മലബാറിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ ഗോകുലം ഗലേറിയ മാളിന്റെ പ്രവർത്തനം കോഴിക്കോട് അരയിടത്തുപാലത്തിനടുത്ത് തുടങ്ങി. ആറു നിലകളിലായി 4,50,000 സ്‌ക്വയർ ഫീറ്റിലാണ് ഗോകുലം ഗലേറിയ മാൾ പണി പൂർത്തിയായിരിക്കുന്നത്. രണ്ട് നിലകളിലായി 600 കാറുകളും 400 ലേറെ ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യവും മാളിലുണ്ട്. ദേശീയ, അന്തർദേശീയ ബ്രാൻഡുകൾ ഗോകുലം മാളിന്റെ ഭാഗമായി കഴിഞ്ഞതായും ചെയർമാൻ ഗോകുലം ഗോപാലൻ അറിയിച്ചു. അഞ്ച് സ്‌ക്രീനുകളിലായി സിനിപോളീസ് മൾട്ടിപ്ലക്‌സ് തിയേറ്റർ, 30,000 സ്‌ക്വയർ ഫീറ്റോടു കൂടിയ ഫുഡ് കാർട്ട്, നെസ്‌റ്റോ സൂപ്പർ മാർക്കറ്റ് എന്നിവയും മാളിന്റെ സവിശേഷതയാണ്. മാളിന്റെ സോഫ്റ്റ് ലോഞ്ചിങ് മാത്രമാണ് നിലവിൽ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരോ ബ്രാൻഡുകളും ഘട്ടം ഘട്ടമായി തുറന്ന് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഗൾഫ് നാടുകളിലടക്കം പ്രശസ്തമായ നെസ്‌റ്റോ ഹൈപ്പർ മാർക്കറ്റ്, വെസ്റ്റ് ലാൻഡ് ഔട്ട്‌ലറ്റ് എന്നിവയാണ് ആദ്യം പ്രവർത്തനം ആരംഭിക്കുക. ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് വൈസ് ചെയർമാൻ ബൈജു ഗോപാലൻ, ഓപറേഷൻ ഡയറക്ടർ വി.സി പ്രവീൺ, ആർക്കിറ്റെക്ട് എ.കെ പ്രശാന്ത്, ഗോകുലം ഡി.ജി.എം ബൈജു, മാൾ സി.ഇ.ഒ ബൈജു സുഹാസ് എന്നിവരാണ് മാളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.






