Sorry, you need to enable JavaScript to visit this website.

മറഡോണയുടെ മരണത്തിനു പിന്നിൽ

മറഡോണയുടെ മരണത്തെക്കുറിച്ചും അതിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചുമുള്ള ഡോകുമെന്ററി ഡിസ്‌കവറി പ്ലസിൽ സംപ്രേഷണം ചെയ് തുവരികയാണ്..

നവംബർ 25 നാണ് ദൈവത്തിന്റെ കൈ ദൈവത്തിലേക്കു മടങ്ങിയത്. ബ്യൂണസ്‌ഐറിസിൽ മസ്തിഷ്‌ക ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം പിന്നിടും മുമ്പെ. തെരുവിൽനിന്ന് ആകാശത്തിലേക്കുയർന്ന പ്രതിഭയാണ് ഡിയേഗൊ അർമാൻഡൊ മറഡോണ. പക്ഷേ വാർധക്യം കാണാൻ മറഡോണക്ക് ഭാഗ്യമുണ്ടായില്ല. ഹൃദയാഘാതമാണ് മരണ കാരണമായി പറഞ്ഞത്. യഥാർഥത്തിൽ എന്തായിരുന്നു കാരണം? അതാണ് ഡിസ്‌കവറി പ്ലസ് സംപ്രേഷണം ചെയ്യുന്ന ഡോകുമെന്ററി അന്വേഷിക്കുന്നത്. എല്ലാ അർഥത്തിലും അസയമത്തുള്ള മരണമായിരുന്നു മറഡോണയുടേത്. 
മറഡോണയുടെ ജീവിതം താരസമ്പന്നമായിരുന്നു. കളിക്കളത്തിൽ മറഡോണക്ക് കഴിയാത്തതായി ഒന്നുമില്ല. എന്നാൽ കളത്തിനു പുറത്തെ സമ്മർദം നിലനിർത്താൻ ലഹരിമരുന്നുകളുടെ സഹായം വേണ്ടിയിരുന്നു. കളിക്കളത്തിൽ പ്രതാപം നിലനിർത്താനാവട്ടെ, മരുന്നുകളൂടെ കൂട്ടുകൾ തന്നെ ആവശ്യമായിരുന്നു. കുട്ടിക്കാലം മുതലുള്ള ഈ ശീലം മരണത്തിനുള്ള പിഴവില്ലാത്ത കുറിപ്പടിയായി. 
മറഡോണയെ അടുത്തറിയുന്നവരുമായി സംസാരിച്ചാണ് ഈ ഡോകുമെന്ററി തയാറാക്കിയത്. മറഡോണയെ പ്രതിനിധീകരിച്ച ഫുട്‌ബോളിലെ പ്രഥമ സൂപ്പർ ഏജന്റായ ജോൺ സ്മിത്ത്, മറഡോണയുടെ മുൻ ട്രയ്‌നർ ഫെർണാണ്ടൊ സിനോറിനി, നാപ്പോളി മുൻ നായകനും മറഡോണയുടെ സഹതാരവുമായിരുന്ന ഗ്വിസപ്പെ ബ്രൂസ്‌കൊലോട്ടി എന്നിവരെല്ലാം തങ്ങൾക്കറിയാവുന്ന മറഡോണയെക്കുറിച്ച് ഡോകുമെന്ററിയിൽ സംസാരിക്കുന്നു. കുട്ടിക്കാലം മുതലുള്ള തെറ്റായ ജീവിത ശൈലിയാണ് ഡോകുമെന്ററി വരച്ചുകാട്ടുന്നത്. അതാണ് അന്തിമമായി താരത്തെ അസമയത്തുള്ള മരണത്തിലേക്ക് നയിച്ചതും. 


