്. 


തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭരണത്തിൽ എത്താൻ കഴിയുമെന്ന് കോൺഗ്രസ്  പ്രതീക്ഷിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. തമിഴകത്ത് ഡി.എം.കെ മുന്നണിയിൽ ഇടതുപക്ഷവും ഉള്ളതിനാൽ കോൺഗ്രസിന് മാത്രമായി ഒരിക്കലും അവകാശവാദം ഉയർത്താൻ കഴിയുകയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റിലും വിജയിച്ച യു.ഡി.എഫിനെ കേരളം കൈവിട്ടാൽ അത് ദേശീയ തലത്തിൽ വലിയ തിരിച്ചടിയാണ് കോൺഗ്രസിനുണ്ടാക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രാദേശിക വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നൊക്കെ പറഞ്ഞു നിൽക്കാം.  പ്രാദേശിക വിഷയങ്ങൾക്കും അപ്പുറം സംസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്ത തെരഞ്ഞെടുപ്പാണ് കേരളം കണ്ടതെന്നത് വേറെ കാര്യം. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാക്കളെ കോൺഗ്രസ് ഹൈക്കമാന്റ് ദൽഹിക്ക് വിളിപ്പിച്ചത്. 


പ്രാദേശിക തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മുതൽ സ്പീക്കറെ വരെ പ്രതിക്കൂട്ടിലാക്കിയാണ് യു.ഡി.എഫ് വോട്ട് തേടിയിരുന്നത്. കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾ ആഘോഷമാക്കാൻ ബി. ജെ.പിയുമായി മത്സരിച്ചതും കോൺഗ്രസാണ്. തദ്ദേശ തെിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായി ലീഗ് നേതൃത്വത്തിൽ പരസ്യ സഖ്യവുമുണ്ടാക്കി.  അപവാദ പ്രചാരണങ്ങളെ തകർത്തെറിഞ്ഞാണ് ഇടതുപക്ഷം വൻ വിജയം നേടിയത്. ഈ സ്ഥിതി തുടർന്നാൽ ചരിത്ര ഭൂരിപക്ഷത്തോടെയാണ്  നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിക്കുക. യു.ഡി.എഫിന് ശക്തമായ മത്സരം കാഴ്ചവെക്കണമെങ്കിൽ പോലും ശക്തമായ തിരുത്തൽ നടപടി അനിവാര്യമാണ്. സംഘടന എന്ന രൂപത്തിൽ താഴെ തട്ട് മുതൽ ഏറെ നിർജീവാവസ്ഥയിലാണ് കോൺഗ്രസ്. 
എ.കെ. ആന്റണി കേരളത്തിൽ തമ്പടിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും യു.ഡി.എഫിന് ഉണ്ടാകാൻ പോകുന്നില്ല. ഒരു ജന സ്വാധീനവും ഈ മുൻ മുഖ്യമന്ത്രിക്ക് കേരളത്തിൽ ഇപ്പോഴില്ല. രാഹുൽ ഗാന്ധിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നത് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് കൊണ്ട് മാത്രമാണ്. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച് കേരളം നൽകിയ വോട്ടിലാണ് യു.ഡി.എഫ് സീറ്റുകൾ തൂത്തു വാരിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ രാഹുലിന്റെയും കോൺഗ്രസിന്റെയും അവസ്ഥ വ്യത്യസ്തമാണ്. ഭരണം കിട്ടിയ സംസ്ഥാനങ്ങൾ പോലും കോൺഗ്രസിന് കൈവിട്ടു പോയിരിക്കുന്നത് നേതാക്കളുടെ അധികാര മോഹത്താലാണ്. രാഹുൽ ഗാന്ധിയുടെ വലംകൈ ആയ ജോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിൽ ചേക്കേറിയതോടെ കാവിയണഞ്ഞത് മധ്യപ്രദേശാണ്.


ഗോവയിലും കർണാടകയിലും കോൺഗ്രസ് എം.എൽ.എമാർ കൂറ് മാറിയതുകൊണ്ട് മാത്രമാണ് ബി.ജെ.പിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞത്. 'ഇന്നത്തെ കോൺഗ്രസ്, നാളെത്തെ ബി.ജെ.പി' എന്ന് ഏത് കൊച്ചു കുട്ടികളും ഇപ്പോൾ വിളിച്ചു പറയും. ആ നിലവാരത്തിലേക്കാണ് കോൺഗ്രസ് തരം താണിരിക്കുന്നത്.  ലീഗില്ലായിരുന്നുവെങ്കിൽ മലബാറിൽ കോൺഗ്രസ് പച്ച തൊടില്ലായിരുന്നു. ഈ സാഹചര്യത്തിലാണ്  ലീഗ് ഇപ്പോൾ  30 സീറ്റുകൾ ആവശ്യപ്പെടുന്നത്.  ജോസ് കെ. മാണി പോയതോടെ മധ്യ തിരുവതാംകൂറിൽ യു.ഡി.എഫിന്റെ അടിത്തറയാണ് തകർന്നത്. ജോസഫ് വിഭാഗത്തിന് കാര്യമായ സ്വാധീനമില്ല. ജയിക്കാനുള്ള എന്ത് സാധ്യതയാണ് യു.ഡി.എഫിന് മുന്നിലുള്ളത് എന്നതും ചിന്തിക്കുന്നത് നല്ലതായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രയോഗിച്ചതിന് അപ്പുറം ഒരായുധവും യു.ഡി.എഫിന്റെ പക്കൽ ഇപ്പോഴില്ല. 


