Sorry, you need to enable JavaScript to visit this website.

ഖുർആൻ കാലങ്ങളെ അതിജയിച്ച വേദഗ്രന്ഥം

വിശുദ്ധ ഖുർആൻ അത്ഭുതങ്ങളുടെ കലവറയാണ്. അക്ഷരജ്ഞാനമില്ലാത്ത സാധാരണക്കാരൻ തൊട്ട് വിജ്ഞാനത്തിന്റെ ആഴക്കടലുകളിൽ ഊളിയിട്ടിറങ്ങി സ്ഥൂലവും സൂക്ഷ്മവുമായ ശാസ്ത്രവിഷയങ്ങളിൽ അവഗാഹം നേടിയ ശാസ്ത്രജ്ഞരായ മഹാപണ്ഡിതർ പോലും ഒരു പോലെ അത്ഭുതത്തോടെയും ജിജ്ഞാസയോടെയും മറിച്ചുനോക്കുന്ന മഹാഗ്രന്ഥമാണ് ഖുർആൻ. ഏതെങ്കിലുമൊരു കാലത്തേക്ക് മാത്രം പരിമിതപ്പെടുവാൻ സന്നദ്ധമാകാത്ത വിധം കാലാതിവർത്തിയായി ധാർമികതയുടെയും വൈജ്ഞാനികതയുടെയും പ്രഭ ചൊരിഞ്ഞുകൊണ്ട് ഖുർആൻ ലോകത്തിനു മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. ഭൗതിക പുരോഗതിയുടെ ആഴക്കടലിൽ ആഴ്ന്നിറങ്ങി അഹങ്കാരത്തിന്റെ മുത്തും പവിഴവും അന്വേഷിക്കുന്ന പലരും ഖുർആനിനെതിരെ മത്സരിച്ച് വിജയിക്കാമെന്ന  ധാർഷ്ട്യം കൊണ്ടുനടക്കുകയാണ്. പ്രപഞ്ചത്തിലെ കേവലം ഒരു ബിന്ദുവായ മനുഷ്യൻ സകല വിജ്ഞാനത്തെയും അവൻ സ്വായത്തമാക്കി എന്ന് അഹങ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഉള്ളതിലധികം അറിവുണ്ടെന്നു നടിച്ച് വലിപ്പം ഭാവിക്കുകയാണ് അവരിൽ പലരും. എന്നാൽ അറിവുള്ളവരുടെ മുമ്പിലെത്തുമ്പോൾ കേവലം ഒരൊറ്റ സൂചിമുന കൊണ്ട് കാറ്റുപോകുന്ന ഊതിവീർപ്പിക്കപ്പെട്ട ബലൂണുകളായി അവർ സ്വയം ഇല്ലാതായിത്തീരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഖുർആനിനെതിരെയുള്ള വെല്ലുവിളികൾ അത് അവതീർണമായ കാലം തൊട്ടുള്ളതാണ്. ധാർമ്മികതയിലും ശാസ്ത്രീയതയിലും അധിഷ്ഠിതമായ ദൈവിക സന്ദേശങ്ങൾ അടങ്ങിയ ഖുർആനിനെ അതിന്റെ വിമർശകർ അതിന്റെ അവതരണകാലത്ത് വിമർശിച്ചിരുന്നത് ധാർമ്മികതയോടുള്ള അസഹിഷ്ണുത മൂലമായിരുന്നു. മതം പുരോഹിതന്മാരുടെ കൈകളിൽ ഞെരിഞ്ഞമരുകയും ബഹുദൈവത്വത്തെ അധാർമ്മികതയ്ക്കുള്ള ഉപകരണമായി ഉപയോഗിക്കുകയും ചെയ്തിരുന്ന കാലത്ത് ഏകദൈവത്വത്തെയും വിശ്വമാനവികതയെയും ഉയർത്തിപ്പിടിച്ചുകൊണ്ട് സകലവിധ ചൂഷണങ്ങൾക്കെതിരെയും ശബ്ദിച്ചുകൊണ്ടാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായത്. അതുകൊണ്ടുതന്നെ ഖുർആനിനോടുണ്ടായിരുന്ന ശത്രുതയുടെ കാരണം വളരെ വ്യക്തമാണ്. വിശുദ്ധ ഖുർആൻ ആദ്യം മുതൽ അവസാനം വരെ തുറന്ന മനസ്സോടെ വായിക്കുന്ന ഒരാൾക്ക് അതിനോട് അടുക്കുവാനല്ലാതെ അകലുവാൻ സാധിക്കുകയില്ല. 
