Sorry, you need to enable JavaScript to visit this website.

ആ റെക്കോർഡ് എളുപ്പം തകരില്ല

ചോ: 26 വർഷം മുമ്പ് റഷ്യക്കെതിരെ കളിച്ചപ്പോഴാണ് താങ്കൾ ലോകകപ്പിൽ ഗോളടിക്കുന്ന പ്രായമേറിയ കളിക്കാരനായത്. ആ സമയത്തെ വികാരമെന്തായിരുന്നു?
ഉ: ആ മത്സരം ഞങ്ങൾ തോൽക്കുകയായിരുന്നു. എന്നിട്ടും ആ ഗോളടിച്ചപ്പോഴുള്ള എന്റെ ആഹ്ലാദം നോക്കുക. എന്നെ ടീമിലെടുത്തതിനെ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു അത്. പ്രായം ഒരു പ്രതിബന്ധമായിരുന്നില്ലെന്ന സന്ദേശമായിരുന്നു. ശാരീരികമായി 100 ശതമാനം ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. പക്ഷേ ടെക്‌നിക്കിന് ഒരു പോറലുമേറ്റിരുന്നില്ല. 

ചോ: ലോകകപ്പിലെ നിരവധി റെക്കോർഡുകൾക്കിടയിൽ ഈ റെക്കോർഡിന്റെ സ്ഥാനമെന്താണെന്നാണ് കരുതുന്നത്?
ഉ: എല്ലാ റെക്കോർഡിനു പിന്നിലും ഓരോ കഥയുണ്ട്. ഒന്ന് മറ്റൊന്നിനു മേലെയല്ല. എല്ലാവരും അവരുടേതായ രീതിയിൽ ലോകകപ്പിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ ഗോളടിച്ച മിറോസ്ലാവ് ക്ലോസെയുടെയും ഒരു ലോകകപ്പിൽ കൂടുതൽ ഗോളടിച്ച ജസ്റ്റ് ഫൊണ്ടയ്‌ന്റെയും റെക്കോർഡുകൾ അദ്ഭുതപ്പെടുത്തുന്നു. പക്ഷേ എല്ലാത്തിനും മേലെ പെലെയുടെ റെക്കോർഡാണ് -മൂന്ന് ലോകകപ്പ് വിജയം. അത്രയും ചെറുപ്രായത്തിൽ പെലെ സ്വന്തമാക്കിയ നേട്ടം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. 

ചോ: ആരെങ്കിലും താങ്കളുടെ റെക്കോർഡ് മറികടക്കുമെന്ന് കരുതുന്നുണ്ടോ?
ഉ: ഒരു റെക്കോർഡും ശാശ്വതമല്ല. ഒന്നും അസാധ്യവുമല്ല. എങ്കിലും എന്റെ റെക്കോർഡ് മറികടക്കുക എളുപ്പമായിരിക്കില്ല. ഗോൾകീപ്പറൊഴികെ മറ്റു കളിക്കാർ ഇക്കാലത്ത് 42 വയസ്സിനപ്പുറം കളിക്കുന്നത് ആലോചിക്കാനാവില്ല. ഗോൾകീപ്പർമാരാവട്ടെ, അപൂർവമായേ ഗോളടിക്കാറുള്ളൂ. എന്തായാലും എന്റെ റെക്കോർഡ് ദീർഘകാലം നിലനിൽക്കും.

ചോ: ആ മത്സരത്തിൽ റഷ്യയുടെ ഒലേഗ് സാലെങ്കൊ അഞ്ചു ഗോളടിച്ചു?
ഉ: അത്തരമൊരു പ്രകടനത്തെ മാനിച്ചേ പറ്റൂ. അതും ലോകകപ്പിൽ. എങ്കിലും ഞങ്ങളുടെ പിഴവ് കൂടിയായിരുന്നു അത്. ഞങ്ങളുടെ പ്രതിരോധം അലങ്കോലമായിരുന്നു. ഞങ്ങൾ ഇരുവരും ആ മത്സരത്തിൽ റെക്കോർഡ് സ്ഥാപിച്ചു. അതിനാൽ മത്സരത്തിനു ശേഷം ഒരുമിച്ച് ഫോട്ടോയെടുത്തു. 

ചോ: സാദിയൊ മാനെ, മുഹമ്മദ് സലാഹ്, പിയറി എമറിക് ഓബമെയാംഗ്, റിയാദ് മഹ്‌റേസ്... ആഫ്രിക്കൻ പ്രതിഭകളെക്കൊണ്ട് സമ്പന്നമാണ് ഫുട്‌ബോൾ. ലാറ്റിനമേരിക്കയോടും യൂറോപ്പിനോടും കിടപിടിക്കാൻ ആഫ്രിക്കക്കു സാധിക്കുമോ?
ഉ: വ്യക്തിഗത മികവിന്റെ കാര്യത്തിൽ എക്കാലത്തും യൂറോപ്പിനോടും ലാറ്റിനമേരിക്കയോടും അടുക്കുകയായിരുന്നു ആഫ്രിക്ക. ടീം പ്രകടനം വരുമ്പോഴാണ് പ്രശ്‌നം. മാനെയും സലാഹുമൊക്കെ ആ അർഥത്തിൽ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. വലിയ ക്ലബ്ബുകൾക്ക് കളിക്കുന്നവരാണ് അവർ. ഒരു ടീമിനെ എങ്ങനെ കെട്ടിപ്പടുക്കണമെന്ന് അവർക്കറിയാം. പിഴവുകളിൽ നിന്ന് പാഠമുൾക്കൊള്ളാനും യോജിച്ചു പ്രവർത്തിക്കാനും ആഫ്രിക്ക ശീലിക്കേണ്ടതുണ്ട്. 

Latest News