Sorry, you need to enable JavaScript to visit this website.

തിരിച്ചുവരുന്നത് നാലു ലക്ഷം പ്രവാസികൾ,  കുടുംബശ്രീ സഹായിക്കണം -മുഖ്യമന്ത്രി 


തിരുവനന്തപുരം- ജോലി നഷ്ടപ്പെട്ട് നാലു ലക്ഷം പ്രവാസികളാണ് തിരിച്ചു വരുന്നതെന്നും ഇവരെ സഹായിക്കാനുള്ള പ്രവർത്തനം കൂടി കുടുംബശ്രീ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
ബജറ്റിൽ പ്രഖ്യാപിച്ച പൂർണ ദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ലോക്ഡൗണിനെ തുടർന്ന് ജനങ്ങൾ വലഞ്ഞപ്പോൾ അവർക്ക് വലിയ സഹായമായത് കുടുംബശ്രീ പ്രവർത്തകരാണ്. ആരും പട്ടിണി കിടക്കരുത് എന്ന പ്രഖ്യാപനം സമൂഹ അടുക്കളകൾ ആരംഭിച്ചുകൊണ്ട് മികച്ച രീതിയിൽ അവർ നടപ്പാക്കി. ഇത്തരത്തിലുള്ള മാതൃകാ പ്രവർത്തനങ്ങളിലൂടെ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ വളർന്നു. 


14 ജില്ലകളിലേയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികളുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നവകേരള നിർമിതിക്കുള്ള നാലു മിഷനുകൾക്കും കുടുംബശ്രീ വലിയ പിന്തുണയാണ് നൽകിയത്. അഗതിരഹിത കേരളം പദ്ധതി വിജയിപ്പിക്കുന്നതിനും കുടുംബശ്രീ അംഗങ്ങൾ വലിയ പങ്ക് വഹിച്ചു. കേരളം അവിടെ നിന്നും മുന്നോട്ടു പോകണം. അതുകൊണ്ടാണ് പൂർണ ദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യം ബജറ്റിൽ പ്രഖ്യാപിച്ചത്. 
കുടുംബശ്രീ അംഗങ്ങളായ 45 ലക്ഷം സ്ത്രീകളിലൂടെയാണ് സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങളുമായി കുടുംബശ്രീ അംഗങ്ങൾ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ അവർക്ക് അറിയാൻ കഴിയും. തൊഴിലെടുക്കാൻ ശേഷിയുണ്ടായിട്ടും തൊഴിലില്ലാതെ വീടുകളിൽ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. തൊഴിൽ പരിശീലനത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും അവർക്ക് തൊഴിലും വരുമാനവും ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റിൽ പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും കഴിയുന്ന സ്ത്രീകൾക്ക് ഏതു തരത്തിലുമുള്ള പരിശീലനമാണ്, പിന്തുണയാണ് വേണ്ടതെന്ന് കുടുംബശ്രീ പ്രവർത്തകർക്ക് മനസ്സിലാക്കാൻ കഴിയും. അതനുസരിച്ച് നൈപുണ്യ വികസന പദ്ധതികൾ ആവിഷ്‌കരിക്കാൻ സാധിക്കും. 


ഇടവേളയില്ലാത്ത പ്രതിസന്ധികളാണ് കഴിഞ്ഞ നാലു വർഷം കേരളം നേരിട്ടത്. ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കുടുംബശ്രീ സഹോദരിമാർ ഉണർന്നു പ്രവർത്തിച്ചു. മഹാപ്രളയ കാലത്ത് രണ്ടു ലക്ഷം വീടുകളാണ് കുടുംബശ്രീ അംഗങ്ങൾ വൃത്തിയാക്കിയത്. മാനസികമായി തകർന്ന 50,000 പേർക്ക് കൗൺസലിംഗ് നൽകി. ദുരിതത്തിലായവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു. കുടുംബശ്രീ പ്രവർത്തകർ അവരുടെ സമ്പാദ്യത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്തു. ഇതിനു പുറമെ നവകേരള ലോട്ടറിയിലൂടെ ഒമ്പത് കോടി രൂപ സമാഹരിച്ചു. 
2016-ൽ ഇന്നത്തെ സർക്കാർ അധികാരമേറ്റതു മുതൽ കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്. 2015-16 ൽ കുടുംബശ്രീക്ക് സർക്കാർ നൽകിയത് 75 കോടി രൂപയായിരുന്നു. ഇത് പടിപടിയായി വർധിപ്പിച്ചു. ഈ ബജറ്റിൽ വിവിധ പദ്ധതികളിലായി 1749 കോടി രൂപയാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. നാലര വർഷത്തിനിടയിൽ 2000 കോടി രൂപ വിവിധ ഇനങ്ങളിൽ കുടുംബശ്രീക്ക് സർക്കാർ നൽകിയിട്ടുണ്ട്. 


വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും സഹായിക്കാൻ സർക്കാർ ആവിഷ്‌കരിച്ച പരിപാടികൾ വിജയിപ്പിക്കുന്നതിന് കുടുംബശ്രീ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ആദ്യ നൂറുദിന പരിപാടിയിൽ സംരംഭങ്ങളിലൂടെ 50,000 പേർക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആവേശകരമായ പ്രതികരണമാണ് ഇതിനുണ്ടായത്. കുടുംബശ്രീയിലൂടെ മാത്രം 40,917 തൊഴിലാവസരങ്ങൾ സൃഷ്ടിച്ചു. കുടുംബശ്രീയുടെ നേതൃശേഷിയും സംഘടനാ പാടവവും ഉത്തരവാദിത്ത ബോധവുമാണ് ഇതിലൂടെ പ്രകടമായത്. 
നാലു വർഷം കൊണ്ട് 850 പഞ്ചായത്തുകളിൽ ഹരിത കർമസേന രൂപീകരിച്ച് മാലിന്യനിർമാർജനം നടത്തുകയാണ്. 25,000 കുടുംബശ്രീ അംഗങ്ങളാണ് ഇതിൽ പങ്കാളികളാകുന്നത്. ലൈഫ് മിഷനിലൂടെ 350 വീടുകളുടെ നിർമാണം കുടുംബശ്രീയുടെ നിർമാണ യൂണിറ്റ് പൂർത്തിയാക്കി. പ്രളയത്തെ തുടർന്ന് 2.02 ലക്ഷം കുടുംബങ്ങൾക്ക് കുടുംബശ്രീ വഴി 1794 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്തു. കോവിഡ് കാലത്ത് 1907 കോടി രൂപയാണ് കുടുംബശ്രീ വഴി വായ്പയായി നൽകിയത്. 


എല്ലാ വീടുകളിലും മത്സ്യം വളർത്താനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാവർത്തികമാകുമ്പോൾ കുടുംബങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. ഈ പദ്ധതിയിലും കുടുംബശ്രീക്ക് നല്ല പങ്കു വഹിക്കാൻ കഴിയും. ജാതി-മത ചിന്തകൾക്കും വലുപ്പ ചെറുപ്പത്തിനും അതീതമായ തുല്യതയുടെ ഇടങ്ങളാണ് കുടുംബശ്രീയുടെ അയൽക്കൂട്ടങ്ങൾ. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നാട് കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീക്ക് വലിയ പങ്കു വഹിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Latest News