മൂടല്‍മഞ്ഞിലെ അപകടത്തില്‍ മരിച്ചത് മലയാളി

അബുദാബി- മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞുണ്ടായ കൂട്ടയിടിയില്‍ മരിച്ചത് മലയാളിയെന്ന് സ്ഥിരീകരിച്ചു. തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദ് (45) ആണ് മരിച്ചത്. പരുക്കേറ്റ 8 പേരില്‍ 3 പേരുടെ നില ഗുരുതരം.  അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ െ്രെഡവറായ നൗഷാദ് ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്കു പോകവേ അല്‍മഫ്‌റഖിലായിരുന്നു അപകടം.

കനത്ത മഞ്ഞില്‍ നൗഷാദ് ഓടിച്ച ബസ് മറ്റൊരു വാഹനവുമായി ഇടിച്ചു. ബസ് നിര്‍ത്തി പുറത്തിറങ്ങി നോക്കുന്നതിനിടെ പിന്നിലെത്തിയ വാഹനം  ഇടിക്കുകയും 2 വാഹനങ്ങള്‍ക്കിടയില്‍പെട്ട നൗഷാദ് തല്‍ക്ഷണം മരിക്കുകയും ചെയ്തു. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.  ഭാര്യ: നസീബ. മക്കള്‍: നാഷിമ, നാഷിദ, നൗഫിദ്.
ഗുരുതരമായി പരുക്കേറ്റവരെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലും അല്ലാത്തവരെ ശൈഖ് ഖലീഫാ ആശുപത്രിയിലേക്കും മാറ്റി.  ബസ്, കാറ്, ട്രക്ക് തുടങ്ങി 19 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

 

Latest News