ന്യൂദൽഹി- കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പരിഗണന നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ. ദൽഹിയിൽ ഹൈക്കമാന്റുമായി ചർച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നേതാക്കൾ. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജനവിശ്വാസം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. ജനങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കുമെന്നും ഇതുവരെ കാണാത്ത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകും. നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യോജിച്ച പ്രവർത്തനം നടത്തിയാൽ യു.ഡി.എഫിന് വൻവിജയം നേടാനാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാർത്ഥി നിർണയം യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.






