Sorry, you need to enable JavaScript to visit this website.

വികസനത്തിന്റെ ജാതിമാതൃകകൾ

ഡെക്കാൻ ഹെറാൾഡ് എന്ന ബംഗളൂരു പത്രത്തിൽ ശങ്കരനാരായണൻ എന്നു ഞാൻ വിളിക്കുന്ന എ.വി.എസ്. നമ്പൂതിരി കഴിഞ്ഞയാഴ്ച എഴുതിയ മുഖപ്രസംഗം ശ്രദ്ധേയമായി, വിഷയം കൊണ്ടും വാദം കൊണ്ടും. വിഷയം ബ്രാഹ്മണ വികസനം. വാദം അതു വേണ്ടെന്നും. 
കാലത്തോളം പഴക്കമുള്ള ആ വിഷയത്തിലേക്ക് ശങ്കരനാരായണനെ തള്ളിവിട്ടത് കർണാടക സർക്കാരിന്റെ പുതിയൊരു പൊടിക്കൈ ആണ്.  പാവപ്പെട്ട ബ്രാഹ്മണ സ്ത്രീകൾക്ക് വേളി കഴിക്കാൻ സർക്കാർ 25000 രൂപ വീതം കൊടുക്കും. വരൻ പൂജാരിയാണെങ്കിൽ കന്യാശുൽക്കം (ആ പ്രാചീന പ്രയോഗം സർക്കാരിന്റെയല്ല) മൂന്നു ലക്ഷം ആയിരിക്കും. പുതുതായി രൂപീകരിച്ച ബ്രാഹ്മണ വികസന കോർപറേഷൻ ആകും അതൊക്കെ നടപ്പാക്കുക.


ഭരണഘടനക്കും സദ്ഭരണത്തിന്റെ പ്രമാണങ്ങൾക്കും എതിരാണ് ഈ നീക്കം എന്നാണ് ഒരു വാദം. സമുദായങ്ങൾ തമ്മിലുള്ള അകലം കൂട്ടാനേ അത് ഉപകരിക്കുകയുള്ളൂ.  അതുകൊണ്ട് ബ്രാഹ്മണന്റെ പേരിൽ എന്നു മാത്രമല്ല, ഒരു ജാതിയുടെയും സവിശേഷമായ ഉന്നമനത്തിനു വേണ്ടി ഒരു പ്രത്യേക പദ്ധതിയും സർക്കാർ നടപ്പാക്കിക്കൂടാ.  
ശുദ്ധഗതിയോടെ സാമൂഹ്യ നിരീക്ഷകർ മുന്നോട്ടു വെക്കുന്ന  ആ സാമ്പ്രദായികത്വം ഒറ്റയടിക്ക് വാദികളെ അത്യന്ത ദുർബലമായ ന്യൂനപക്ഷമാക്കുന്നു.  ഉയർത്താൻ ശബ്ദമുള്ള സമുദായങ്ങൾക്കെല്ലാം പ്രത്യേകം പദ്ധതികൾ ഉണ്ടായാൽ എല്ലാവർക്കും കുശാലായി.  


