ജിദ്ദ- ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് അല്‍ അബീര്‍ ഗ്രൂപ്പിന് എല്ലാ സഹകരണവും നല്‍കിയ ജിദ്ദ ഇന്ത്യന്‍ സ്‌കൂളിനെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് രേഖകളില്‍ അവഗണിച്ചതായി രക്ഷിതാക്കളുടെ പരാതി. ഏറ്റവും വലിയ മൊസൈക് തീര്‍ക്കുന്നതിന് കുട്ടികളെ സംഭാവന ചെയ്തതും വേദിയൊരുക്കിയതും സ്‌കൂളാണെങ്കിലും സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളിന്റെ പേര് ഇല്ലാതെ പോയത് ശരിയായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
ക്ലാസ് നഷ്ടപ്പെടുത്തിയും റിഹേഴ്‌സല്‍ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ മണിക്കൂറുകളോളം വെയില്‍ കൊണ്ടുമാണ് റെക്കോര്‍ഡ് സ്ഥാപിക്കാനായത്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളിന്റെ പേരുകൂടി വേണ്ടതായിരുന്നുവെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.
റെക്കോര്‍ഡ് നടപടികള്‍ മുഴുവന്‍ നടത്തിയത് അല്‍ അബീര്‍ ഗ്രൂപ്പാണെന്നും സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്, സൗജന്യ മെഡിക്കല്‍ ചികിത്സ തുടങ്ങിയ വാഗ്ദാനങ്ങള്‍ അബീര്‍ ഗ്രൂപ്പ് നല്‍കിയതിനാലുമാണ് അബീറുമായി സഹകരിച്ചിതെന്ന് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആസിഫ് ദാവൂദി വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്ന കുട്ടികളുടെ പഠനത്തിന് സഹായം ലഭിക്കുന്നത് ഏറെ പ്രയോജനകരമാണ്. ഇക്കാര്യത്തില്‍ അബീറിന്റെ സഹായ വാഗ്ദാനം ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചതിലൂടെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനായെന്ന് പരിപാടിയുടെ ഏകോപന ചുമതല വഹിച്ച ഹെഡ്മാസ്റ്റര്‍ നൗഫല്‍ പാലക്കോത്ത് പറഞ്ഞു. ഇതിലും വലുത് തങ്ങള്‍ക്ക് ചെയ്യാനാവുമെന്ന ആത്മ വിശ്വാസം കുട്ടികളിലുണ്ടായിട്ടുണ്ട്. ക്ലാസ് മുറികളിലെ പഠനത്തേക്കാളുപരി ഇത്തരം പരിപാടികളായിരിക്കും കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുകയെന്നതുകൊണ്ടാണ് ഈ പരിപാടിയുമായി സഹകരിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റ എംബ്ലം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഇതില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലഭിക്കുമെന്നതും വലിയ നേട്ടമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിക്കുന്നതിന് അല്‍ അബീര്‍ ഗ്രൂപ്പിനൊപ്പം സഹകരിച്ചതിന് നന്ദി സൂചകമായി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി നിര്‍ദേശിക്കുന്ന. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് അല്‍ അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍ അറിയിച്ചു. കൂടാതെ ഇതില്‍ പങ്കെടുത്ത 4500 കുട്ടികള്‍ക്കും സൗജന്യ മെഡിക്കല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കുട്ടികളുടേയും മാനേജിംഗ് കമ്മിറ്റിയുടേയും അധ്യാപകരുടേയും അകമഴിഞ്ഞ സഹകരണം കൊണ്ടാണ് അബീര്‍ ഗ്രൂപ്പിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്നും ഇതിന്റെ ക്രെഡിറ്റ് സൂകളിന് കൂടി അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






