മുംബൈ- അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൽനിന്നു കണ്ടുകെട്ടിയ മുംബൈയിലെ റസ്റ്റോറന്റ് ഉൾപ്പെടെ മൂന്നു വസ്തുവകകൾ സൈഫി ബുർഹാനി അപ്ലിഫ്റ്റ്മെന്റ് ട്രസ്റ്റ് (എസ്.ബി.യു.ടി) ലേലത്തിൽ വാങ്ങി. കേന്ദ്ര ധനമന്ത്രാലയമാണ് ലേലം ചെയ്തത്. 11.5 കോടി രൂപയോടടുത്താണു ലേലത്തുക. ബോറ സമുദായത്തിന്റേതാണ് സൈഫി ട്രസ്റ്റ്.
വസ്തുവകകൾ മുൻപു മൂന്നു വട്ടം ലേലത്തിനു വെച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയില്ല. ഇക്കുറി അടിസ്ഥാന വില കുറച്ചാണു ലേലം. രണ്ടു വർഷം മുൻപു മലയാളി മാധ്യമ പ്രവർത്തകൻ എസ്. ബാലകൃഷ്ണൻ 4.28 കോടി രൂപക്കു റസ്റ്റോറന്റ് ലേലത്തിൽ വാങ്ങിയെങ്കിലും നിശ്ചിത സമയത്തിനകം പണം അടയ്ക്കാനാകാതെ വന്നതിനാൽ ഇടപാട് അസാധുവായിരുന്നു. ഇക്കുറി ഇതിന് 1.18 കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.