Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വംശജ സമീറ ഫാസിലി യുഎസ് സാമ്പത്തിക നയ സമിതി ഉപാധ്യക്ഷ; ബൈഡന്റെ നിയമനം

വാഷിങ്ടണ്‍- യുഎസിലെ നാഷണല്‍ ഇക്കണൊമിക് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടറായി ഇന്ത്യന്‍ വംശജയായ സമീറ ഫാസിലിയെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു. വൈറ്റ് ഹൗസിലെ സുപ്രധാനമായ ഉന്നത പദവിയാണിത്. അമേരിക്കന്‍ പ്രസിഡന്റിന് സാമ്പത്തിക നയങ്ങളില്‍ ഉപദേശം നല്‍കുകയും സാമ്പത്തിക നയരൂപീകരണ പ്രക്രിയ ഏകോപിപ്പിക്കുകയും ചെയ്യുന്ന സമിതിയാണ് നാഷണല്‍ ഇക്കണൊമിക് കൗണ്‍സില്‍. പുതിയ ബൈഡന്‍-ഹാരിസ് സര്‍ക്കാര്‍ രൂപീകരണ പ്രക്രിയയില്‍ ഇക്കണൊമിക് ഏജന്‍സിയുടെ ചുമതല വഹിച്ചു വരികയാണിപ്പോള്‍ കശ്മീരില്‍ കുടുംബ വേരുകളുള്ള സമീറ. നേരത്തെ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്‌ലാന്റയില്‍ ഡയറക്ടര്‍ ആയിരുന്നു. പുതിയ ബൈഡന്‍ സര്‍ക്കാരില്‍ ഉന്നത പദവി ലഭിക്കുന്ന രണ്ടാമത്തെ കശ്മീരിയായ ഇന്ത്യന്‍ അമേരിക്കക്കാരിയാണ് സമീറ. വൈറ്റ് ഹൗസിലെ ഡിജിറ്റല്‍ സ്ട്രാറ്റജി വിഭാഗത്തില്‍ പാര്‍ട്ണര്‍ഷിപ്പ് മാനേജറായി ഡിസംബറില്‍ ബൈഡന്‍ ടീം കശ്മീരി വംശജയായ ഐഷ ഷായെ നിയമിച്ചിരുന്നു.

മുന്‍ പ്രസിഡന്റ് ഒബാമയുടെ ഭരണകാലത്ത് നാഷണല്‍ ഇക്കണൊമിക് കൗണ്‍സിലില്‍ സീനിയര്‍ പോളിസ് അഡൈ്വസര്‍ ആയിരുന്നു സമീറ ഫാസിലി. യുഎസ് ധനമന്ത്രാലയമായ ട്രഷറി ഡിപാര്‍ട്‌മെന്റിലും ഇവര്‍ ഇതേ പദവി വഹിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സര്‍വീസിലെത്തുന്നതിനു മുമ്പ് ലോക പ്രശസ്ത കലാലയമായ യാലെ ലോ സ്‌കൂളില്‍ ലക്ചറര്‍ ആയിരുന്നു ഇവര്‍. യാലെ ലോ സ്‌കൂളിലും ഹാവാഡ് കോളെജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മൂന്നു മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ജോര്‍ജിയയിലാണ് താസമം.
 

Latest News