Sorry, you need to enable JavaScript to visit this website.

ചരിത്രത്തിലെ  ഗോളടി വീരന്മാർ

ഓരോ പൊസിഷനിലും കളിച്ച് ഏറ്റവുമധികം ഗോളടിച്ചവർ ആരൊക്കെയാണ്? 131 ഗോളടിച്ച ഗോൾകീപ്പർ റൊജേരിയൊ മുതൽ 759 ഗോളടിച്ച വിംഗർ ക്രിസ്റ്റിയാനൊ റൊണാൾഡൊ വരെയുണ്ട് പട്ടികയിൽ... 

അത്യുജ്വലമായ കരിയറിൽ ഒട്ടനവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് ഫുട്‌ബോളർ ക്രിസ്റ്റിയാനൊ റൊണാൾഡൊ. അപൂർവമായ ഒരു റെക്കോർഡ് കൂടി ആ നേട്ടത്തിനൊപ്പം ചേർത്തുവെച്ചിരിക്കുകയാണ് യുവന്റസ് താരം. സസൂലോക്കെതിരായ ഇറ്റാലിയൻ ലീഗ് മത്സരത്തിലെ ഗോൾ റൊണാൾഡോയുടെ പ്രൊഫഷനൽ കരിയറിലെ എഴുന്നൂറ്റി അമ്പത്തൊമ്പതാമത്തേതായിരുന്നു. റൊമാരിയോയെയും പെലെയുമൊക്കെ മറികടന്ന റൊണാൾഡൊ ഏറ്റവുമധികം ഗോളടിച്ച ജോസഫ് ബൈകാന്റെ റെക്കോർഡിനൊപ്പമെത്തി. റൊണാൾഡോയോ ലിയണൽ മെസ്സിയോ ആരാണ് കൂടുതൽ പ്രൊഫഷനൽ ഗോളടിക്കുകയെന്ന് കാലത്തിനു മാത്രം ഉത്തരം നൽകാൻ കഴിയുന്ന കുരുക്കാണ്. 
കഴിഞ്ഞ വാരം ദ സൺ പത്രം അപൂർവമായ ഒരു പഠനം നടത്തി. മൈതാനത്തിന്റെ ഓരോ ഭാഗത്തും കളിക്കുന്ന കളിക്കാരിൽ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനെ കണ്ടെത്തി അവർ. സെന്റർ ഫോർവേഡ് മുതൽ ഗോൾകീപ്പർമാരെ വരെ. 
ഗോൾകീപ്പർ:  ഏറ്റവുമധികം ഗോളടിച്ച ഗോൾകീപ്പർ റൊജേരിയൊ സേനിയാണ്. ബ്രസീലുകാരൻ അടിച്ചത് 131 ഗോളാണ്. പ്രതാപകാലത്ത് മൂന്ന് സീസണിൽ മാത്രം ഈ ഗോൾകീപ്പർ എതിർവലകളിൽ 47 ഗോൾ നിറച്ചിട്ടുണ്ട്. സെറ്റ്പീസുകളിൽ അഗ്രഗണ്യനാണ് സേനി. ഫുൾബാക്കുകൾക്കു പോലും ഇത്രയധികം ഗോളടിക്കാൻ സാധിച്ചിട്ടില്ല. 


