ന്യൂയോര്‍ക്ക്- പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം ഡോണള്‍ഡ് ട്രംപ് എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിക്കുന്ന സംഭവപരമ്പരകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. അതിലെ അവസാന അധ്യായമാണ് വൈറ്റ്ഹൗസില്‍നിന്നുള്ള മടക്കയാത്ര.
ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിക്കുമെതിരെ ആരോപണമുന്നയിച്ച ട്രംപിന്റെ ട്വീറ്റുകള്‍ വ്യാജമാണെന്ന് ട്വിറ്റര്‍ തന്നെ അറിയിക്കുന്ന അവസ്ഥയുണ്ടായി. പിന്നീട് അമേരിക്കന്‍ കോണ്‍ഗ്രസ് ചേര്‍ന്ന് ജോ ബൈഡനെ അടുത്ത പ്രസിഡന്റായി അംഗീകരിക്കുന്ന ദിവസമായിരുന്ന ജനുവരി ഏഴിന് തന്റെ അനുയായികളെ വിട്ട് അമേരിക്കയിലെ ക്യാപിറ്റോളില്‍ അക്രമം നടത്തി.
ഇപ്പോഴിതാ അധികാരം ഒഴിയാന്‍ നിര്‍ബന്ധിതനായിരിക്കുമ്പോഴും പവര്‍ കുറക്കാന്‍ ട്രംപ് തയാറല്ല. സാധാരണ അധികാരമൊഴിയുന്ന പ്രസിഡന്റുമാര്‍ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജനുവരി 20ന് ട്രംപ് തിരികെ ഫ്‌ളോറിഡയിലെ വീട്ടിലേക്ക് മടങ്ങുക എയര്‍ഫോഴ്‌സ് വണ്ണിലാകും. അന്നേ ദിവസം മടങ്ങുന്നതിനാല്‍ ബൈഡന്റെ സത്യപ്രതിജ്ഞയില്‍ ട്രംപ് പങ്കെടുക്കില്ല. ഒപ്പം മകള്‍ ഇവാന്‍കയും മരുമകന്‍ ജറേഡ് കുഷ്‌നറും ഉണ്ടാകും. തന്റെ റിസോര്‍ട്ട് ആയ മാര്‍എലാഗോയില്‍ ട്രംപ് സ്ഥിരതാമസമായേക്കും. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പങ്കെടുക്കും.
ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍നിന്നു ചുവപ്പ് പരവതാനി വിരിച്ച് ആദരവും 21 ഗണ്‍ സല്യൂട്ടും മിലിട്ടറി ബാന്റും സ്വീകരിച്ച് അഭിവാദ്യം സ്വീകരിച്ചാവും ട്രംപ് മടങ്ങുക. വൈറ്റ്ഹൗസിലെ നിരവധി ജീവനക്കാരും ട്രംപിനെ വീട്ടിലേക്ക് അനുഗമിക്കും. സ്ഥാനമൊഴിഞ്ഞ ശേഷം ട്രംപിന്റെ തുടര്‍പദ്ധതികളെ കുറിച്ച് വ്യക്തതയില്ല.