ഇന്ത്യയിലെ ആദ്യ എയർ ടാക്‌സി സർവീസിന് തുടക്കമായി 

ഇന്ത്യയിലെ ആദ്യ എയർ ടാക്‌സി സർവീസിന് ഹരിയാനയിൽ തുടക്കമായി. പഞ്ചാബിലെ ചണ്ഡീഗഢിൽ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കാണ് ആദ്യത്തെ എയർ ടാക്‌സി വിമാനം പറന്നത്. എയർ ടാക്‌സി ഏവിയേഷൻ കമ്പനിയുടെ പേരിലുള്ളതാണ് ഈ വിമാനങ്ങൾ. 45 മിനിറ്റാണ് ഹിസാറിൽ നിന്നും ചണ്ഡീഗഢിൽ നിന്നുമുളള യാത്രാ സമയം.  1,755 രൂപ മുതലാണ് യാത്രക്കുള്ള ടിക്കറ്റ് നിരക്ക്.


ടിക്കറ്റ് ബുക്കിങ്ങിനായി ഓൺലൈൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഒരാളെങ്കിലും യാത്ര ചെയ്യാനുണ്ടെങ്കിൽ നിശ്ചിത സമയക്രമം പാലിച്ച് ദിവസവും ഒരു തവണ ഹിസാർ-ചണ്ഡീഗഢ് റൂട്ടിൽ എയർ ടാക്‌സി സർവീസ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ആവശ്യങ്ങൾക്കും ഈ വിമാനം ലഭ്യമാവുമെന്നാണ് എയർ ടാക്‌സിയുടെ വാഗ്ദാനം. ഇരട്ട എൻജിനും നാല് സീറ്റുമുള്ള ടെക്‌നാം പി 2006ടി വിമാനമാണ് എയർ ടാക്‌സി സർവീസിനായി ഉപയോഗിക്കുന്നത്. പൈലറ്റിനു പുറമെ മൂന്ന് പേർക്കാണ് വിമാനത്തിൽ യാത്രാസൗകര്യം. ഇത്തരത്തിലുള്ള നാല് വിമാനങ്ങൾ എത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.


ഹിസാർ-ചണ്ഡീഗഢ് സർവീസിന് പിന്നാലെ അടുത്ത ആഴ്ച ഹിസാർ-ഡെഹ്‌റാഡൂൺ റൂട്ടിലും എയർ ടാക്‌സി സേവനം ആരംഭിക്കുന്നുണ്ട്. ജനുവരി 23 മുതൽ ഹിസാറിൽ നിന്ന് ധർമശാലയിലേക്കും വിമാന സർവീസ് തുടങ്ങും. ഭാവിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംലയെയും കുളുവിനെയും ബന്ധിപ്പിച്ചും ഹരിയാനയിലെ മറ്റു നഗരങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുമെന്ന് എയർ ടാക്‌സി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News