ബ്രാഹ്മണർക്കോ അതുപോലുള്ള മറ്റുള്ളവർക്കോ വികസന പരിപാടി ഉണ്ടെങ്കിൽ ഉണ്ടാകട്ടെ എന്നാകാം മിക്കവരുടെയും അസൂയ കലരാത്ത നയം.  അസൂയ കലർന്ന ആക്ഷേപം മുസ്‌ലിം ലീഗും എസ്.എൻ.ഡി.പി തുടങ്ങിയ സംഘടനകളും കേരളത്തിലെ മുന്നോക്ക വികസന സം രംഭത്തിനെതിരെ, ഉദാസീനമായാണെങ്കിലും ഉയർത്തിയിട്ടുണ്ട്. പൊതുവെ ജാതി തിരിച്ചുള്ള വികസന പരിപാടികൾ വേണമെന്നാണ് എല്ലാവരുടെയും ആലോചന ഇല്ലാതെയുള്ള വാദവും ആവശ്യവും. 
ഡെക്കാൻ ഹെറാൾഡിലെ മുഖപ്രസംഗം വന്ന വഴിയേ എതിർപ്പും വന്നു.  ബ്രാഹ്മണ വികസനത്തെ എതിർക്കുന്നത് സമുദായ തിമിരം ബാധിച്ചവരാണെന്നത്രേ അവരുടെ വാശി.  മൂന്നു ശതമാനം മാത്രമുള്ള ബ്രാഹ്മണർ തീർത്തും അവഗണിക്കപ്പെട്ടിരുക്കുന്നുവെന്നാണ് അവരുടെ ആവലാതി. രാഷ്ട്രീയാധികാരം തേടാനും നേടാനും വേണ്ട അംഗബലം ഒരു കാലത്ത് ഭൂദേവനും ഗുരുദേവനും ഒക്കെ ആയിരുന്നവർക്ക് ഇല്ലാതെ പോകുന്ന സാഹചര്യത്തിൽ അവർക്കും വേണം പ്രത്യേക സംവിധാനം എന്നാണ് അവരുടെ വിശദീകരണം.  എണ്ണിയാൽ തീരാത്ത ജാതികൾക്കെല്ലാം സവിശേഷ വികസന സ്ഥാപനങ്ങളുണ്ടായാൽ എതിർക്കാൻ പ്രാപ്തിയുള്ളവർ ഇല്ലാതാകും. സംവരണത്തിന് പരിധി വേണം എന്ന് സുപ്രീം കോടതി മുമ്പൊരിക്കൽ അഭിപ്രായപ്പെട്ടത് അക്കാര്യം മനസ്സിൽ വെച്ചുകൊണ്ടായിരുന്നു.  


ഭരണഘടന പോലുള്ള ഗഹനമായ കാര്യങ്ങളും അവക്ക് വിവിധ സമുദായ ഖണ്ഡങ്ങളുമായുള്ള ബന്ധവും ഞാൻ ചർച്ചക്ക് വിഷയമാക്കിയിട്ടില്ല. നിയമജ്ഞരും ഭരണഘടനാ വിദഗ്ധരും ആ വിവാദത്തിൽ വിധി പറയും. അങ്ങനെ സംശയ രഹിതമായ വിധി വരും വരെ ബ്രാഹ്മണ വികസനവുമായി സർക്കാർ മുന്നോട്ടു പോകും. പല നിരക്കിൽ കന്യാശുൽക്കം കൊടുക്കാനുള്ള ഏർപ്പാടുമായി ബ്രാഹ്മണ വികസന കോർപറേഷനും നടപടിയെടുക്കും. കന്യാശുൽക്കത്തെയും അന്നദാനത്തെയും ഇടതട്ടിച്ചുകൊണ്ടുള്ള ഒരു ശ്ലോകം ഏതോ ഒരു അമ്പലച്ചുമരിൽ വരച്ചുവെച്ചത് കണ്ടതോർക്കുന്നു. ബ്രാഹ്മണ വികസനത്തിൽ കർണാടക സർക്കാർ കന്യാശുൽക്കത്തിനു മുൻഗണന നൽകിയത് യാദൃഛികമല്ല.
അപ്പോൾ എന്താണ് ബ്രാഹ്മണ വികസനം? എന്നെ അലട്ടുന്ന ആ ലളിത ചോദ്യത്തിന്റെ അനുബന്ധമായി പിന്നെയും പിന്നെയും ചോദ്യങ്ങൾ ഉയരാം. എന്താണ് ഗിരിവർഗ വികസനം? എന്താണ് ഹരിജന വികസനം? പിന്നെ എത്രയോ കൂട്ടരുണ്ടല്ലോ സർക്കാർ വികസനത്തിന്റെ മാധ്യമവും ഗുണഭോക്താവുമായിട്ട്, വികസനത്തിലൂടെ അവരൊക്കെ എന്തായിത്തീരും അല്ലെങ്കിൽ എന്താവില്ല? ബ്രാഹ്മണ വികസനം സംഭവിക്കുമ്പോൾ ബ്രാഹ്മണന്റെ അകവും മുഖവും മാറുമോ? അൽപം ക്ലിഷ്ടത അനുവദിക്കുമെങ്കിൽ ഇങ്ങനെയും ചോദിക്കാം: അബ്രാഹ്മണീകരണമാണോ ബ്രാഹ്മണ വികസനം?


