Sorry, you need to enable JavaScript to visit this website.

മുല്ലപ്പള്ളി കൽപറ്റയിലേക്ക്, വയനാട്ടിൽ പുതിയ ചർച്ച കൊഴുക്കുന്നു

കൽപറ്റ-നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപറ്റ നിയോജകമണ്ഡലത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന പ്രചാരണം വയനാട്ടിൽ പുതിയ ചർച്ചാവിഷയമായി. യു.ഡി.എഫിലെ പ്രധാന കക്ഷികളായ കോൺഗ്രസിലെയും  മുസ്‌ലിംലീഗിലെയും  ഇടതുമുന്നണിയിലെ വിവിധ പാർട്ടികളിലെയും നേതാക്കൾക്കിടയിൽ വിഷയത്തിൽ ചൂടൻ ചർച്ച നടക്കുകയാണ്. മുല്ലപ്പള്ളി കൽപറ്റയിൽ മത്സരിക്കാനുള്ള സാധ്യത മണ്ഡലത്തിൽ കണ്ണിട്ടു കരുക്കൾ നീക്കിയിരുന്ന കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കി. മണ്ഡലം കോൺഗ്രസിൽനിന്നു പിടിച്ചുവാങ്ങാൻ പദ്ധതിയിട്ട മുസ്‌ലിംലീഗ് നേതാക്കളുടെ മുഖവും വാടി. കൽപറ്റയിൽ മുല്ലപ്പള്ളിയെ അംഗീകരിക്കാനാകില്ലെന്നും സീറ്റ് ലീഗിനു കിട്ടണമെന്നും പാർട്ടി  ജില്ലാ സെക്രട്ടറി  യഹ്യാഖാൻ തലയ്ക്കൽ ആവശ്യപ്പെട്ടു. 
ജില്ലയിലെ ഏക ജനറൽ അസംബ്ലി മണ്ഡലമാണ് കൽപറ്റ. പട്ടികവർഗക്കാർക്കു സംവരണം ചെയ്തതാണ് ജില്ലയിലെ മറ്റു രണ്ടു മണ്ഡലങ്ങളായ മാനന്തവാടിയും ബത്തേരിയും. സി.പി.എം മുൻ ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രനാണ് കൽപറ്റ എം.എൽ.എ. 2016ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി  ജെ.ഡി.യുവിലെ എം.വി.ശേയാംസ്‌കുമാറിനെതിരെ 13,083 വോട്ടിനായിരുന്നു ശശീന്ദ്രന്റെ വിജയം. 2011ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പി.എ.മുഹമ്മദിനെ 18,169 വോട്ടിനു ശ്രേയാംസ്‌കുമാർ പരാജയപ്പെടുത്തിയ മണ്ഡലവുമാണിത്. നിലവിൽ എൽ.ഡി.എഫിലാണ്  സംസ്ഥാനത്തു ശ്രേയാംസ്‌കുമാർ നേതൃത്വം നൽകുന്ന ലോക് താന്ത്രിക് ദൾ(എൽ.ജെ.ഡി). ഇപ്പോൾ രാജ്യസഭാംഗമായ ശ്രേയാംസ്‌കുമാർ കൽപറ്റ മണ്ഡലം സി.പി.എമ്മിൽനിന്നു വാങ്ങി മത്സരിക്കുമെന്നു കരുതുന്നവർ യു.ഡി.എഫിലും എൽ.ഡി.എഫിലും ഉണ്ട്. ഇതിനിടെയാണ് കെ.പി.സി.സി അധ്യക്ഷൻ കൽപറ്റയിൽ മത്സരിക്കുമെന്ന പ്രചാരണം.
 

Latest News