Sorry, you need to enable JavaScript to visit this website.

കെടുകാര്യസ്ഥതക്ക് ഡബിൾ ബെൽ

മലയാളികൾക്ക് ഒരുപാട് ആധുനിക അന്ധവിശ്വാസങ്ങളുണ്ട്. അതിലൊന്നാണ് പൊതുമേഖല വിശുദ്ധ പശുവാണെന്നും എത്രമാത്രം ജീർണിച്ചാലും എന്തു വില കൊടുത്തും അവ നിലനിർത്തേണ്ടത് ജനങ്ങളുടെ കടമയാണെന്നുമുള്ളത്. മറ്റൊന്ന് തൊഴിലാളി നേതാക്കളാണ് ഏതു വിഷയത്തിലും അന്തിമ വിധികർത്താക്കളെന്ന്. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട് എന്നും നടക്കുന്ന, ഇപ്പോഴും തുടരുന്ന വിവാദങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം.
വളരെ സ്വാഭാവികമെന്നവണ്ണം ബജറ്റവതരണ വേളയിൽ ധനമന്ത്രി പ്രഖ്യാപിച്ചതും സ്വാഭാവികമെന്ന പോലെ നാം കേൾക്കുകയും ചെയ്ത ഒന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയിൽ കെ.എസ്.ആർ.ടി. സിക്ക് അനുവദിച്ചത് 5000 കോടി രൂപയാണ് എന്നതാണത്. അതായത് ശരാശരി ഒരു ബസിന് ഒരു കോടി. പുതിയ ബജറ്റിൽ 2000 കോടിയോളം അനുവദിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഇത്രയും ഭീമമായ തുക കെ.എസ്.ആർ.ടി.സിക്ക് അനുവദിക്കുന്നത്? ജനങ്ങളെല്ലാം പണം കൊടുത്താണ് യാത്ര ചെയ്യുന്നത്. സ്വകാര്യ ബസുകളേക്കാൾ കൂടുതലാണ് കെ.എസ്.ആർ.ടി.സിയിലെ ചാർജ്. ഒരു മിശ്ര സമ്പദ്‌വ്യവസ്ഥക്ക് യോജിക്കാത്ത രീതിയിൽ നാഷണൽ ഹൈവേകൾ കെ.എസ്.ആർ.ടി.സിക്ക് കുത്തക കൊടുത്തിരിക്കുകയാണ്. മുമ്പൊക്കെ ആളു കുറഞ്ഞ റൂട്ടുകളിലും രാത്രികളിലുമൊക്കെ ബസുകൾ ഓടിയിരുന്നു. ഇപ്പോഴതൊന്നുമില്ല. പ്രധാനമായും ദേശീയ പാതകളിൽ മാത്രമാണ് രാത്രിയോടുന്നത്. ലാഭകരമല്ല എന്നു പറഞ്ഞ് ചെറിയ റൂട്ടുകളെല്ലാം നിർത്തി. പ്രത്യേകിച്ച് മധ്യ, വടക്കൻ ജില്ലകളിൽ.  ഇതിനൊക്കെ ശേഷമാണ് വീണ്ടും കോടികൾ നൽകുന്നത്. സ്വകാര്യ ബസുകൾക്ക് ആരെങ്കിലും എന്തെങ്കിലും നൽകുന്നുണ്ടോ? എന്നിട്ടുമവ നിലനിൽക്കുന്നില്ലേ? 
മറ്റൊന്ന് ഏതെങ്കിലും സ്വകാര്യ കമ്പനിയാണെങ്കിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും കാണുന്ന പോലെ  ഉപയോഗശൂന്യമായ കെട്ടിടങ്ങൾ കോടികൾ ചെലവഴിച്ച് നിർമിക്കുമോ? പുതിയ ബജറ്റിലും പുതിയ കെട്ടിട സമുച്ചയങ്ങൾ നിർമിക്കാൻ പണം മാറ്റി വെക്കുന്നു. ഇനി ഏതെങ്കിലും സ്വകാര്യ കമ്പനിയാണെങ്കിൽ എന്തൊക്കെ നടപടിക്രമത്തിന് ശേഷമാണ് സി.ഇ.ഒയെ നിയമിക്കുക. അങ്ങനെ നിയമിക്കുന്നവർക്ക് തങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ആവശ്യമായ സമയവും കൊടുക്കും. എന്നാൽ കെ.എസ്.ആർ.ടി.സി എം.ഡിമാരെ നിയമിക്കുന്നതോ? എന്തെങ്കിലും മാനദണ്ഡം അതിനുണ്ടോ? മിക്കവാറും പേർ റിട്ടയർ ചെയ്യാറായാവർ. ഇത്തരം മേഖലകളിൽ ഒരു പരിചയവുമില്ലാത്തവർ. ശരാശരി കാലയളവ് ഏതാനും മാസങ്ങൾ. അതിനിടയിൽ എന്തെങ്കിലും ആശയങ്ങൾ മുന്നോട്ടു വെച്ചാൽ, തൊഴിലാളികളല്ലാത്ത തൊഴിലാളി നേതാക്കൾ രംഗത്തിറങ്ങും. ഒരു മാറ്റവും അവരനുവദിക്കില്ല. അവരുടെ സമ്മർദത്തിനു വഴങ്ങി സർക്കാർ ആളെ മാറ്റും. വീണ്ടും കോടികൾ അനുവദിക്കും. ഈ കൊള്ളയാണ് കാലങ്ങളായി നടക്കുന്നത്. ഇപ്പോൾ തന്നെ 7000 ത്തിൽപരം ജീവനക്കാർ അധികമാണെന്നാണ് കണക്ക്. പലരും ജോലിക്കു വരാതെ ഇഞ്ചിക്കൃഷി നടത്തുകയാണെന്ന വാർത്തയും കണ്ടു.  