സെന്റർബാക്ക്: റോണൾഡ് കൂമൻ. ഇപ്പോഴത്തെ ബാഴ്‌സലോണ കോച്ച് സെന്റർബാക്ക് പൊസിഷനിൽ കളിച്ച് നേടിയത് 253 ഗോളാണ്. വിരമിക്കുന്നതിനു മുമ്പുള്ള സീസണിൽ പി.എസ്.വി ഐന്തോവനു വേണ്ടി നേടിയത് 26 ഗോളായിരുന്നു. ബാഴ്‌സലോണയിൽ കളിക്കുമ്പോൾ എല്ലാ സീസണിലും ഗോൾനേട്ടം രണ്ടക്കത്തിലെത്തിയിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ വിജയ ഗോളും കൂമന് നേടാനായി. 
റൈറ്റ് ബാക്ക്: ഗ്രഹാം അലക്‌സാണ്ടർ (107). ബ്രിട്ടിഷ് താരം പ്രീമിയർ ലീഗിൽ കളിച്ചത് ഒരു സീസണിൽ മാത്രമാണ്. പക്ഷേ ആ ഒരൊറ്റ വർഷം എട്ട് ഗോൾ നേടി. ബേൺലിക്കു വേണ്ടിയാണ് കളിച്ചത്. പ്രസ്റ്റന് കളിക്കുമ്പോൾ രണ്ടു തവണ ഇരട്ടയക്കത്തിലെത്താനായി. 
ലെഫ്റ്റ് ബാക്ക്: പോൾ ബ്രൈറ്റ്‌നർ (113 ഗോൾ). ഒന്നിലേറെ ലോകകപ്പ് ഫൈനലുകളിൽ ഗോളടിച്ച നാലു കളിക്കാരിലൊരാളാണ് പോൾ ബ്രൈറ്റ്‌നർ. ക്ലബ് തലത്തിലും ജർമൻ ഡിഫന്റർ ഗോളടിച്ചു കൂട്ടിയിട്ടുണ്ട്. ബയേൺ മ്യൂണിക്കിനു വേണ്ടി നാലു സീസണിൽ നേടിയത് 57 ഗോളായിരുന്നു.
റൈറ്റ്/സെൻട്രൽ മിഡ്ഫീൽഡർ: ഫ്രാങ്ക് ലംപാഡ് (274 ഗോൾ). ഫിനിഷിംഗിൽ അഗ്രഗണ്യനായിരുന്നു ഫ്രാങ്ക് ലംപാഡ്. 2009-10 സീസണിൽ മാത്രം ചെൽസിക്കു വേണ്ടി 27 ഗോളടിച്ചു. ചെൽസിക്കു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനാണ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളടിച്ച മിഡ്ഫീൽഡറുമാണ് ഇപ്പോഴത്തെ ചെൽസി കോച്ച്. 
ലെഫ്റ്റ് മിഡ്ഫീൽഡ്: ജോൺ വാർക് (223 ഗോൾ). വൈഡ് ഏരിയയിൽ നിന്ന് 36 ഗോളടിച്ച് അദ്ഭുതം സൃഷ്ടിച്ച കളിക്കാരനാണ് ജോൺ വാർക്. 1980-81 സീസണിൽ ഇപ്‌സ്‌വിച്ചിനു കളിക്കുമ്പോഴായിരുന്നു ഇത്. അതോടെ ലിവർപൂളിലെത്തി. ലിവർപൂളിനു വേണ്ടി രണ്ടു സീസണിൽ ഇരുപതിലേറെ വീതം ഗോളടിച്ചു. 
വിംഗർ: ക്രിസ്റ്റിയാനൊ റൊണാൾഡൊ (759 ഗോൾ). ഭ്രാന്ത് പിടിപ്പിക്കുന്നതാണ് ക്രിസ്റ്റ്യാനോയുടെ കണക്കുകൾ. എല്ലാ റെക്കോർഡുകളും ഈ ഗോളടി വീരനു മുന്നിൽ വഴിമാറും. റയൽ മഡ്രീഡിനു വേണ്ടി 438 കളികളിൽ 450 ഗോൾ നേടി. അലി ദാഇയുടെ ഇന്റർനാഷനൽ ഗോൾസ്‌കോറിംഗ് റെക്കോർഡിനോടടുക്കുകയാണ് പോർചുഗീസ് താരം. 109 ഗോളാണ് ഇറാൻ താരം നേടിയത്. 
സ്‌ട്രൈക്കർ: ജോസഫ് ബൈകാൻ (759 ഗോൾ). വെറും 493 കളികളിലാണ് ജോസഫ് ബൈകാൻ 759 ഗോൾ നേടിയത്. അമ്പരപ്പിക്കുന്ന ഗോളടി വീരനാണ് ബൈകാൻ. 1468 അനൗദ്യോഗിക ഗോളുകൾക്കുടമയാണ്. 
ഈ പൊസിഷനുകളെല്ലാം കളിച്ച ഒരു കളിക്കാരനെങ്കിലും നൂറിലേറെ ഗോളടിച്ചുവെന്നത് കൗതുകമുണർത്തുന്ന കണക്കാണ്. ക്രിസ്റ്റ്യാനോയും ബൈകാനുമൊന്നും ഗോളടിച്ചു കൂട്ടിയതിൽ അദ്ഭുതമില്ല. എന്നാൽ ഗോൾകീപ്പർമാർക്കും ഡിഫന്റർമാർക്കുമൊക്കെ അതു സാധിച്ചുവെന്നതാണ് വിസ്മയം. ഈ കളിക്കാരുൾപ്പെടുന്ന ഒരു ടീമിനെ ആലോചിച്ചുനോക്കൂ. ഗോളിന്റെ പെരുമഴയായിരിക്കും. എവിടെ നിന്ന് ഗോൾ വരുമെന്ന് പറയാനാവില്ല. അപൂർവ ജന്മങ്ങളാണ് ഈ പ്രതിഭകളെല്ലാവരും.


 

Latest News