ജർമൻ ചിന്തകനും എഴുത്തുകാരനുമായിരുന്ന യൊഹാൻ ഗോയ്‌ഥേ  ഖുർആനിനെ കുറിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: 'എപ്പോഴൊക്കെ നാം ഖുർആനിലേക്ക് തിരിയുന്നുവോ തുടക്കത്തിൽ വിരക്തി തോന്നുമെങ്കിലും വളരെ പെട്ടെന്ന് തന്നെ അത് നമ്മെ ആകർഷിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യും. ഒടുവിൽ നാം അതിനെ അഭിനന്ദിക്കാനും അംഗീകരിക്കാനും തുടങ്ങും. ഉള്ളടക്കവും ലക്ഷ്യവും ആസ്പദമാക്കിയുള്ള അതിന്റെ ശൈലി വളരെ ഉറച്ചതും കർശനവും ഉന്നതവുമാണ്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥം എല്ലാ പ്രായക്കാരിലും ശക്തമായ സ്വാധീനമാണ് ചെലുത്തുന്നത്.’ 
ഇംഗ്ലീഷ്, അറബിക്, പേർഷ്യൻ, സംസ്‌കൃതം തുടങ്ങി വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്ന ബ്രിട്ടീഷ് ബഹുഭാഷാ പണ്ഡിതൻ ഫ്രാൻസിസ് സ്‌റ്റെയിൻഗ്യാസ് (1825-1903) ഖുർആനിന്റെ മാസ്മരികമായ ആകർഷണീയതയെ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: 'ബാഹ്യദൃഷ്ടിയിൽ പരസ്പര വൈരുധ്യമുണ്ടെന്നു തോന്നിപ്പിക്കാമെങ്കിലും ഒരു വിദൂര വായനക്കാരനിൽ പോലും വളരെ ശക്തമായ വികാരങ്ങൾ ഉണർത്തിവിടുന്ന ഗ്രന്ഥമാണ് ഖുർആൻ. വിമർശനങ്ങൾക്ക് വേണ്ടിയുള്ള സൂക്ഷ്മ പരിശോധന നടത്തുന്നവരിൽ പോലും അവരുടെ ഇഷ്ടക്കേടുകളെ കീഴ്‌പ്പെടുത്തി അത്തരം വിപരീത വികാരങ്ങളെ മാറ്റി പകരം അവരിൽ  ആശ്ചര്യവും മതിപ്പും സമ്മാനിക്കുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്. മനുഷ്യന്റെ ഭാവി ഭാഗധേയങ്ങളെ കുറിച്ച് ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന ഒരു നിരീക്ഷകനിൽ താല്പര്യമുണർത്തുന്ന ഗ്രന്ഥം കൂടിയാണത്.’   
ഇങ്ങനെ സ്വാഭാവികവും നിഷ്പക്ഷവുമായ  വായന നടത്തുന്നവരിൽ ആണെങ്കിലും, വിമർശനബുദ്ധ്യാ വായിച്ചു തുടങ്ങിയവരിലാണെങ്കിലും അവരുടെ മനസ്സുകളെ വിശുദ്ധ ഖുർആൻ കീഴ്‌പ്പെടുത്തുന്നു എന്നതാണ് അനുഭവസ്ഥർ രേഖപ്പെടുത്തിയിട്ടുള്ളത്. മുഹമ്മദ് നബി (സ) ക്ക് ഖുർആൻ അവതരിപ്പിക്കപ്പെടുന്ന കാലത്ത് തന്നെ ഖുർആനിന്റെ ശ്രാവ്യ സൗന്ദര്യം വളരെ വലുതായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഖുർആനിന്റെ കടുത്ത വിമർശകർ പോലും ആരും കാണാതെ ഒളിഞ്ഞു നിന്നുകൊണ്ട് ഖുർആൻ കേട്ടിരുന്നു. വിശുദ്ധ ഖുർആൻ ഭക്തിസാന്ദ്രമായി പാരായണം ചെയ്തിരുന്ന അബൂബക്കർ (റ) വിന്റെ പാരായണം കേൾക്കാൻ പ്രവാചകന്റെ ശത്രുക്കൾ പോലും പാത്തും പതുങ്ങിയും വന്നിരുന്നു.  