എന്നാൽ ഒരാളെ പോലും, മാന്യമായ നഷ്ടപരിഹാരം കൊടുത്തു തന്നെ പിരിച്ചുവിടാൻ യൂനിയനുകൾ അനുവദിക്കില്ല. ജനങ്ങൾക്കു വേണ്ടിയല്ല, ജീവനക്കാരുടെ തോന്നിവാസങ്ങൾക്കുള്ള സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി എന്നും അതിനുള്ള പണം പൊതുഖജനാവിൽ നിന്നു നൽകണമെന്നുമാണ് പരോക്ഷമായും പ്രത്യക്ഷമായും ഈ നേതാക്കൾ പറയുന്നത്. 
ഇപ്പോഴിതാ പുതിയ എം.ഡി ബിജു പ്രഭാകറും യൂനിയനുകളും പുതിയ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ദീർഘദൂര സർവീസിന് പ്രത്യേക കമ്പനി രൂപീകരിക്കാമെന്ന ബിജു പ്രഭാകറിന്റെ നിർദേശത്തെയാണ് യൂനിയനുകൾ തള്ളുന്നത്. കിഫ്ബിയിൽ നിന്നുളള പണം സ്വീകരിച്ച്  നടത്തുന്ന പദ്ധതി തൊഴിലാളി വിരുദ്ധതക്ക് വഴി തെളിക്കുമത്രേ. കിഫ്ബി പണം നേരിട്ട് കെ.എസ്.ആർ.ടി.സിക്ക് നൽകണമത്രേ. കടലിൽ വെള്ളമൊഴിക്കുന്ന പോലെ. അതുപോലെ ഇപ്പോൾ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വാടകക്കോ പാട്ടത്തിനോ കൊടുത്ത് വരുമാനം ഉണ്ടാക്കരുതെന്നും...! എന്താണിവർ ഉദ്ദേശിക്കുന്നത്? എന്നുമിവരെ കേരള ജനത ചുമക്കണമെന്നോ? സ്ഥാപനത്തെ ഭരണ സൗകര്യാർത്ഥം മൂന്നായി വിഭജിക്കാമെന്ന നിർദേശത്തെ മുമ്പ് ഇതേ യൂനിയനുകൾ പരാജയപ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ള ഡ്രൈവർ കം കണ്ടക്ടർ പദ്ധതി നടപ്പാക്കാനും അനുമതിയില്ല. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിച്ചതിനെതിരെ നടന്ന സമരവും മറക്കാറായിട്ടില്ലല്ലോ. ഒരാളുടെയും ജോലി പോകാതെ തന്നെ വരുമാനം കൂട്ടാനാകുന്ന പദ്ധതിയായിരുന്നു അത്. കാര്യമായ ജോലിയൊന്നും ചെയ്യാതെ ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിലിരിക്കുന്ന പല യൂനിയൻ നേതാക്കളും മെയ്യനങ്ങി പണിയെടുക്കേണ്ടി വരുമായിരുന്നു എന്നതിനാലായിരുന്നു മിന്നൽ പണിമുടക്ക് നടത്തിയത്.  പക്ഷേ ഘട്ടംഘട്ടമായി മറ്റു ജോലികളും കുടുംബശ്രീയെ ഏൽപിക്കുമെന്നും ഇത് കോർപറേഷനെ സ്വകാര്യവൽക്കാരിക്കാനുള്ള നീക്കമാണെന്നും പറഞ്ഞായിരുന്നു പണിമുടക്ക്.  അതുപോലെ തന്നെയാണ് വലിയ നഷ്ടത്തിലായ  40 ഡിപ്പോകൾ അടച്ചുപൂട്ടാനുള്ള തീരുമാനം വന്നപ്പോഴും ഉണ്ടായത്. ആ ഡിപ്പോകളുടെ സ്ഥലം വാണിജ്യ ആവശ്യത്തിന് പാട്ടത്തിന് കൊടുക്കാനായിരുന്നു ആലോചിച്ചത്. അപ്പോഴും  കെ.എസ്.ആർ.ടി.സിയെ സ്വകാര്യവൽക്കരിക്കനാണ് മാനേജ്‌മെന്റ് നീക്കമെന്നായിരുന്നു നേതാക്കളുടെ പ്രതികരണം. ഇപ്പോഴത്തെ അവസ്ഥയേക്കാൾ എത്രയോ ഭേദമാണ് സ്വകാര്യവൽക്കരണം. ഇത്രമാത്രം ജനങ്ങളെ കൊള്ളയടിക്കാൻ ഏതു സ്വകാര്യ കമ്പനിക്കാണ് കഴിയുക?  ഓരോ ബസിനും ഓരോ കോടിയിൽ പരം കടമുണ്ടാക്കുന്നതിൽ തങ്ങളുടെ പങ്കുവഹിച്ചവരാണ് ഇതെല്ലാം തടയുന്നതെന്നതാണ് തമാശ. ഒരു കാലത്ത് സ്വകാര്യ ബസുകാരിൽ നിന്ന് പണം വാങ്ങി അവരുടെ പിറകെ ആളെ കയറ്റാതെ ഓടിയിരുന്ന കാലം മറക്കുമോ? അന്നൊക്കെ യാത്രക്കാരോട് എങ്ങനെയാണ് പെരുമാറിയിരുന്നതെന്നതും ആരും മറക്കാനിടയില്ല. 