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേതൃത്വം നൽകണമെന്ന ഘടക കക്ഷികളുടെ ആവശ്യം ഹൈക്കമാന്റ് അംഗീകരിച്ചത് ഈ ഘട്ടത്തിലാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി, കെ.സി. വേണുഗോപാൽ, കെ. മുരളീധരൻ, കെ. സുധാകരൻ  തുടങ്ങിയവർ കാമ്പയിൻ നയിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭൂരിപക്ഷം ലഭിച്ചാൽ എം.എൽ.എമാർ യോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. നല്ല കാര്യം. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മത്സരിക്കും. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മൽസരിക്കാനുണ്ടാകും. വയനാട്ടിലെ കൽപറ്റയാണ് അദ്ദേഹത്തിന് താൽപര്യം. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയപ്പോൾ വയനാട് ലോക്‌സഭാ സീറ്റ് ഒഴിഞ്ഞു കൊടുത്ത ടി. സിദ്ദീഖിന് അസംബ്ലിയിലേക്ക് പറഞ്ഞു വെച്ച സീറ്റാണിത്. മാത്രവുമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗിന് അനുവദിച്ചതുമാണ്. വയനാട്ടിലെ മൂന്ന് സീറ്റുകളിൽ രണ്ടും സംവരണമാണ്. കൽപറ്റ മാത്രമാണ് ജനറൽ. ഇവിടത്തെ തർക്കങ്ങൾ രമ്യമായി പരിഹരിച്ചാവും കോൺഗ്രസ് സ്ഥാനാർഥി പട്ടികയൊരുങ്ങുകയെന്ന് വിചാരിക്കാം. 


കോൺഗ്രസിന്റെ സ്വാധീനക്കുറവ് ബി.ജെ.പി നേട്ടമാക്കിയതും കണക്കുകളിൽ വ്യക്തമാണ്. അടുത്തിടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ 35 ഇടങ്ങളിൽ ഇരുപത് ശതമാനത്തിലേറെ വോട്ടുകൾ നേടിയിട്ടുണ്ട്. മുൻ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു മൊത്തം വോട്ട് വിഹിതത്തിൽ ബിജെപി മുന്നോട്ടു വന്നിട്ടില്ല. 15 ശതമാനത്തിൽ താഴെയാണ് രണ്ട് തെരഞ്ഞെടുപ്പിലും ലഭിച്ചത്. എന്നാൽ 35 മണ്ഡലങ്ങളിൽ 25,000 വോട്ടിൽ കൂടുതൽ നേടി. 20,000 ത്തിൽ കൂടുതൽ നേടിയ 55 മണ്ഡലങ്ങൾ. പതിനായിരത്തിൽ താഴെ വോട്ട് ലഭിച്ച മണ്ഡലങ്ങളുടെ കണക്ക് ആദ്യമായി 25 ൽ താഴെയായി ചുരുങ്ങി. ഇരു മുന്നണികൾക്കും കിട്ടിവന്ന വോട്ടുകൾ ബിജെപി ചോർത്തുന്നു എന്നത്  ശ്രദ്ധിക്കേണ്ടിവരും. 2016 ൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ ബിജെപി പിടിച്ച വോട്ടാണ് യുഡിഎഫിനു പ്രധാനമായും തിരിച്ചടിയായത്.


നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങൽ, ചിറയിൻകീഴ്, അരുവിക്കര, കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂർ, ഇരവിപുരം, കുന്നത്തൂർ, കൊട്ടാരക്കര, തൃശൂർ, മണലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പുതുക്കാട്, നാട്ടിക, പാലക്കാട്, മലമ്പുഴ, ചേലക്കര, ഒറ്റപ്പാലം, ഷൊർണൂർ, നെന്മാറ, കുന്നമംഗലം, കോഴിക്കോട് നോർത്ത്, ഉദുമ, മഞ്ചേശ്വരം, കാസർകോട് എന്നി നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ഈ പട്ടികയിൽ ചുവന്നു തുടുത്ത മലമ്പുഴ, ഷൊർണൂർ, കോഴിക്കോട് നോർത്ത് എന്നീ മണ്ഡലങ്ങളുമുണ്ടെന്നത് ശ്രദ്ധേയമാണ്. 


പ്രാദേശിക തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ കെ. മുരളീധരൻ പറഞ്ഞ ഒരു കാര്യമുണ്ട്. സ്വപ്‌നയും സ്വർണവും പറഞ്ഞിരുന്നാലൊന്നും ഇലക്ഷനിൽ ജയിക്കാനാവില്ല. അതിന് നന്നായി അധ്വാനിക്കേണ്ടി വരും. എല്ലാ നേതാക്കൾക്കും പാഠമാകേണ്ട പ്രസ്താവനയാണിത്. തുടർഭരണമുണ്ടാവുമെന്ന സർവേ ഫലം കണ്ട് അസ്വസ്ഥരാവേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ ഇരുപതിൽ 19 ഉം യു.ഡി.എഫ് നേടിയ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ വേളയിൽ ഇതേ കൂട്ടർ നടത്തിയ സർവേയിൽ പതിമൂന്ന് സീറ്റുകൾ എൽ.ഡി.എഫിന് ലഭിക്കുമെന്നാണല്ലോ പറഞ്ഞിരുന്നത്. ഏതായാലും ഒരു ക്രൗഡ് പുള്ളറെ ലഭിച്ച ആഹ്ലാദത്തിലാണ് യു.ഡി.എഫുകാർ.

Latest News