എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

കൊല്ലം- നടിയും അവതാകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരാണ് വരന്‍. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകാന്‍ ഒരുങ്ങുന്നത്.
ഈ വര്‍ഷം ഓഗസ്റ്റില്‍ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസ് സീസണ്‍ 2വില്‍ മത്സരാര്‍ത്ഥിയായ താരം ഷോയില്‍ വച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വീട്ടുകാര്‍ ബന്ധത്തിന് എതിരാണെന്നും താരം പറഞ്ഞിരുന്നു. ഡിസംബര്‍ അവസാനത്തോടെയാണ് പ്രണയം സഫലമാകുന്നു എന്ന് എലീന തുറന്നു പറഞ്ഞത്. വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും.
ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ആണ് എലീന വിവാഹനിശ്ചയത്തിന് ധരിച്ചത്. കറുപ്പും ഗ്രേ നിറങ്ങളിലുള്ള വേഷത്തിലാണ് രോഹിത്ത് ചടങ്ങിലെത്തിയത്. സമീറ ഷൈജു തനൂസ് കൊല്ലം ആണ് എലീനയുടെ വസ്ത്രം ഒരുക്കിയത്. അറുപത് തൊഴിലാളികള്‍ 500 മണിക്കൂര്‍ സമയം കൊണ്ട് തുന്നി എടുത്തതാണിത്. നെറ്റ് ലെഹങ്കയില്‍ സര്‍വോസ്‌ക്കി സ്‌റ്റോണുകള്‍ പതിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പതിനായിരം രൂപ വിലമതിക്കുന്ന സര്‍വോസ്‌ക്കി സ്‌റ്റോണുകള്‍, സര്‍വോസ്‌ക്കി ബീഡ്‌സുമാണ് ഈ ഡ്രസ്സിന്റെ പ്രധാന ആകര്‍ഷണം.
അവതാരകയായാണ് എലീന ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സീരിയലുകളില്‍ വേഷമിട്ടു. ബിഗ് ബോസ് ഷോയിലെ മത്സരാര്‍ഥിയായും കൂടിയായിരുന്നു. കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏക മകളാണ്.

Latest News