Sorry, you need to enable JavaScript to visit this website.

ബജറ്റ് കവർ ചിത്രം ഇരിയണ്ണിയിലെ കുഞ്ഞു ജീവന്റേത് 

വരകളും വർണ്ണങ്ങളും ജീവനാണ് ജീവന്  

കാസർകോട്- ധനമന്ത്രി ഡോ. തോമസ് ഐസക്ക് സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിന്റെ കവർ ചിത്രം കാസർകോട് ഇരിയണ്ണിയിലെ കുഞ്ഞു ചിത്രകാരന്റേത്. ഇരിയണ്ണി പി എ എൽ പി സ്‌കൂളിലെ ഒന്നാംതരം വിദ്യാർത്ഥി വി. ജീവൻ വരച്ച ജീവനുള്ള ചിത്രങ്ങളാണ് ബജറ്റ് കവർ ചിത്രമായി പുറത്തുവന്നിരിക്കുന്നത്. കുഞ്ഞുപ്രായത്തിൽ തന്നെ വർണ്ണങ്ങളിൽ ചാലിച്ച വരകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഈ കൊച്ചു കലാകാരൻ                                                                                             നൂറുദിന ചിത്രം വരയിൽ നൂറു ചിത്രങ്ങൾ വരച്ചു കൊണ്ട് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. 2020 ജനുവരിയിൽ നടത്തിയ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ നൂറുദിന ചിത്രം വരയോടെയാണ് ജീവന്റെ വരകളും പ്രസിദ്ധമായത്. മൂന്ന് വയസ് തൊട്ട് ജീവൻ വരക്കുന്നുണ്ട്. ഇരിയണ്ണി അങ്കണവാടിയിൽ നടത്തിയ പ്രദർശന മത്സരത്തിൽ ജീവൻ കുറെയധികം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വാട്ടർ കളർ, ക്രയോൺസ്,  സ്‌കെച്ച് തുടങ്ങിയവ ഉപയോഗിച്ചാണ് ജീവൻ വരച്ചു തുടങ്ങിയത്. അങ്കണവാടിയിൽ പഠിക്കുമ്പോഴും സ്‌കൂളിൽ പോകുമ്പോഴും ചിത്രം വരയിൽ ജീവൻ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ സ്‌കൂൾ ഇല്ലാത്തതിനാൽ ചിത്രം വരയ്ക്കുന്നത് അല്പം കുറഞ്ഞിട്ടുണ്ട്. ഇനി വരയ്ക്കാൻ പ്രത്യേകം മൂഡ്  വരണമെന്നാണ് വീട്ടുകാർ പറയുന്നത്. ഓൺലൈൻ കഌസിന് ഇടയിൽ മോനെ കൊണ്ട് എഴുതിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മാതാപിതാക്കൾ എഴുതാനും ചിത്രം വരയ്ക്കാനും നിർബന്ധിച്ചിരുന്നു. ഇതെല്ലാം കൂടി ചേർത്ത് ഈ വർഷം ഒരു ഡയറി പോലെ തയ്യാറാക്കിയിട്ടുണ്ട്. ഇരിയണ്ണി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപക ദമ്പതികളായ വിസ സരീഷിന്റെയും കെ. വി രോഷ്‌നിയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ. രണ്ടര വയസ്സുള്ള ജിനൻ ഏക സഹോദരനാണ്. വരകളിൽ പ്രത്യേകം താല്പര്യമുള്ള പിതാവ് ജീവനെ ചിത്രം വരയും പ്രോത്സാഹിപ്പിക്കുമായിരുന്നു. പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താൻ സുഹൃത്തായ ചിത്രകാരൻ ബിജുവിനെ സഹായവും തേടി. ജീവൻ വരച്ച മുഴുവൻ ചിത്രങ്ങളും 'ജീവന്റെ വരകൾ' എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ബജറ്റ് പ്രസംഗത്തിന്റെ പുസ്തകത്തിന്റെ കവർ പേജ് ഡിസൈൻ ചെയ്ത ആർട്ടിസ്റ്റ് ഗോഡ്‌ഫ്രെ ദാസ് ആണ് ജീവന്റെ മനോഹരമായ വരകൾ കണ്ടു ബോധിച്ച് അതിൽ നിന്നും നാലു ചിത്രങ്ങൾ തെരഞ്ഞെടുത്തത്. ഈ ചിത്രങ്ങളാണ് കവർപേജിൽ ഡിസൈൻ ചെയ്തു വന്നത്. ജീവന്റെ ചിത്രങ്ങൾ കേരള ബജറ്റ് പുസ്തകത്തിന്റെ കവർ ചിത്രമായി വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അച്ഛൻ സരീഷും അമ്മ റോഷ്‌നിയും പറഞ്ഞു. 

 

Latest News