പ്രത്യയശാസ്ത്ര പിടിവാശിക്കായി കോടികളുടെ നഷട്ം സഹിച്ചും ചില സ്ഥാപനങ്ങളെ നിലനിർത്തുക എന്നത് ഒരുപക്ഷേ കേരളത്തിൽ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും. പൊതുമേഖല എന്നാൽ സോഷ്യലിസമാണെന്ന അന്ധവിശ്വാസമാണ് കോടികളുടെ ബാധ്യത നിലനിൽക്കുമ്പോഴും വർഷം തോറും അത് വർധിക്കുമ്പോഴും അതങ്ങനെ തന്നെ നിലനിർത്തണമെന്ന നിലപാടിനു പിന്നിൽ പ്രവർത്തിക്കുന്നത്. എന്നിട്ടും സേവനമാണ് തങ്ങൾ നടത്തുന്നതെന്ന അവകാശവാദവും കേൾക്കാം. കനത്ത നഷ്ടമാണെങ്കിൽ കോർപറേഷൻ അടച്ചുപൂട്ടിക്കൂടേ എന്ന് ഹൈക്കോടതി പോലും  ചോദിച്ചിരുന്നു. ഡീസൽ സബിസിഡി പ്രശ്‌നമുണ്ടായപ്പോൾ സ്വകാര്യ പമ്പുകളിൽനിന്ന് ഡീസൽ അടിച്ചപ്പോൾ കെ.എസ്.ആർ.ടി.സി ബസുകളുടെ മൈലേജ് കൂടിയത് നാം കണ്ടതല്ലേ? വാസ്തവത്തിൽ സ്വകാര്യ.മേഖലയോട് മത്സരിച്ച് കെ.എസ്.ആർ.ടി.സിയുടെ നിലവാരം മെച്ചപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. എന്നാലതല്ല സംഭവിച്ചത്. ഒരിക്കലും രക്ഷപ്പെടാത്ത അവസ്ഥയിലേക്ക് ഈ വെള്ളാന എത്തിക്കഴിഞ്ഞിരിക്കുന്നു. ബിജു പ്രഭാകർ കൂടി പരീക്ഷിക്കട്ടെ. എന്നിട്ടും രക്ഷയില്ലെങ്കിൽ ഈ വെള്ളാനയെ അടച്ചുപൂട്ടുകയോ സ്വകാര്യവൽക്കരിക്കുകയോ തന്നെയാണ് വേണ്ടത്.  ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഒരു ഭാഗം വിറ്റാൽ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.  
ബസുകൾ ആവശ്യക്കാർക്ക് വിൽക്കുക. അവയിൽ ഈ ജീവനക്കാർക്ക് തൊഴിൽ നൽകണമെന്ന് നിർദേശം നൽകുകയുമാകാം.  എല്ലാം കഴിഞ്ഞ് ബാക്കിയാകുന്ന പണം ഗുണകരമായ ഏതെങ്കിലും മേഖലയിൽ ചെലവഴിക്കുക. വേണമെങ്കിൽ പുതിയൊരു ബസ് സർവീസ് സംവിധാനം തന്നെ ക്ലീൻ സ്ലേറ്റിൽ ആരംഭിക്കുക. കെ.എസ.്ആർ.ടി.സി അനുഭവങ്ങളുടെ വെളിച്ചത്തിൽ തിരുത്തലുകൾ വരുത്തി അത് ഉത്തരവാദിത്തത്തോടെ കൊണ്ടുനടക്കുക. അതാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. അല്ലാതെ പൊതുമേഖലയുടെ പേരുപറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുകയല്ല.
 

Latest News