1986 ലെ ലോകകപ്പിലേക്കുള്ള മറഡോണയുടെ യാത്രയെക്കുറിച്ചാണ് ബ്രൂസ്‌കൊലോട്ടി വിശദീകരിക്കുന്നത്. ആ മത്സരങ്ങൾ ജയിച്ചപ്പോൾ മറഡോണ കൊച്ചു കുട്ടിയെപ്പോലെയായിരുന്നു. എല്ലാം ആദ്യമായി കാണുന്ന ഒരു കൊച്ചുകുട്ടി -ബ്രൂസ്‌കൊലോട്ടി പറഞ്ഞു. 
മറഡോണയുടെ ബാഴ്‌സലോണക്കാലത്തെക്കുറിച്ചാണ് സിനോറിനി വിശദീകരിക്കുന്നത്. അത്‌ലറ്റിക്കൊ ബിൽബാവോക്കെതിരായ കളിക്കു മുമ്പ് മറഡോണക്ക് പരിക്കേറ്റു. ലോകത്തെ നേരിടാൻ മറഡോണക്കുണ്ടായിരുന്ന കൈത്താങ്ങായിരുന്നു കൊക്കയ്ൻ. ലോകത്തിന്റെ ആവശ്യങ്ങളുടെ പിരിമുറുക്കം നേരിടാനുള്ള ഊന്നുവടി. മറഡോണ തന്നെ ഒരിക്കൽ പറഞ്ഞു. 'എന്നെ കൊടുമുടിയിലേക്ക് ആരോ ചവിട്ടിക്കയറ്റി. അവിടെ ഒറ്റക്കാക്കി അവർ തിരിച്ചുപോന്നു. എങ്ങനെ അവിടെ നിൽക്കണമെന്ന് ആരും പറഞ്ഞു തന്നില്ല'.
പ്രതിഭയും വേദനയുമായിരുന്നു മറഡോണ. ബ്യൂണസ്‌ഐറിസിലെ ചേരിയിൽ മണിക്കൂറുകളോളം സുഹൃത്തുക്കൾക്കൊപ്പം കളിച്ചുല്ലസിച്ച കുട്ടിക്കാലമായിരുന്നു മറഡോണയുടേത്. ലോകം ആഘോഷിച്ച ഫുട്‌ബോൾ താരമായതിന്റെ സമ്മർദം മറഡോണക്ക് താങ്ങാനായില്ല. കുട്ടിക്കാലം ദാരിദ്ര്യത്തിന്റേതായിരുന്നു. അതിനാൽ ചെറുപ്പത്തിൽ തന്നെ ശരീര പുഷ്ടിക്കായി ധാരാളം മരുന്നുകൂട്ടുകൾ വേണ്ടിവന്നു. ബാല്യം മുഴുവൻ മരുന്നുകളുടേതായിരുന്നു. 
1986 ലെ ലോകകപ്പ് മറഡോണക്ക് അത്യസാധാരണ താരപരിവേഷം നൽകി. ട്രാൻസ്ഫർ തുകയുടെ ലോക റെക്കോർഡ് മറഡോണ തകർത്തു. വരുമാനം കുന്നുകൂടിയതോടെ സംരക്ഷിക്കേണ്ടവരുടെ എണ്ണം വർധിച്ചു. ആരാധനയേറി. ലഹരിയിൽ അഭിരമിച്ച് അതിൽനിന്ന് മറഡോണ മുക്തി നേടി. 
പൾമനറി ഒഡീമയാണ് ഹൃദയാഘാതത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ജീവിത കാലം മുഴുവൻ നേരിട്ട സമ്മർദവും ലഹിരയാസക്തിയും ശരീരത്തെ കുട്ടിച്ചോറാക്കിയിരുന്നു. 
ആയിരങ്ങളെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ച കരിയറായിരുന്നു മറഡോണയുടേത്. പക്ഷേ ആ ജീവിതം കറുത്ത പാടുകൾ ഏറ്റതായിരുന്നു. കുടുംബം കൂടെയുണ്ടാവുമ്പോഴുള്ള ശാന്തിയെക്കുറിച്ച് മറഡോണ ഒരു വീഡിയോയിൽ സംസാരിക്കുന്നുണ്ട്. മറ്റൊരു വീഡിയോയിൽ 1982 ലെ ലോകകപ്പ് നേടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. അതൊരു തുടക്കമായിരുന്നു. 1990 ലെ ലോകകപ്പ് കഴിയുമ്പോഴേക്കും മറഡോണയുടെ തകർച്ച പാരമ്യത്തിലെത്തിയിരുന്നു. 


 

Latest News