Sorry, you need to enable JavaScript to visit this website.

സഞ്ചാരികൾക്ക് വിരുന്നായി കേരള ക്രാഫ്റ്റ് വില്ലേജ് 

തിരുവനന്തപുരത്തെ ടൂറിസം മേഖലക്ക് പുത്തനുണർവ് പകർന്നുകൊണ്ട് കേരള ക്രാഫ്റ്റ് വില്ലേജ് യാഥാർഥ്യമാവുകയാണ്.  തലസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് മുന്നിൽ കേരള ക്രാഫ്റ്റ് വില്ലേജ് കലയുടെ വിസ്മയ ലോകം തീർക്കും. നവീകരിച്ച ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 16നു നിർവഹിച്ചു.  
കോവളത്തിന് സമീപം വെള്ളാറിൽ 8.5 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അതിമനോഹരമായ ഈ കലാഗ്രാമത്തിൽ എത്തുന്ന വിനോദ സഞ്ചാരിക്ക് 28 സ്റ്റുഡിയോകളിലായി 50 ഓളം ക്രാഫ്റ്റുകൾ പരിചയപ്പെടാനും അവയുടെ നിർമ്മാണം നേരിൽ കാണാനും വാങ്ങുന്നതിനുമുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.


ക്രാഫ്റ്റ് ഡിസൈൻ മേഖലകളിലെ അനുഭവസമ്പന്നരായ അധ്യാപകരെയും വിദഗ്ധരെയും ഉൾപ്പെടുത്തികൊണ്ടുള്ള വർക്ക് ഷോപ്പുകളും ട്രെയിനിങ്ങ് പ്രോഗ്രാമുകളും വെള്ളാർ ക്രാഫ്റ്റ് വില്ലേജിനെ കലാകാരന്മാരുടെയും കലാസ്വാദകരുടെയും ഇഷ്ട കേന്ദ്രമാക്കി മാറ്റും. കൈത്തറിയിൽ പദ്മശ്രീ നേടിയ ഗോപി മാസ്റ്ററും ശിൽപ ഗുരു അവാർഡ് ജേതാവ് കെ.ആർ മോഹനനും മൂന്നു ദേശീയ പുരസ്‌കാര ജേതാക്കളും 4 സംസ്ഥാന പുരസ്‌കാര ജേതാക്കളും ക്രാഫ്റ്റ് വില്ലേജിന്റെ പ്രതിഭാ നിരയിൽ അണിചേരും.


സന്ദർശകർക്ക് കലാകാരന്മാരുമായി അടുത്തിടപഴകാനും കരകൗശല നിർമ്മാണത്തിൽ പങ്കെടുക്കാനുമുള്ള അവസരം സ്റ്റുഡിയോകളിൽ ഒരുക്കിയിട്ടുണ്ട്. അതുപോലെ തന്നെ കേരളത്തിന്റെ പൈതൃക കരകൗശല ഉൽപന്നങ്ങളായ ആറന്മുള കണ്ണാടി, പെരുവമ്പ് വാദ്യോപകരണങ്ങൾ, ബാലരാമപുരം കൈത്തറി, മുട്ടത്തറ ദാരു ശിൽപങ്ങൾ, തഴവ ഉൽപന്നങ്ങൾ എന്നിവ അതിന്റെ തനിമ ഒട്ടും നഷ്ടപ്പെടാത്ത രീതിയിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ടമായി 16 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ക്രാഫ്റ്റ് വില്ലേജിൽ നടപ്പിലാക്കിയത്. നിലവിൽ ക്രാഫ്റ്റ് വില്ലേജിനകത്ത് എംപോറിയം, ആർട്ട് ഗാലറി, വാക്ക് വേ, സ്റ്റുഡിയോസ്, സെക്യൂരിറ്റി കാബിൻ, കഫ്റ്റീരിയ, എക്‌സിറ്റ് വാക്ക് വേ , റോഡുകൾ, റസ്‌റ്റോറന്റ്, ഓഡിറ്റോറിയം, കിച്ചൻ, ഓഫീസ്, ടോയ്‌ലറ്റ് ബ്ലോക്‌സ്, പോണ്ട്, മേള കോർട്ട്, വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ടാങ്കുകൾ, ഫെൻസിങ്, കോമ്പൗണ്ട് വാൾ, ഡിസൈൻ സ്ട്രാറ്റർജി ലാബ്, എൻട്രി ഗേറ്റ്, കാമ്പസ് ലാന്റ് സ്‌കേപ്പിംഗ് എന്നീ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയെന്ന് ടൂറിസം മന്ത്രി കടകംപള്ളി അറിയിച്ചു. 

 

Latest News