അല്ലെന്ന് ഉറക്കെ പറയും മുമ്പ് കേരളപ്പഴമ ലഘുവായൊന്നു പരിശോധിക്കാം. അറുപത്തിനാലു ബ്രാഹ്മണർക്ക് മഴുവേന്തിയ രാമൻ വീതിച്ചുകൊടുത്ത കരയാണ് കേരളം എന്ന ചരിത്രം അബ്രാഹ്മണർ അപ്പാടേ സ്വീകരിക്കുന്നതല്ല. ബ്രാഹ്മണരല്ലാത്തവരെ ഒരു തരത്തിൽ അന്യവൽക്കരിക്കുന്നതാണ് ആ സിദ്ധാന്തം. 
ഭൂദേവന്മാരുടെ ഉത്ഭവവും കുടിയായ്മയുടെ സംക്രമണവും അതിൽനിന്നു വായിച്ചെടുക്കാം. അതൊക്കെ നിലനിന്നിരുന്ന കാലത്ത് ശുദ്ധീകരണവും വികസനവും ആവശ്യപ്പെടുന്ന, പോരായ്മകൾ പലതുമുള്ള, തമ്പുരാൻ എന്നോ തിരുമേനിയെന്നോ സംബോധന അവകാശപ്പെട്ട, 'കീഴാളർ ആരാർക്കിഹ തമ്പുരാനാം' എന്ന അഭേദ ചിന്ത ഇനിയും പ്രസക്തമല്ലാതിരുന്ന സമൂഹക്രമം പുലർന്നുപോന്നു. അവിടെനിന്ന് വലിയൊരു കുതിച്ചുചാട്ടം ഉണ്ടായപ്പോഴേ നമ്പൂതിരിയെ മനുഷ്യനാക്കാൻ ഉണ്ണി നമ്പൂരിയും യോഗക്ഷേമ സഭയും മറ്റും പ്രവർത്തിക്കാൻ തുടങ്ങിയുള്ളൂ.
അതിനിടക്ക് 'ബ്രാഹ്മണ്യം' കൊണ്ടു 'കുന്തിച്ചു കുന്തിച്ചി'രിക്കുന്നവരെ പഴിക്കുന്ന അറിവിന്റെ പാട്ട് പാടിയ ഒരു നമ്പൂതിരിയുണ്ടായി. ഒറ്റക്കും തെറ്റക്കും അദ്ദേഹത്തിന്റേത് പോലത്തെ മൃദുവും ആത്മവിമർശനാത്മകവുമായ ശബ്ദം കേൾക്കാനായി. പിന്നെ സംഭവിച്ചത് ഭൂമിയുടെ ദേവന്റെ സ്ഥാനമാനങ്ങൾ തട്ടിപ്പറിക്കലായിരുന്നു. 
ചാത്തൻ ഉഴുതും ചക്കി കൊയ്തും വരുന്ന ധാന്യം അശിച്ച് ശീലിച്ചവർ യാഥാർഥ്യത്തിന്റെ രൗദ്രത കണ്ട് അത്ഭുതപ്പെട്ടു. ധ്യാനവും നേരമ്പോക്കും ജീവിതത്തിന്റെ ചെറിയൊരു ഭാഗമേ ആകുന്നുള്ളൂ എന്ന അറിവിന്റെ ഉദയമായിരുന്നു വാസ്തവത്തിൽ ബ്രാഹ്മണ വികസനത്തിന്റെ ആരംഭം.  


