Sorry, you need to enable JavaScript to visit this website.

തായിഫ് വിളിച്ചു കൊണ്ടിരിക്കുന്നു

ചിലയിടങ്ങൾ എത്ര തവണ സന്ദർശിച്ചാലും കൊതി തീരില്ല എന്ന് പറയാറില്ലേ?. സൗദി അറേബ്യയിലെ അങ്ങനെയുള്ള ഒരു പ്രദേശമാണ് തായിഫ്. സന്ദർശകരുടെ കണ്ണിനും കാതിനും അക്ഷരാർത്ഥത്തിൽ കുളിരു പകരുന്ന ദേശമാണിത്. അത്യുഷ്ണ കാലത്ത്മരുഭൂ വാസികളുടെ ഉള്ളു തണുപ്പിക്കുന്ന ഒരു സുഖവാസ കേന്ദ്രം. എത്ര തവണ ഈ മനോഹരസാനു പ്രദേശം സന്ദർശിച്ചുവെന്ന് ഓർമ്മയില്ല. കഴിഞ്ഞദിവസം പ്രിയങ്കരനായ മുല്ല വീട്ടിൽ സലീം സാഹിബിനൊപ്പമാണ് 2021 ലെ യാത്രകൾക്ക് നാന്ദിയിട്ട് തായിഫിലേക്ക് തിരിച്ചത്. ഒരിക്കൽ കൂടി ജനുവരിയിലെ തണുപ്പിൽ അവിടുത്തെ ഹൃദയഹാരിയായ കാഴ്ചകൾ കണ്ടാണ് തിരിച്ചുവന്നത്. 
തായിഫിലേക്കുള്ള യാത്ര തന്നെ രസകരമാണ്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചുരം റോഡിലെ പാർശ്വ കാഴ്ചകൾ ശിലകളിലെഴുതിയ അമൂർത്ത കവിതകൾ പോലെ തോന്നിക്കും. നാനാവർണ്ണങ്ങളിലുള്ള പാറക്കൊത്തളങ്ങൾ കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന തരത്തിലാണ് രൂപകൽപ്പനയിൽ അദ്വിതീയനായ പടച്ചവൻ സംവിധാനിച്ചിരിക്കുന്നത്. ദീർഘകായനായ ഒരു സർപ്പം ഇഴഞ്ഞ് നീങ്ങുന്ന പ്രതീതിയാണ് ത്വായിഫ് ചുരത്തിന്റെ ഉച്ചിയിൽ നിന്നും താഴോട്ട് നോക്കിയാൽ. പകൽ സമയത്ത് മലനിരകൾ പല നേരങ്ങളിൽ നിഴലും വെളിച്ചവും ചേർന്ന് നാനാതരത്തിലുള്ള ദൃശ്യവിഭവങ്ങൾ സമ്മാനിക്കുന്നു. 
ഏറെ സമ്പന്നമായ ചരിത്രപശ്ചാത്തലം കൂടിയുണ്ട് തായിഫിന്. അറബിയിൽ ഈ വാക്കിനർത്ഥം തീർത്ഥാടകൻ എന്നാണ്. സൗദിയുടെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ പ്രകൃതിരമണീയ കേന്ദ്രത്തിലെത്താൻ ജിദ്ദയിൽ നിന്നും റോഡ് മാർഗം ഏകദേശം രണ്ട് മണിക്കൂർ സഞ്ചരിച്ചാൽ മതി. സമുദ്രനിരപ്പിൽനിന്ന് 1879 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സരാവത് പർവതനിരകളിലെ ഹിജാസ് കുന്നിൻ മുകളിലാണ് ഈ പട്ടണം. ഇസ്‌ലാമിക പൂർവ്വ കാലഘട്ടത്തിൽ ലാത്തയുടെ വിഗ്രഹത്തെ ആരാധിച്ച ഒരിടമാണിത്. അക്കാലങ്ങളിൽ അവിടെ തീർത്ഥാടകർ ഒരുപാട് ചെല്ലാറുണ്ടായിരുന്നു. അതിനാലാവണം ഈ ദേശത്തിന് ആ പേര് വന്നത്. പരിശുദ്ധ ഖുർആനിലെ നാൽപത്തി മൂന്നാം അധ്യായത്തിലെ മുപ്പത്തി ഒന്നാമത്തെ വചനത്തിൽ ഈ ദേശത്തെ കുറിച്ച് ഒരു ലഘു പരാമർശമുണ്ട്. പ്രവാചകൻ മുഹമ്മദ് നബി സന്ദർശിച്ച ഒരു പ്രദേശം കൂടിയാണിത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ചരിത്രത്തിൽ വേറിട്ട ഒരു സ്ഥാനവും തായിഫിനുണ്ട്. 
