പ്രണയിച്ച് വിവാഹിതയായി, ദാമ്പത്യം നീണ്ടു  നിന്നത് പതിനഞ്ചു ദിവസമെന്ന് നടി കനക 

ചെന്നൈ-മലയാളത്തിലുള്‍പ്പെടെ സൂപ്പര്‍ താരങ്ങളുടെ നായികയായി   സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ്  കനക. 
1989 ല്‍ ഇറങ്ങിയ കരകാട്ടക്കാരന്‍ എന്ന തമിഴ്  ചിത്രത്തിലൂടെ  സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന  കനക  രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ് കാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.മലയാളം, തമിഴ്  ഭാഷകളില്‍ തിരക്കുള്ള നായികയായി ശോഭിക്കുമ്പോഴായിരുന്നു കനകയുടെ വിവാഹം. തുടര്‍ന്ന്   സിനിമാലോകത്തുനിന്നും  താരം വിടവാങ്ങുകയായിരുന്നു.  സിനിമയില്‍നിന്നും  വിട പറഞ്ഞതിനു പിന്നില്‍  നടിയുടെ അമ്മയും തെലുങ്ക് നടിയുമായ ദേവിക ആണെന്ന വാര്‍ത്തകള്‍ മുന്‍പ് പ്രചരിച്ചിരുന്നു.  അടുത്തിടെ താരം മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്തകളും പ്രചരിച്ചിരുന്നു.  മെലിഞ്ഞുണങ്ങിയ കനകയുടെ ചിത്ര സഹിതമായിരുന്നു പ്രചാരണം. വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് താന്‍ ജീവനോടെ ഉണ്ടെന്നറിയിച്ച്  കനക തന്നെ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍, ഇപ്പോള്‍  കനകയുടെ ജീവിതം വീണ്ടും  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.  പ്രണയിച്ച ആളെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം ആകെ പതിനഞ്ചു നാള്‍ മാത്രമാണ് നീണ്ടതെന്ന് കനക വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജിനീയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലേയ്ക്കും മാറുകയായിരുന്നു. 2007 ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളൂ പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ല. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ  അച്ഛന്‍ ദേവദസായിരുന്നു' കനക പറഞ്ഞു.

 


 

Latest News