റങ്കൂൺ, മ്യാൻമർ- മ്യാൻമർ സുരക്ഷാ സേനയുടെ അതിക്രമങ്ങളെക്കുറിച്ച് വിശ്വസനീയമായ റിപ്പോർട്ടുകൾ അമേരിക്കക്ക് ആശങ്ക ഉണ്ടാക്കുന്നതായി വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൻ. ലക്ഷക്കണക്കിന് റോഹിംഗ്യൻ മുസ്‌ലിംകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ചും മാനുഷിക പ്രതിസന്ധിയെക്കുറിച്ചും സ്വതന്ത്രാന്വേഷണം വേണമെന്നും ടില്ലേഴ്‌സൻ പറഞ്ഞു.
മ്യാൻമർ നേതാവ് ഓങ്‌സാൻ സൂചിയുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിലാണ് ടില്ലേഴ്‌സന്റെ അഭിപ്രായ പ്രകടനം. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം യു.എസ് പരിഗണിക്കുമെന്നും എന്നാൽ രാജ്യത്തിനെതിരെ വിപുലമായ ഒരു സാമ്പത്തിക ഉപരോധം ആലോചനയിൽ ഇല്ലെന്നും ടില്ലേഴ്‌സൻ പറഞ്ഞു. എല്ലാ കാര്യങ്ങളും തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് പറഞ്ഞ യു.എസ് വിദേശകാര്യ സെക്രട്ടറി കൃത്യവും വിശ്വസനീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം അക്രമങ്ങൾക്ക് പിന്നിൽ ഏതെങ്കിലും വ്യക്തികളുടെ ഗൂഢ താൽപര്യങ്ങളുണ്ടോ എന്ന് നിർണയിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. അങ്ങനെ തെളിയുകയാണെങ്കിൽ അത്തരക്കാർക്കെതിരെ ഉപരോധം പരിഗണിക്കാവുന്നതാണ്.
റാഖൈൻ സംസ്ഥാനത്ത് റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ ആസൂത്രിതമായ കൂട്ടക്കൊലകൾ അരങ്ങേറുന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഒരു ദിവസത്തെ സന്ദർശനത്തിന് ടില്ലേഴ്‌സൻ മ്യാൻമറിൽ എത്തിയത്. ആറു ലക്ഷത്തോളം റോഹിംഗ്യകളാണ് ഇതിനകം ബംഗ്ലാദേശിലേക്ക് കൂട്ടപ്പലായനം ചെയ്തത്. റാഖൈനിലെ സൈനിക നടപടിയുടെ ചുമതലയുള്ള സൈനിക മേധാവി മിൻ ഓങ് ഹായ്ങുമായും ടില്ലേഴ്‌സൻ കൂടിക്കാഴ്ച നടത്തി. റോഹിംഗ്യകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ടില്ലേഴ്‌സൻ മ്യാൻമർ ഭരണകൂടത്തെ ആശങ്ക അറിയിക്കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.