Sorry, you need to enable JavaScript to visit this website.

ഡാറ്റ സുരക്ഷ വലിയ വെല്ലുവിളി

ഐ.ടി ബജറ്റുകളിൽ മാറ്റം വരുത്തി കമ്പനികൾ 
സൈബർ തട്ടിപ്പുകൾ സംബന്ധിച്ച വാർത്തകളിൽ പുതുമയില്ലാതായി വരികയാണ്. മിക്ക ദിവസങ്ങളിലും സൈബർ മേഖലയിലെ തട്ടിപ്പുകളുടേയും കബളിപ്പിക്കലുകളുടേയും വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഡാറ്റകൾ സുരക്ഷിതമായിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ ഉണർത്തുന്നത്.
വ്യവസായങ്ങളിലുടനീളം ഡിജിറ്റൽ പരിവർത്തനം ഇന്ന് സാധാരണ പദമായി മാറിയിട്ടുണ്ട്. ബിസിനസ് തന്ത്രത്തിന്റെ പ്രധാന ഘടകമായി തന്നെ അത് മാറിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തുന്നു. കോവിഡ് പശ്ചാത്തലം കമ്പനികളുടെ ഡിജിറ്റൽ പരിവർത്തനത്തിന് ആക്കം കൂട്ടുകയും ചെയ്തു.
ഡിജിറ്റലായി മാറുകയെന്നതാണ് ഇപ്പോൾ ഒരു സ്ഥാപനത്തിന്റെ വളർച്ചയുടെയും വിജയത്തിന്റെയും മാനദണ്ഡം. സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങളിൽ ഡിജിറ്റൽ പരിവർത്തനം നിർബന്ധമായിട്ടുണ്ട്. 
ഇന്ത്യ ഡിജിറ്റൽ പരിവർത്തനത്തിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ  പല മേഖലയിലും ഡാറ്റാ സ്വകാര്യത സംരക്ഷിക്കുന്നതിൽ വലിയ പാളിച്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2020 ആദ്യ പാദത്തിലെ കണക്ക് പ്രകാരം ഇന്ത്യയിൽ സൈബർ ആക്രമണങ്ങളിൽ 37 ശതമാനം വർധന ഉണ്ടായെന്നാണ് കാസ്‌പെർസ്‌കി സെക്യൂരിറ്റി നെറ്റ്‌വർക്ക് വ്യക്തമാക്കുന്നത്. 2019 ലെ നാലാം പാദവുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്. 
ഡിജിറ്റൽ പരിവർത്തനം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ ഡാറ്റകൾ സംരക്ഷിക്കുന്നതിനാവശ്യമായ ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്ഥാപനങ്ങൾ തങ്ങളുടെ നിർണ്ണായക ഡാറ്റകളും മറ്റുവിവരങ്ങളും മികച്ച രീതിയിൽ പരിരക്ഷിക്കുകയും മാനേജുചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. 
ഇനിയങ്ങോട്ട് ഡാറ്റ സുരക്ഷിതമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തകുയെന്നത് വേണമെങ്കിൽ ചെയ്യാമെന്ന ഒരു കാര്യമില്ലാതായി മാറുകയാണ്. 