ബ്രാഹ്മണർ ശീലിക്കാത്ത ജോലി ചെയ്യാനും വിദ്യ അഭ്യസിക്കാനും അവരെ പ്രാപ്തരാക്കുകയാണ് വികസനം എങ്കിൽ ആർക്കും അതിൽ എതിർപ്പ് കാണുകയില്ല. വരുമാനത്തിന്റെ വഴി അശുദ്ധമാകരുതെന്നേയുള്ളൂ. :'വമ്പാർന്നനാചാരമണ്ഡലഛത്രരായ്' ചിലർ കഴിഞ്ഞിരുന്ന കാലം ഒടുങ്ങുമ്പോൾ കു്വറ മർദങ്ങളും സമ്മർദങ്ങളും ഉണ്ടാകാതെ വയ്യ. അതു വരുത്തിവെക്കുന്ന യാതനയും വേദനയും ലഘൂകരിക്കുകയാണ് വികസനത്തിന്റെ ലക്ഷ്യവും മാർഗവും. ഇതര സമുദായങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും അപകടപ്പെടുത്താതെ വികസന സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഭരണഘടന തടസ്സമാവുമെന്നു തോന്നുന്നില്ല.
വി.ടി. ഭട്ടതിരിപ്പാടും ഇ.എം.എസ് നമ്പൂതിരിപ്പാടും യോഗക്ഷേമം മുനിർത്തി നീങ്ങിയ പേരറിയാത്ത കുറെ ആളുകളും കൂടി തുടങ്ങിയതായിരുന്നു നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന  ബ്രാഹ്മണ വികസന പരിപാടി. 


ആചാരക്രമങ്ങളിലും വിവാഹ രീതികളിലും പിന്തുടർച്ചാവകാശങ്ങളിലും കാലോചിതമായ മാറ്റം വരുത്താനായിരുന്നു ഉദ്യമം. ശിലീഭൂതമായ ആചാരങ്ങളിലും അന്ധമായ വിശ്വാസങ്ങളിലും കുടുങ്ങിപ്പോയ ആ സമൂഹക്രമത്തിന്റെ രക്ഷയില്ലാത്ത ഇരയായിരുന്നു സ്ത്രീ. മറക്കുടക്കുള്ളിൽ അവർ മഹാനരകം അനുഭവിച്ചു. അതിൽനിന്നു മോചനത്തിനു വേണ്ടിയുള്ള സമരം വികസനമായിരുന്നു.
ആ വഴിക്കുള്ള ഓരോ അടിവെപ്പും ഓരോരോ സമുദായത്തിന്റെ സ്വത്വവും അടിസ്ഥാനവും നിർണയിക്കുന്ന ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രമാണങ്ങൾക്കും എതിരെയുള്ള ആക്രമണമായിരിക്കും.  അത്രത്തോളം ആ നീക്കം ഓരോരോ സമുദായത്തിന്റെയും ഭാവഹാവങ്ങളെ മാറ്റിമറിക്കും, മറിക്കണം.  എന്നാലേ സമൂഹ ജീവിതം നീതിപൂർവകമാക്കുന്ന പ്രക്രിയ സാർഥകമാകൂ. ആ അർഥത്തിൽ ഗിരിജനങ്ങളുടെ വികസനം അവരെ ഗിരിവാസികൾ അല്ലാതാക്കും, ഹരിജന വികസനം നിലവിൽ അവർക്കില്ലാത്ത സ്ഥാനവും സ്വഭാവവും ഉണ്ടാക്കും, ബ്രാഹ്മണ വികസനം ഒരു തരം അബ്രാഹ്മണീകരണത്തിന് വഴി തുറക്കുകയും ചെയ്യും. ജാതിചിന്ത അവസാനിപ്പിക്കാൻ വേണ്ടതും അതാണല്ലോ.
ഈ ജാതി വലിയൊരു ക്രൂരമായ ഫലിതം തന്നെ. പരസ്യമായി ജാതി ചിന്തയെ അനുകൂലിക്കുന്നവർ ഉണ്ടാവില്ല, പക്ഷേ മിക്കവരുടെയും സ്വത്വ നിർവചനത്തിൽ ജാതി കടന്നു വരുന്നു. 'ജാതി ചോദിക്കുന്നില്ല ഞാൻ സോദരി' എന്ന് ആനന്ദനെക്കൊണ്ടു പറയിക്കുന്ന ആശാൻ 'ഒരു തീയക്കുട്ടിയുടെ വിചാര'വും പങ്കു വെക്കുന്നു. ആ ചിന്ത അവസാനിച്ചാലേ വികസനം സഫലമാകൂ. 

Latest News