മക്കയിലെ പീഡനം സഹിക്കാനാവാതെ അറുനൂറ്റി പത്തൊമ്പതിൽ പ്രവാചകൻ മത പ്രബോധനത്തിന് വേണ്ടിതായിഫിലെ ബന്ധുക്കളുടെ അടുത്തേക്ക് പോയ കഥ പലർക്കും അറിയാവുന്നതാണ്.അവിടെ നിന്നും വലിയ തോതിലുള്ള മർദ്ദനങ്ങൾ പ്രവാചകനേൽക്കേണ്ടി വന്നു. ദാരുണമായി മുറിവേറ്റ് ചോര വാർന്നൊഴുകി. അന്നാട്ടുകാരാൽനിഷ്‌കരുണം പീഡിപ്പിക്കപ്പെട്ട് പരിക്ഷീണിതനായ പ്രവാചകന്അവിടെത്തെ നാട്ടുപ്രമാണിമാരുടെ നിർദ്ദേശ പ്രകാരം അദ്ദാസ് എന്ന ക്രിസ്ത്യാനിയായ ഒരടിമ മുന്തിരി എത്തിച്ചുകൊടുത്ത സന്ദർഭമെല്ലാം പ്രവാചകചരിത്രം വായിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. മുന്തിരി ഏറ്റുവാങ്ങിപ്രവാചകൻ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ഉച്ചരിച്ച് തിന്നാൻ തുടങ്ങിയപ്പോൾ പ്രവാചകന്റെ മുഖത്തേക്ക് ഏറെ കൗതുകത്തോടെ നോക്കിയ ആ ചെറുപ്പക്കാരൻ നബിയോട് ആശ്ചര്യത്തോടെ തിരക്കി. 'ഇന്നാട്ടുകാർ ആ വാക്കുകളല്ലല്ലോ സാധാരണ പറയാറ്?’ സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ടേ ഭക്ഷിക്കാവൂ എന്ന് ഞാൻ കൽപിക്കപ്പെട്ടിട്ടുണ്ടെന്ന് നബി പ്രതിവചിച്ചു. പിന്നീട് അയാളുമായി കുശലാന്വേഷണത്തിൽ ഏർപ്പെട്ട പ്രവാചകൻ , ''നീനവക്കാരനായ നീ മാത്തയുടെ നന്മ നിറഞ്ഞപുത്രനായ യോനയുടെ നാട്ടുകാരനാണല്ലോ '' എന്ന് പറഞ്ഞു.ഇത് കേട്ട് ആ യുവാവ് 'താങ്കൾക്കെങ്ങിനെയാണ് മാത്തയുടെ മകനാണ് യോനയെന്ന് മനസ്സിലായത’് എന്ന് ആശ്ചര്യം കൂറി. 'അദ്ദേഹം എന്റെ സഹോദരനാണ്. അദ്ദേഹം പ്രവാചകനായിരുന്നു. ഞാനും ഒരു പ്രവാചകനാണ്.’ നബിയുടെ ഈ മറുപടി കേട്ട ആ യുവാവ് താമസംവിനാ പ്രവാചകൻ പ്രബോധനം ചെയ്ത സത്യ ദർശനത്തിൽ ആകൃഷ്ടനായി എന്നതാണ് ചരിത്രം. ആ സ്ഥലത്ത് ഇപ്പോൾ മസ്ജിദ് അൽ അദ്ദാസ് എന്ന പേരിൽ ഒരു ചെറിയ പള്ളി സ്ഥിതി ചെയ്യുന്നുണ്ട്. 
