Sorry, you need to enable JavaScript to visit this website.

കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസ് അന്തരിച്ചു

തൃശൂര്‍- പാലക്കാട് കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസ് അന്തരിച്ചു. തൃശൂര്‍  മെഡിക്കല്‍ കോളേജില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകിട്ട് 7.45ഓടെയാണ് മരിച്ചത്.  കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഡിസംബര്‍ 11ന് കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയദാസ് പിന്നീട് രോഗമുക്തി നേടി. എന്നാല്‍ കൊവിഡാനന്തര പ്രശ്‌നങ്ങളാല്‍ ആരോഗ്യസ്ഥിതി ഗുരുതരമാകുകയായിരുന്നു.

വേലായുധന്‍-താത്ത ദമ്പതികളുടെ മകനായി 1959ല്‍ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ.വി. വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍ എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.

സി.പി.എം സിറ്റി ബ്രാഞ്ച് മെമ്പറായി പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം തെനാരി ക്ഷീരോത്പാദകസംഘത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. സി.പി.എം ചിറ്റൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. 1990ല്‍ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലില്‍ കിടന്നിരുന്നു.

28 ം വയസ്സില്‍ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിജയദാസിന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1996ല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2011ലാണ് കോങ്ങാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയദാസ് ആദ്യമായി നിയമസഭയിലേക്ക് ജയിക്കുന്നത്. 2016ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പന്തളം സുധാകരനെ 13000ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം . പ്രേമകുമാരിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

 

Latest News