ന്യൂദല്‍ഹി- ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,788 പുതിയ കോവിഡ് 19 കേസുകളും 145 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആഴ്ച തോറും ദിവസംതോറുമുള്ള കണക്കുകളില്‍ കോവിഡ് ബാധ കുറയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
പുതിയ കേസുകളോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധ 1,05,71,773 ലെത്തി. ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം 2,08,012 ആയി കുറഞ്ഞതായും ആരോഗ്യമന്ത്രാലയം പറഞ്ഞു. 145 മരണങ്ങള്‍ കൂടി സ്ഥരീകരിച്ചതോടെ മരണസംഖ്യ 1,52,419 ആയി ഉയര്‍ന്നു.
ജനുവരി 17 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്ത് 1,07,701 പുതിയ കോവിഡ് 19 കേസുകളാണ് രേഖപ്പെടുത്തിയത്. മുന്‍ ആഴ്ചയില്‍ നിന്ന് 14.73 ശതമാനം കുറഞ്ഞു. കഴിഞ്ഞയാഴ്ച മരണങ്ങള്‍ 1,275 ആയിരുന്നു, ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം തൊട്ടുമുമ്പത്തെ ആഴ്ച 1,564 പേരാണ് മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 10 ദിവസമായി പ്രതിദിന കോവിഡ് നിരക്ക് 20,000 ല്‍ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് 19 നെതിരെ ഇതുവരെ 2.24 ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നടത്തിയതായി നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. വാക്‌സിനേഷന്റെ രണ്ടാം ദിവസമായ ഞായറാഴ്ച ആറ് സംസ്ഥാനങ്ങളിലായി 17,000 ലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മണിപ്പൂര്‍, തമിഴ്‌നാട് എന്നിവയാണ് ഞായറാഴ്ചയും വാക്‌സിനേഷന്‍ നടത്തിയ ആറ് സംസ്ഥാനങ്ങള്‍.