Sorry, you need to enable JavaScript to visit this website.

പുതുചരിത്രം രചിക്കുന്ന കർഷക മുന്നേറ്റം


കഴിഞ്ഞ നവംബർ 26 മുതൽ പതിനായിരക്കണക്കിന് കർഷകരാണ് രാജ്യ തലസ്ഥാനത്തേക്ക് ഒഴുകുന്നതും ദൽഹിയുടെ അതിരുകളിൽ തമ്പടിച്ചിരിക്കുന്നതും. രാജ്യത്തെ കാർഷിക വൃദ്ധിക്കു തന്നെ തിരിച്ചടിയാകുന്ന കരിനിയമങ്ങൾ പിൻവലിക്കണമെന്ന് അവർ കേന്ദ്ര സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നു. പ്രക്ഷോഭത്തിൽ അണിചേരുന്ന കർഷകരുടെ സംഖ്യ അനുദിനം പെരുകുകയുമാണ്. കോർപറേറ്റ് മാധ്യമങ്ങളിലൂടെയുള്ള കേന്ദ്ര സർക്കാരിന്റെ വിഷലിപ്തമായ പ്രചാരണങ്ങളോ അതിശൈത്യമോ കർഷകരുടെ മനോവീര്യം കുറയ്ക്കുന്നില്ല. ആർ.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരും പരിവാറും ഖലിസ്ഥാൻ വാദികളെന്നും നഗര നക്‌സലുകളെന്നും വിളിച്ച് കർഷകരെ അപമാനിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ ആരും സർക്കാരിന്റെ പ്രചാരണങ്ങളെ പരിഗണിക്കുന്നില്ല. രാജ്യത്തിന്റെ ഹൃദയ ഐക്യം അനുനിമിഷം കർഷകർക്ക് ബോധ്യപ്പെടുന്നു.


കരിനിയമങ്ങൾ പിൻവലിക്കണമെന്ന യഥാർത്ഥ്യം അംഗീകരിക്കാൻ ഭരണകൂടം തയാറാകുന്നുമില്ല. ചർച്ചകളിൽ സമവായത്തിനായി ഒരു സമിതി രൂപീകരിക്കാമെന്ന ആശയം അവർ മുന്നോട്ടു വെച്ചു. സമിതി രൂപീകരണത്തിന്റെ ഏക ലക്ഷ്യം ഭരണകൂടത്തിന്റെ താൽപര്യ സംരക്ഷണം മാത്രമായിരുന്നു. സ്വാഭാവികമായി കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി അത് അംഗീകരിച്ചില്ല. ഈ ഘട്ടത്തിലാണ് പരമോന്നത കോടതി മുമ്പാകെ പ്രശ്‌നം എത്തുന്നത്. അറ്റോർണി ജനറലും സംഘവും ഖലിസ്ഥാൻ കഥയുൾപ്പെടെ എല്ലാവിധ ആരോപണങ്ങളുടെയും കെട്ടഴിച്ചു. വാദം കേട്ട ആദ്യനാൾ ചീഫ് ജസ്റ്റിസ് അടങ്ങുന്ന സംഘം കർഷക പ്രക്ഷോഭം കൈകാര്യം ചെയ്യുന്ന സർക്കാർ രീതിയെ രൂക്ഷമായി വിമർശിച്ചു. സുപ്രീം കോടതി ഇക്കാര്യത്തിൽ സർക്കാരിന് കനത്ത പ്രഹരം നൽകാൻ പോകുന്നുവെന്ന് മാധ്യമങ്ങളും ജനങ്ങളും കരുതി. എന്നാൽ കോടതിവിധിയുടെ പൊള്ളത്തരം ബോധ്യപ്പെട്ടു. എല്ലാ പൂച്ചും പുറത്തായി. കോടതിയുടെ വരവ് സർക്കാരിനെ സംരക്ഷിക്കാനായിരുന്നു. നിയമം സ്റ്റേ ചെയ്ത കോടതി ചർച്ചകൾക്കും പ്രശ്‌നപരിഹാര നിർദേശങ്ങൾക്കുമായി നാലംഗ സമിതിയെ നിയോഗിച്ചു.
രാജ്യത്തെ നിയമ വ്യവസ്ഥ മാറ്റത്തിന്റെ വഴിയിലാണ്. ജനാധിപത്യ വ്യവസ്ഥയിലെ മൂന്നു സ്തംഭങ്ങളുടെയും ലക്ഷ്യം ഭരണഘടനാ ശിൽപികൾ കൃത്യമായി നിർവചിച്ചിട്ടുമുണ്ട്. നിയമ നിർമാണ സംവിധാനങ്ങളും ഭരണ നിർവഹണ സമിതികളും നിയമ വ്യവസ്ഥയും തമ്മിലുള്ള അതിർവരമ്പുകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഫാസിസ്റ്റ് ആശയങ്ങൾ നയിക്കുന്ന രാജ്യത്തെ ഭരണകൂടമാകട്ടെ, നിയമ നിർമാണ സംവിധാനങ്ങളിലും നിയമ വ്യവസ്ഥയിലും കടന്നുകയറി അധികാരം പ്രയോഗിക്കാൻ മടിക്കുന്നുമില്ല.


