കൊല്ലം- ദേശീയപാതയിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം മൂന്ന് പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നടപടികള്‍ പുരോഗമിക്കുന്നു. കാപ്പില്‍ മുതല്‍ വലിയഴീക്കല്‍ വരെ 56 കിലോമീറ്റര്‍ നീളത്തിലാണ് ജില്ലയില്‍ തീരദേശ ഹൈവേ കടന്നുപോകുന്നത്. പൊഴിക്കര മുതല്‍ ലക്ഷ്മിപുരം തോപ്പ് വരെ 3.5 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനമായിട്ടുണ്ട്.
സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി പരിസ്ഥിതി അനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്. ഏറ്റെടുക്കേണ്ട സ്ഥലം കല്ലിട്ട് തിരിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടന്‍ ഏറ്റെടുക്കല്‍ നടപടി ആരംഭിക്കും. കാപ്പില്‍ മുതല്‍ തങ്കശേരി വരെ അലൈന്‍മെന്റ് തയാറായ ബാക്കി പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കലിനുള്ള പ്രരംഭ നടപടികളും പുരോഗമിക്കുന്നുണ്ട്.
തീരദേശ ഹൈവേ യാഥാര്‍ഥ്യമാകുന്നതോടെ ദേശീയപാത 66 ലെ തിരക്ക് വലിയ അളവില്‍ കുറയും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് തീരദേശ ഹൈവേ വഴി ഗതാഗതക്കുരുക്കില്‍പ്പെടാതെ ലക്ഷ്യസ്ഥാനങ്ങളിലെത്താം. ഗതാഗതം സുഗമമാകുന്നത് തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കത്തിനും സഹായകരമാകും.
തീരദേശ ഹൈവേയുടെ ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത ഉണ്ടാകും. ഒരു വശത്ത് രണ്ട് മീറ്റര്‍ വീതിയില്‍ സൈക്കിള്‍ ട്രാക്കും. 7.5 മീറ്ററാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതി.
കാപ്പില്‍, പൊഴിക്കര, ലക്ഷ്മിപുരം തോപ്പ്, ബീച്ച്, വാടി തങ്കശേരി വരെയുള്ള അലൈന്‍മെന്റിന് നിലവില്‍ കിഫ്ബിയില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലത്തെ അലൈന്‍മെന്റ് കിഫ്ബിക്ക് സമര്‍പ്പിക്കാനായി തയാറായി വരികയാണ്.