2020 ൽ ഗണ്യമായി വർധിച്ച സൈബർ ആക്രമണങ്ങൾ സ്ഥാപനങ്ങളെ അവരുടെ സുരക്ഷാ സംവിധാനങ്ങളുടെ പര്യാപ്തതയെ കുറിച്ച് പുനർവിചിന്തനം നടത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ തങ്ങളുടെ നിർണായക ഡാറ്റ സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളെ സുരക്ഷാ ഓട്ടോമേഷനിലേക്കാണ് നയിക്കുന്നത്.  ആളുകളുടെ ഇടപെടലില്ലാതെ തന്നെ സൈബർ ഭീഷണികളെ പ്രോഗ്രാമുകളിലൂടെ കണ്ടെത്താനും പരിഹരിക്കാനുമുള്ള സംവിധാനമാണ് സെക്യൂരിറ്റി ഓട്ടേമേഷൻ. അതായത് മനുഷ്യവിഭവം ആവശ്യമില്ലാതെ തന്നെ യന്ത്രശേഷിയെ ഉപയോഗപ്പെടുത്തുക. 
മെഷീൻ അടിസ്ഥാനമാക്കി എല്ലാ സുരക്ഷാ പരിശോധനകളും നടത്തുകയും വീഴ്ചകൾ പരിഹരിക്കുകയുമാണ് ഇതുവഴി ചെയ്യുന്നത്. ബാഹ്യവും ആന്തരികവുമായ പങ്കാളികളിൽ നിന്നുള്ള ഭീഷണികളെ തിരിച്ചറിയുകയും ഭീഷണിയുടെ മുൻഗണനയും നിലവാരവും അനുസരിച്ച് ഡിബിഎകളെ അറിയിക്കുകയും ചെയ്യും. നിർമിത ബുദ്ധി (എ.ഐ)യാണ്  സുരക്ഷാ പ്രക്രിയ ശക്തമാക്കുന്നതിന് കമ്പനികളെ സഹായിക്കുക. 
കോവിഡ് സാഹചര്യത്തിലും അല്ലാതെയും ജീവനക്കാർ അവരുടെ വീടുകളിൽനിന്ന് വിവിധ ജോലികൾ നിർവഹിക്കുന്നത് വർധിച്ചിട്ടുണ്ട്. വിദൂര പ്രവർത്തന സംവിധാനങ്ങൾ വികസിപ്പിക്കുമ്പോൾ തന്നെ സുരക്ഷാ ദൗർബല്യങ്ങൾ വർധിക്കുന്നുമുണ്ട്.  ദുർബലമായ എൻഡ് പോയിൻറുകളുടെ എണ്ണം വർധിക്കുന്നുവെന്നാണ് ഇതിനർഥം.  ഇത്തരമൊരു സാഹചര്യത്തിൽ, കേന്ദ്രീകൃത സുരക്ഷാ സംവിധാനങ്ങൾ ഫലപ്രദമല്ലെന്നും അനുഭവങ്ങൾ തെളിയിക്കുന്നു. ഒന്നിലധികം ഓപ്പൺ പോയിൻറുകൾ മാനേജുചെയ്യുന്നതിനും ഡാറ്റാ നഷ്ടം തടയുന്നതിലൂടെ ഡാറ്റാ ട്രാഫിക് നിയന്ത്രിക്കുന്നതിനും എൻഡ്‌പോയിൻറ് സുരക്ഷ ഒഴിച്ചു കൂടാനാവാത്തതായെന്നും സൈബർ സുരക്ഷ വിദഗ്ധർ പറയുന്നു.
ഡാറ്റാ പരിരക്ഷ സുപ്രധാനമായിരിക്കെ ഈ രംഗത്ത് കൂടുതൽ നിക്ഷേപിക്കാനും സുരക്ഷിതമാക്കാനും കമ്പനികൾ നിർബന്ധിതമാണ്. ഏതെങ്കിലും തരത്തിലുള്ള സൈബർ ഭീഷണികൾക്കോ മാൽവെയർ ആക്രമണങ്ങൾക്കോ ഉള്ള സാധ്യത ഇല്ലാതാക്കാനാണ്  ശ്രമം. വിദൂര പ്രവർത്തനത്തിന്റെ പുതിയ കാലഘട്ടത്തിൽ വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങളിൽ രക്ഷപ്പെടാൻ  2021 ൽ ഇന്ത്യയിലും ആഗോളതലത്തിലും ഏകദേശം 42 ശതമാനം കമ്പനികളും സ്ഥാപനങ്ങളും സൈബർ സുരക്ഷയിലും സ്വകാര്യത പരിരക്ഷയിലും കൂടുതൽ നിക്ഷേപം തുടരുമെന്നാണ് കണക്കാക്കുന്നത്. 
കോവിഡ് സാഹചര്യം വരുത്തിയ മാറ്റങ്ങൾ സ്ഥാപനങ്ങളെ  അവരുടെ ഐ.ടി ബജറ്റുകളിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചു. എൻഡ് പോയിൻറുകൾ സുരക്ഷിതമാക്കാനും മാൽവെയർ ആക്രമണങ്ങളിൽനിന്ന്  ഡാറ്റാ സുരക്ഷ ഉറപ്പുവരുത്താനുമാണ് ബജറ്റിൽ വലിയൊരു ഭാഗം ഇപ്പോൾ ചെലവഴിക്കുന്നത്.
 

Latest News