ഖുർആൻ വായിക്കുന്നവരിൽ മൂന്നു വിഭാഗങ്ങളാണുള്ളത്. ഒന്ന് ഖുർആനിനെ ഒരു ദൈവിക ഗ്രന്ഥമായി അംഗീകരിച്ച് അതിനെ ഭക്ത്യാദരപൂർവ്വം മാർഗദർശന ഗ്രന്ഥമായി വായിക്കുന്ന വിശ്വാസികളായ വിഭാഗം. മറ്റൊന്ന് വിശുദ്ധ ഖുർആനിനെയും അതിന്റെ സന്ദേശങ്ങളെയും ബഹുമാനിക്കുന്ന, അതിനെ അവഹേളിക്കുകയോ വിമർശിക്കുകയോ ചെയ്യാത്ത, എന്നാൽ അതൊരു ദൈവിക ഗ്രന്ഥമെന്ന നിലക്ക് അംഗീകരിക്കാത്ത വിഭാഗം. മൂന്നാമത്തെ വിഭാഗം വിമർശിക്കുന്നതിനും കുറ്റം കണ്ടെത്തുന്നതിനും അവഹേളിക്കുന്നതിനും മാത്രമായി ഖുർആൻ വായിക്കുന്നവർ.  ഖുർആൻ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളെ നേരിടാൻ സാധിക്കാതെ വരുമ്പോൾ അതിൽ കുറ്റങ്ങളും കുറവുകളും ഉണ്ടെന്ന് വരുത്തിത്തീർക്കാൻ വേണ്ടി മാത്രം അത് വായിക്കുകയും അതുമായി ബന്ധപ്പെട്ട രചനകളും പരിപാടികളും സംഘടിപ്പിക്കുക എന്ന വൃഥാവ്യായാമമാണ് ഈ മൂന്നാമത്തെ വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങളെ ഖുർആൻ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. അതേസമയം കാര്യമാത്രപ്രസക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നവരോട് വിശുദ്ധ ഖുർആൻ വളരെ നേരത്തെ ചില വെല്ലുവിളികൾ നടത്തിയിട്ടുണ്ട്. 
'നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുർആനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക.’ (ഖുർആൻ 2:23).  'നബിയേ, പറയുക: ഈ ഖുർആൻ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്നാലും തീർച്ചയായും അതുപോലൊന്ന് അവർ കൊണ്ട് വരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നതായാൽ പോലും.’ (17:88). 'അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? പറയുക: എന്നാൽ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങൾ ചമച്ചുണ്ടാക്കിയത് നിങ്ങൾ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ.' (11:13).  ഇങ്ങനെ വിശുദ്ധ ഖുർആൻ ഉയർത്തിയ വെല്ലുവിളികൾക്ക് മുമ്പിൽ ഖുർആനിന്റെ ആദ്യകാല പ്രബോധിത സമൂഹത്തിലെ ഖുർആൻ വിമർശകർക്ക് തലകുനിക്കേണ്ടി വന്നു.  ഖുർആനിക ആശയങ്ങൾക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കുകയും വിമർശകർ പോലും പിന്നീട് ഖുർആനിന്റെ അനുയായികളായി മാറുകയും ചെയ്തു. 
വിശുദ്ധ ഖുർആനിനെ ആധുനിക ശാസ്ത്രവുമായി ബന്ധപ്പെടുത്തി അതിനെ വിമർശിക്കാനാണ് ഇപ്പോൾ പലരും പരിശ്രമിച്ചുവരുന്നത്. മാത്രവുമല്ല, ഇയ്യിടെയായി ഖുർആനിനെ ആ നിലക്ക് കടന്നാക്രമിക്കുകയും വളരെ മോശമായ ഗ്രന്ഥമായി ഖുർആനിനെ തരംതാഴ്ത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന പ്രവണതകൾ വർധിച്ചുവരികയാണ്. വിശുദ്ധ ഖുർആനിന്റെ ലക്ഷ്യം ആധുനിക ശാസ്ത്രത്തിന്റെ വിശദമായ പഠനങ്ങളിലേക്ക് ജനങ്ങളെ കൊണ്ടുപോവുക എന്നതല്ല; മറിച്ച്, ഭൂമിയിലെ കുറഞ്ഞ കാലയളവിൽ എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് പഠിപ്പിക്കുകയും ജീവിത വിശുദ്ധിയെ കുറിച്ച് ഉദ്‌ബോധിപ്പിക്കുകയും മരണശേഷമുള്ള അനന്തമായ പരലോകജീവിതത്തിലെ രക്ഷാശിക്ഷകളെ കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യുക എന്ന ദൗത്യമാണ് ഖുർആൻ നിർവഹിക്കുന്നത്. മനുഷ്യനെ ചിന്തിപ്പിക്കുന്നതിനു വേണ്ടി ധാരാളം വചനങ്ങളിലൂടെ പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഖുർആൻ എടുത്തുകാണിക്കുന്നുണ്ട്. അത്തരം പ്രതിഭാസങ്ങൾ എല്ലാ കാലങ്ങളെയും ചൂഴ്ന്നുനിൽക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ ഏതു കാലത്ത് ജീവിക്കുന്ന മനുഷ്യനും മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള അത്ഭുതകരമായ പ്രതിപാദന രീതിയാണ് ഖുർആൻ സ്വീകരിച്ചിട്ടുള്ളത്. അതുതന്നെയാണ് ഖുർആൻ നമുക്ക് മുമ്പിൽ നിവർത്തുന്ന ഏറ്റവും ആശ്ചര്യകരമായ കാര്യവും. 
