ഗോദാവരിയെ കുട്ടനാടാക്കാൻ ആന്ധ്രാ പ്രദേശ് 

ഗോദാവരിക്ക് കുറുകെയുള്ള റെയിൽ - റോഡ് പാലം 
ഗോദാവരിക്ക് കുറുകെയുള്ള റെയിൽ - റോഡ് പാലം 

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് നമുക്ക് ഓഫർ ചെയ്യാനുള്ള മികച്ച അനുഭവമെന്തെന്ന് ചോദിച്ചാൽ ആദ്യ ഉത്തരം പ്രകൃതി ഭംഗി അനുഗ്രഹിച്ച കായലുകൾ എന്നായിരിക്കും. 
കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള ജലയാത്രയാണ് കേരളത്തിന്റെ ഏറ്റവും പ്രധാന ആകർഷണമെന്നാണ് വിഖ്യാത പത്രപ്രവർത്തകൻ കെ.എം റോയ് ഒരിക്കൽ അഭിപ്രായപ്പെട്ടത്.  കുമരകമായാലും കുട്ടനാടായാലും ആലപ്പുഴയായാലും സന്ദർശകരുടെ മുഖ്യ അജണ്ട കായൽ സഞ്ചാരമാണ്. മാർത്താണ്ഡം കായൽ ജനപ്രതിനിധികൾ നികത്തിയാലും ഇല്ലെങ്കിലും മധ്യ തിരുവിതാംകൂറിലെ പ്രത്യേക കാലാവസ്ഥയും ആഹാര രീതിയും അതിഥികളെ പ്രലോഭിപ്പിക്കുന്നതാണ്. കെട്ടുവള്ളത്തിൽ രാപ്പാർക്കാൻ പതിനായിരങ്ങൾ മുടക്കാൻ തയാറായാണ് ടൂറിസ്റ്റുകൾ എത്തിച്ചേരുന്നത്. ഹൗസ് ബോട്ടുകളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ കഥ പറഞ്ഞ അടുത്തിടെ പുറത്തിറങ്ങിയ  മലയാള സിനിമ സൂപ്പർ ഹിറ്റായിരുന്നു.  ഇതൊന്നുമല്ല കാര്യം. നമ്മുടെ ഹൗസ് ബോട്ടുകളാണ് കേരളാ ടൂറിസത്തിന്റെ ഐശ്വര്യമെന്ന രഹസ്യം ആന്ധ്രാ പ്രദേശ് സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു. ഈസ്റ്റ് ഗോദാവരിയിൽ കായൽ ടൂറിസം വളർത്താനുള്ള പദ്ധതിയാണ് ആന്ധ്രാ ടൂറിസം വകുപ്പിന്. കേരളത്തിന്റെ കുട്ടനാടിനോട് സാദൃശ്യമുള്ളതാണ് കിഴക്കൻ ഗോദാവരിയിലെ കോന സീമ തീരം. കേരളത്തിലെ ഹൗസ് ബോട്ട് ഉടമകളെ ആന്ധ്രാ സർക്കാർ ടൂറിസം പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ  ക്ഷണിച്ചു. സംസ്ഥാനത്ത് നിന്നുള്ള 12 അംഗ സംഘം ഇക്കഴിഞ്ഞ വാരത്തിൽ ഗോദാവരി സന്ദർശിച്ചു. പ്രദേശം ടൂറിസം സ്‌പോട്ടാക്കി വളർത്താൻ സഹായിക്കുന്നവർക്ക് സബ്‌സിഡിയും വായ്പയും മറ്റു ഇളവുകളും ആന്ധ്രാ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.  കേരളത്തെ പോലെ മലിനീകരിക്കപ്പെട്ടിട്ടില്ലാത്തതാണ് ഗോദാവരിയെന്ന് കഴിഞ്ഞ വാരത്തിൽ കോട്ടയത്ത് നിന്ന് ആന്ധ്രാ സർക്കാരിന്റെ ക്ഷണ പ്രകാരം ചെന്ന ഒരു സംരംഭകൻ പറഞ്ഞു. ഒറ്റ നോട്ടത്തിൽ വേമ്പനാട്ടു കായലിന്റെ പ്രതീതിയുമുണ്ട്. ഒറ്റ പ്രശ്‌നമേയുള്ളൂ. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കോ, കൊച്ചിയിലേക്കോ യാത്ര ചെയ്യാവുന്നത് പോലെ മറ്റു നഗരങ്ങളുമായി ബന്ധപ്പെടുത്താൻ അടുത്തൊന്നും വേറെ പ്രധാന കേന്ദ്രങ്ങളില്ല. കോന സീമയിലെ ഹൗസ് ബോട്ടുകളിൽ ആദ്യ വർഷങ്ങളിൽ കേരളത്തിൽ നിന്നുള്ള പരിചയ സമ്പന്നരുടെ സേവനം ഉറപ്പിക്കുകയാണ് ആന്ധ്രാ സർക്കാരിന്റെ ലക്ഷ്യം.  കേരള മോഡൽ ടൂറിസം വികസപ്പിക്കുകയാണ് തങ്ങളുടെ പദ്ധതിയെന്ന്  ഈസ്റ്റ് ഗോദാവരി ജില്ലാ കലക്ടർ കാർത്തികേയ മിശ്രയും സ്ഥിരീകരിച്ചു. 

 

Latest News