റിയാദ് - അറബ് ലോകത്ത് കരുതൽ സ്വർണ ശേഖരം ഏറ്റവും കൂടുതൽ സൗദിയിലാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ. സൗദിയിൽ 323.1 ടൺ കരുതൽ സ്വർണ ശേഖരമാണുള്ളത്. ആഗോള തലത്തിൽ കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണ് സൗദി. ബ്രിട്ടൻ, സ്‌പെയിൻ എന്നീ രാജ്യങ്ങൾക്കു മുന്നിലാണ് സൗദി അറേബ്യ. ബ്രിട്ടനിൽ 310.3 ടണ്ണും സ്‌പെയിനിൽ 281.6 ടണ്ണും സ്വർണ ശേഖങ്ങളാണുള്ളത്. ബ്രിട്ടൻ 19 - ാം സ്ഥാനത്തും സ്‌പെയിൻ 21 - ാം സ്ഥാനത്തുമാണ്.
ലോകത്തെ 100 കേന്ദ്ര ബാങ്കുകളുടെ പക്കൽ ആകെ 35,190 ടൺ കരുതൽ സ്വർണ ശേഖരമുണ്ട്. ഏറ്റവുമധികം കരുതൽ സ്വർണ ശേഖരമുള്ളത് അമേരിക്കയിലാണ്. 8,133 ടൺ. അമേരിക്കയുടെ കരുതൽ ധനത്തിന്റെ 78 ശതമാനവും സ്വർണമാണ്. രണ്ടാം സ്ഥാനത്തുള്ള ജർമനയിൽ 3,362 ടൺ ശേഖരമുണ്ട്. ജർമനിയിലെ ആകെ കരുതൽ ധനശേഖരത്തിന്റെ 75.2 ശതമാനവും സ്വർണമാണ്. മൂന്നാം സ്ഥാനത്ത് അന്താരാഷ്ട്ര നാണയ നിധിയാണ്. ഐ.എം.എഫിന്റെ പക്കൽ 2,814 ടൺ സ്വർണ ശേഖരമുണ്ട്.
കഴിഞ്ഞ നാലു വർഷമായി സൗദിയുടെ കരുതൽ സ്വർണ ശേഖരം കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ലോകത്തെ ആകെ കരുതൽ സ്വർണ ശേഖരത്തിന്റെ 1.3 ശതമാനം സൗദിയിലാണ്. അറബ് ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള രണ്ടാമത്തെ രാജ്യം ലെബനോൻ ആണ്. ലെബനോനിൽ 286.8 ടൺ സ്വർണ ശേഖരമുണ്ട്. മൂന്നാം സ്ഥാനത്തുള്ള അൾജീരിയയിൽ 173.6 ഉം നാലാം സ്ഥാനത്തുള്ള ലിബിയയിൽ 116.6 ഉം അഞ്ചാം സ്ഥാനത്തുള്ള ഇറാഖിൽ 96.3 ഉം ആറാം സ്ഥാനത്തുള്ള ഈജിപ്തിൽ 79 ഉം ടണ്ണും വീതം കരുതൽ സ്വർണ ശേഖരമുണ്ട്.
ആഗോള തലത്തിൽ കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2019 ൽ സൗദി 15- ാം സ്ഥാനത്തും 2018 ൽ 18- ാം സ്ഥാനത്തും 2017 ൽ 16- ാം സ്ഥാനത്തുമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കരുതൽ സ്വർണ ശേഖരമുള്ള ഇരുപതു രാജ്യങ്ങളുടെ കൂട്ടത്തിൽ അറബ് ലോകത്തു നിന്ന് സൗദി അറേബ്യയും ലെബനോനും മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. അഞ്ചു വർഷത്തിനിടെ സൗദി അറേബ്യ സ്വർണ ഉൽപാദനം 143 ശതമാനം തോതിൽ ഉയർത്തിയിട്ടുണ്ട്. 2019 ൽ 12,350 കിലോ സ്വർണമാണ് സൗദി അറേബ്യ ഉൽപാദിപ്പിച്ചത്. 2015 ൽ ഇത് 5,090 കിലോ മാത്രമായിരുന്നു.