ആധുനികശാസ്ത്രത്തിന് പലപ്പോഴും അഭിപ്രായങ്ങൾ മാറ്റി മാറ്റി പറയേണ്ടി വന്നിട്ടുണ്ട്. ഒരു ശാസ്ത്ര കണ്ടുപിടുത്തം ഉണ്ടാകുമ്പോൾ ആ കാലത്തെ ജനങ്ങൾക്ക് അത് ആധുനികമായിരിക്കും. പക്ഷെ, കുറെ കാലം കഴിഞ്ഞ് അതേ വിഷയത്തിൽ തന്നെ ആ കണ്ടുപിടുത്തത്തെക്കാൾ മെച്ചപ്പെട്ട കണ്ടുപിടുത്തമുണ്ടാകുമ്പോൾ ആദ്യത്തേത് തെറ്റും അവസാനത്തേത് ആപേക്ഷികമായി ശരിയെന്നും വിചാരിക്കപ്പെടുന്നു. ഇനിയും മുമ്പോട്ട് പോകുമ്പോൾ ഒരു പക്ഷെ ‘ശരികൾക്ക്' വീണ്ടും മാറ്റമുണ്ടായെന്നു വരാം. എന്നാൽ ഖുർആൻ പ്രപഞ്ചത്തെ കുറിച്ച് നൽകുന്ന അറിവുകൾ എല്ലാ കാലങ്ങളിലും ഒരു പോലെ മാറ്റം വരുത്തപ്പെടാതെ നിലനിൽക്കുന്നു എന്നത് ഖുർആനിന്റെ വലിയ അമാനുഷികതയായി മതവും ശാസ്ത്രവും അറിയുന്ന പണ്ഡിതർ അംഗീകരിക്കുന്നു. 
ശാസ്ത്രം മനുഷ്യന്റെ ഗവേഷണ നിരീക്ഷണങ്ങൾക്ക് അനുസൃതമായി വികസിക്കുന്ന ആപേക്ഷിക വിജ്ഞാനമാണ്. എന്നാൽ ഇത്തിരി അറിയുമ്പോഴേക്ക് എല്ലാം കാൽചുവട്ടിലായി എന്ന് അഹങ്കരിക്കുന്നവരിൽ ദൈവനിഷേധം വർധിക്കുന്നു. അറിവിന്റെ കൂടെ അഹങ്കാരം ചേരുമ്പോൾ അത് ദൈവനിഷേധമായി മാറുന്നു. എന്നാൽ അറിവിന്റെ കൂടെ വിനയം ചേരുമ്പോൾ അത് ദൈവവിശ്വാസമായി മാറുകയാണ് ചെയ്യുന്നത്. 
ദൈവത്തിന്റെ യഥാർത്ഥ അടിമകളെക്കുറിച്ച് ഖുർആൻ വിവരിക്കുന്നത് കാണുമ്പോൾ സത്യനിഷേധം മനസ്സിൽ കടന്നുകൂടാതിരിക്കുന്നതിൽ വിനയം എന്ന സ്വഭാവഗുണത്തിന്റെ പങ്ക് നമുക്ക് ബോധ്യപ്പെടും. 'പരമകാരുണികന്റെ ദാസൻമാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ സമാധാനപരമായി മറുപടി നൽകുന്നവരുമാകുന്നു.’ (ഖുർആൻ 25:63)അഹങ്കാരത്തിന്റെ ആഴക്കടലുകളിൽ നിന്നും രക്ഷപ്പെട്ട് വിനയത്തിന്റെ ശാദ്വലതീരമണയാൻ ശ്രമിച്ചാൽ മാത്രമേ ഖുർആനിന്റെ മഹത്വം നുകരുവാൻ സാധിക്കുകയുള്ളൂ.

Latest News