തായിഫ് പൊതുവെ അറിയപ്പെടുന്നത് അനൗദ്യോഗിക വേനൽക്കാല തലസ്ഥാനം എന്ന നിലയിൽ കൂടിയാണ്. മറ്റെല്ലായിടത്തും ഉഷ്ണം പെയ്തിറങ്ങുമ്പോഴും തായിഫിൽ തണുപ്പായിരിക്കും. രണ്ടായിരം മുതൽ മൂവായിരത്തി അഞ്ഞൂറ് മീറ്റർ വരെ ഉയരമുള്ള അൽ ഹദ, അൽ ഷഫ എന്നീ റിസോർട്ട് പട്ടണവും തായിഫിന്റെ ഭാഗമാണ്. 1925ൽ സൗദ് രാജവംശം ഹിജാസ് കീഴടക്കുന്നതിന് മുമ്പ് നിരവധി അധികാര വടംവലികൾക്കും കൈമാറ്റങ്ങൾക്കും വിധേയമായ മേഖലയാണ് ഈ കുന്നിൻ പ്രദേശം. പ്രസിദ്ധമായ പ്രാചീന ഉക്കാള് ചന്ത തായിഫിന് സമീപത്താണ്. 
സൗദി അറേബ്യയിലെ കാർഷിക വിഭവങ്ങളുടെ കലവറ കൂടിയാണിവിടം. മുന്തിരിത്തോപ്പുകൾ, റുമാൻ തോട്ടങ്ങൾ വിവിധയിനം പച്ചക്കറി തോട്ടങ്ങൾ, അത്തി മരങ്ങൾ എന്നിവ കൊണ്ട് സമൃദ്ധമായ ഈ പ്രദേശം പനിനീരുകളുടെ പട്ടണം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മുപ്പതിതളുള്ള ഡമസ്‌ക് റോസിന് പേര് കേട്ട ഈ പൂന്തോട്ടപട്ടണം സീസണാവുമ്പോൾ തൊള്ളായിരത്തിലധികം പനിനീർ തോട്ടങ്ങളാൽ സുഗന്ധ പൂരിതമാവും. വർഷത്തിൽ മുന്നൂറ് മില്യനിലധികം പൂക്കൾ വിളയിച്ചെടുക്കുന്ന തായിഫിൽ ഉൽപാദിപ്പിക്കപ്പെടുന്ന അത്തറാണത്രെ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള പനിനീർ പരിമളം.  തായിഫിന് തെക്ക് ഭാഗത്ത് ശിലോദ്യാനവും ജലധാരയും കൊണ്ട് സമ്പന്നമായ റുദ്ദഫ് പാർക്കും സെയ്‌സാദ് നാഷനൽ പാർക്കും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അൽ ഹദയ്ക്കു സമീപമുള്ള നുഖ്ബത്തുൽ ഹംറ പാർക്ക് മറ്റൊരു ശ്രദ്ധേയ പ്രകൃതിദത്ത സങ്കേതമാണ്. ഇതു കൂടാതെ ധാരാളം മനോജ്ഞങ്ങളായ താഴ്‌വാരങ്ങളും അമ്യൂസ്‌മെന്റ് പാർക്കുകളും മൃഗശാലയും കോട്ടകളുമൊക്കെ സന്ദർശകരെ ആകർഷിക്കുന്നു. ലോകത്തിലെ തൂണില്ലാത്ത ഏറ്റവും നീളം കൂടിയ കേബിൾ കാർ സൗകര്യവും ഇവിടെയുണ്ട്. ഇതിനൊക്കെ പുറമേ സൗദിയിലെ പ്രസിദ്ധമായ മനോരോഗ ചികിൽസാ കേന്ദ്രവും തായിