Sorry, you need to enable JavaScript to visit this website.

ധീരസൈനികർക്ക് ബിഗ് സല്യൂട്ട്; ഇന്ത്യൻ കോൺസുലേറ്റിൽ ആർമി ദിനമാചരിച്ചു

ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാന് സ്മരണഞ്ജലി

ജിദ്ദ- ഇന്ത്യ-പാക് യുദ്ധത്തിൽ വീരചരമം പ്രാപിച്ച ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാന്റെ മരിക്കാത്ത ഓർമകൾക്ക് മുമ്പിൽ അശ്രുപുഷ്മർപ്പിച്ച് ഇന്ത്യൻ സമൂഹം കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ആർമി ദിനമാചരിച്ചു. മതേതര ഇന്ത്യയുടെ പ്രതീകമെന്ന് വാഴ്ത്തപ്പെട്ട ധീരദേശാഭിമാനിയായിരുന്നു ജമ്മു കശ്മീർ അതിർത്തിയിലെ നൗഷേരാ യുദ്ധഭൂമിയിൽ മുപ്പത്താറാം വയസ്സിൽ പാക് സൈനികരുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിത്വം വരിച്ച മുഹമ്മദ് ഉസ്മാനെന്നും 'നൗഷേരയിലെ സിംഹം' എന്ന പേരിന് അദ്ദേഹം അക്ഷരാർഥത്തിൽ അർഹനാണെന്നും വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംസാരിച്ച പഴയകാല സൈനിക ഓഫീസർമാർ അനുസ്മരിച്ചു. 
കാറ്റ്ഫിറ്റ് ടീമാണ് പാനലിസ്റ്റുകളെ നിർണയിച്ചത്. ഗ്ലോബൽ മേധാവി അർപ്പൺ ദീക്ഷിതായിരുന്നു അവതാരകൻ. പ്രതിരോധമേഖലയിലെ വിദഗ്ധൻ ബ്രിഗേഡിയർ അഞ്ജും ഷഹാബ്, കാർഗിൽ യുദ്ധമുഖത്തെ സൈനിക വിഗദ്ധൻ മേജർ ഡി.പി സംഗ്, തിയേറ്റർ രംഗത്ത് നിന്ന് സൈനിക വൃത്തിയിലേക്ക് വന്ന രാജ്യാന്തര ഡിഫൻസ് മോട്ടിവേറ്റർ മുഹമ്മദലി ഷാ, ഇന്ത്യൻ വ്യോമസേനാ ഓഫീസറായിരുന്ന സ്‌ക്വാഡ്രൺ ലീഡർ മീനാ അറോറ, കാർഗിൽ പോരാളി ക്യാപ്റ്റൻ യാഷികാ ത്യാഗി എന്നിവർ ഇന്ത്യൻ പ്രതിരോധരംഗത്തെ സർവീസനുഭവങ്ങൾ പങ്കിടുകയും പുതുതലമുറയിലുള്ളവരോട് സൈനികവൃത്തി സ്വീകരിക്കാനാവശ്യപ്പെടുകയും ചെയ്തു. അഭിനിവേശം, മനോഭാവം എന്നീ രണ്ട് ഗുണങ്ങളുള്ളവർക്ക് സൈനിക സേവനത്തിന് പ്രയാസം നേരിടില്ലെന്നും മുൻ സൈനികോദ്യോഗസ്ഥർ ഉപദേശിച്ചു. 
കോൺസുലേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ആക്ടിംഗ് കോൺസൽ ജനറൽ വൈ. സാബിർ മുഖ്യപ്രഭാഷണം നടത്തി. ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ സ്മാരക കഥാകഥന മൽസരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് അദ്ദേഹം സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി. ജൂനിയർ വിഭാഗത്തിൽ കെവിൻ ആദിത്യ, ധനുശ്രീ സുബ്രഹ്മണ്യൻ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. സെയ്ദാ ഉമാമ ഖാദിരി രണ്ടാം സ്ഥാനവും അശ്വിൻ കറുപ്പസ്വാമി, ഐശ്വര്യാ ജയശങ്കർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ റിമിടോമിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. മരിയാൽ അരൺഹ, സനാ ഫിറോസുദ്ദീൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹത നേടി. 
അസീം ഷീസാൻ അവതാരകനായിരുന്നു. മൊഹ്‌സിൻ ഷെരീഫിനായിരുന്നു സാങ്കേതിക നിർവഹണം. കെ.ടി.എ മുനീർ, ഫിറോസുദ്ദീൻ, ഫയാസുദ്ദീൻ, മുഹമ്മദ് സിറാജ്, ഇംറാൻ കൗസർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സക്കരിയാ ബിലാദി സ്വാഗതവും മുഹമ്മദ് ഹൈദർ നന്ദിയും പറഞ്ഞു. 

Tags

Latest News