കാർഷിക നിയമങ്ങൾ പാസാക്കിയെടുത്ത രീതി നിയമ നിർമാണ ശക്തികളുടെ നിയമ വ്യവസ്ഥിതിയിലേക്കുള്ള കടന്നുകയറ്റം വ്യക്തമാക്കുകയും ചെയ്യുന്നു. വർത്തമാന നിയമ വ്യവസ്ഥയാകട്ടെ, ഭരണകൂട അധികാരത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ തയാറുമാണ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളിലാകട്ടെ, അയോധ്യാ വിഷയത്തിലാകട്ടെ, ഇത് വ്യക്തമാണ്. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള വിധി ഇക്കാര്യം വിളിച്ചറിയിച്ചിരിക്കുന്നു.
രൂക്ഷ വിമർശനത്തെയും കടുത്ത ഭാഷയെയും കാർഷിക നിയമം സ്റ്റേ ചെയ്തുകൊണ്ടുള്ള വിധിയെയും തുടർന്ന് സമിതി രൂപീകരിച്ചപ്പോൾ അംഗങ്ങളുടെ കാര്യത്തിൽ കോടതിക്ക് നിർബന്ധമുണ്ടായിരുന്നതുപോലെ കാർഷിക കരിനിയമത്തിന്റെ കടുത്ത വക്താക്കൾ മാത്രം അംഗങ്ങളായി.


അവർ ഓരോരുത്തരും അവരുടേതായ രീതിയിൽ കുത്തകവൽക്കരണത്തിനും കരാർ കൃഷിക്കുമായി നിലകൊള്ളുന്നവരായിരുന്നു. അവരുടെ പഠനങ്ങളിൽ അരികുവൽക്കരിക്കപ്പെട്ട കർഷകരും പാവങ്ങളുമുണ്ടായിരുന്നില്ല. രാജ്യത്തെ കർഷകരിൽ 86 ശതമാനവും അഞ്ചേക്കറിൽ താഴെ ഭൂമി കൈയാളുന്നവരാണെന്ന് അവർ മറന്നിരുന്നു. ഇത്തരക്കാരെക്കൊണ്ടുള്ള സമിതിക്കു പിന്നിലെ വിജ്ഞാനം സുപ്രീം കോടതിക്കു മാത്രമേ വിശദീകരിക്കാനാകൂ. ഇത്തരം സമിതി നടത്തുന്ന ചർച്ചയുടെ തുടർഫലം ആർക്കും ഊഹിക്കാനുമാകുമല്ലോ.
യാഥാർത്ഥ്യ ബോധത്തിലും തികഞ്ഞ പാകതയിലും കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി നിയമം സ്റ്റേ ചെയ്ത നടപടി സ്വാഗതം ചെയ്തു. അതേ സമയം രൂപീകരിക്കപ്പെട്ട ഏകപക്ഷീയ സമിതിയോട് സഹകരിക്കില്ലെന്നും വ്യക്തമാക്കി. സമിതി രൂപീകരണം കർഷക സംഘടനകളുമായി നടത്തിയ ചർച്ചകളിൽ കർഷകർ ആവർത്തിച്ച് നിരാകരിച്ചതുമാണ്. ഇതേ ആശയം തന്നെ അസ്വീകാര്യമായ ഘടനയിൽ കോടതി അവതരിപ്പിക്കുമ്പോൾ കർഷകർക്ക് എങ്ങനെ അംഗീകരിക്കാനാകും. നിയമ വ്യവസ്ഥ ഭരണകൂട താൽപര്യ സംരക്ഷകരുടെ ഇഛക്കനുസൃതം നടക്കേണ്ടവരല്ല.


