Sorry, you need to enable JavaScript to visit this website.

ശുചിത്വവും മാസ്‌കും പകർച്ച വ്യാധികൾ  കുറച്ചു

കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയുടെ ഭാഗമായി മാസ്‌ക് ഉപയോഗിക്കുന്നതും വ്യക്തി ശുചിത്വം ഗൗരവത്തോടെ പാലിക്കുന്നതും  പകർച്ചവ്യാധികൾക്ക് വലിയ രീതിയിലുള്ള തടയിടാൻ സാധിച്ചിട്ടുണ്ടെന്നാണ് അനുഭവം തെളിയിക്കുന്നത്. കാലാവസ്ഥ മാറ്റ സമയത്ത് സാധാരണയായി കണ്ടു വരുന്ന അലർജി,ശ്വാസം മുട്ടൽ തുടങ്ങിയ രോഗങ്ങൾ ഈ വർഷം ഗണ്യമായി കുറഞ്ഞു. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകളിൽ അലർജിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ചികിത്സ തേടുന്നത്. എന്നാൽ അത് ഈ വർഷം നന്നായി കുറഞ്ഞു. പൊതു ഇടങ്ങളിലേക്ക് ഇറങ്ങുമ്പോൾ മാസ്‌ക് ഉപയോഗിക്കുന്നത് ഇതിനൊരു പ്രധാനകാരണമാണ്. കാലാവസ്ഥ മാറ്റം അറിയിച്ചു കൊണ്ടുള്ള  പൊടിക്കാറ്റും മഴയും മുൻകാലത്തെ അപേക്ഷിച്ചു ഈ വർഷം വളരെ കുറവായതും ഒരു പരിധിവരെ രോഗപകർച്ച കുറക്കാൻ കാരണമായിട്ടുണ്ട്. ആളുകൾ കൂടിപാർക്കുന്ന ക്യാമ്പുകളിലും തൊഴിലിടങ്ങളിലും പൊതു കക്കൂസ് ഉപയോഗിക്കുന്നതിലുള്ള ജാഗ്രതയും, ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയും കാന്റീനുകളും  വൃത്തിയായി സൂക്ഷിക്കുന്നതിലും കൂടുതൽ ശ്രദ്ധ പുലർത്തുന്നത്    അണുബാധയുമായി ബന്ധപ്പെട്ട രോഗങ്ങളും കുറഞ്ഞിട്ടുണ്ട്.
സ്വയം രോഗബാധ ഏൽക്കാതിരിക്കാനും മറ്റുള്ളവരെ രോഗികളാക്കാതിരിക്കാനും നമ്മൾ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. പൊതു ഇടങ്ങളിൽ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങൾ മറ്റുള്ളവരിലേക്ക് തെറിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോൾ നിർബന്ധമായും കൈ സോപ്പിട്ട് കഴുകണം. ആശുപത്രിയിലേക്ക്  പരിശോധനക്കോ ചികിത്സ ആവശ്യത്തിനോ  പോകുമ്പോൾ  അത്യാവശ്യമെങ്കിൽ മാത്രം സഹായികളെ കൂടെ കൊണ്ട് പോകുക. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ച് ഈ രാജ്യത്തിന്റെ ആരോഗ്യ സുരക്ഷക്ക്  കോട്ടം തട്ടാതെ സൂക്ഷിക്കേണ്ട ചുമതല നമ്മുടേതുകൂടിയാണ്.
 

Latest News