സ്വതന്ത്ര ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ കർഷക പ്രക്ഷോഭം പുതുചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. സകല പ്രതിസന്ധികളെയും പ്രകോപനങ്ങളെയും മറികടന്ന് രാജ്യ തലസ്ഥാനത്തിന്റെ അരികുകളിൽ സമാധാനത്തിലും അച്ചടക്ക പൂർണമായും അവർ പോരാട്ടം തുടരുന്നു. കോൺക്രീറ്റ് ബാരിക്കേഡുകളും മുള്ളുകൾ ചേർത്ത ഇരുമ്പു വേലികളും കരുത്തേറിയ ജലപീരങ്കികളും ഇരുമ്പു ദണ്ഡുകളും ലാത്തികളും തുടങ്ങി സമരക്കാരെ തുരത്താൻ ഭരണകൂടം പ്രയോഗിച്ചു. സമരോത്സുകവും അച്ചടക്കമേറിയതുമായ ജനകീയ പ്രതിഷേധത്തിന്റെ പുതുസംസ്‌കാരമാണ് കർഷകർ വെളിപ്പെടുത്തുന്നത്. അവർ പ്രകടമാക്കിയ പോരാട്ട വഴികൾ ട്രാക്ടർ റാലികൾ ഉൾപ്പെടെ നാടിന് പുതുമയേറിയതായിരുന്നു. 
ജനുവരി 26 ന് കർഷകർ അവരുടെ പരേഡിന് ആഹ്വാനം ചെയ്തിരിക്കുന്നു. പട്ടാള ടാങ്കുകളിലല്ല, ട്രാക്ടറിലാണ് കർഷകരുടെ പരേഡ്. സമാധാനപൂർണവും അച്ചടക്കം നിറഞ്ഞതുമാണീ പരേഡ്. കിഴക്കു മുതൽ പടിഞ്ഞാറു വരെയും തെക്കു മുതൽ വടക്കു വരെയും സകലർക്കും രാജ്യത്തിന് ഒട്ടാകെയും ഇത് പുതിയ അനുഭവമാണ്. യുവതീ യുവാക്കളും വനിതകളും ഈ പോരാട്ടത്തിനൊപ്പം അണിചേരാൻ ദൽഹിയിലേക്ക് ഒഴുകുകയാണ്. 


കർഷക പോരാട്ടം നാടിന്റെ പോരാട്ടമായിരിക്കുന്നു. സമരം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വ്യഗ്രത ഭരണകൂടം മനസ്സിലാക്കണം. രാജ്യത്തിനെതിരായ കർഷക വിരുദ്ധമായ നിയമം പിൻവലിക്കണം. ജനുവരി 29 ന് ബജറ്റ് സമ്മേളനം ആരംഭിക്കുകയാണ്. ജനാധിപത്യ ക്രമത്തിൽ പാർലമെന്റ് ജനങ്ങളുടെ താൽപര്യം സംരക്ഷിക്കേണ്ടവരാണ്. അന്നദാതാക്കൾ, രാജ്യത്തെ ഊട്ടുന്നവർ, അവർക്ക് ഉയർന്ന പരിഗണന നൽകേണ്ടതുണ്ട്. അവർ മാസങ്ങളായി തെരുവിൽ കഴിയുമ്പോൾ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ കടന്നുപോകാനാവില്ല. രാജ്യത്ത് സംജാതമായ മുമ്പില്ലാത്തതും സവിശേഷവുമായ സാഹചര്യത്തെ മറികടക്കാൻ സാഹചര്യത്തിനൊത്ത് ഭരണകൂടം ഉയരുകയും കരിനിയമങ്ങളും കർഷക വിരുദ്ധ ബില്ലുകളും പിൻവലിക്കാനുള്ള ഭരണഘടനാപരവും പാർലമെന്റ് തലത്തിലുമുള്ള നടപടികൾ പൂർത്തീകരിക്കുകയുമാണ് വേണ്ടത്.  

Latest News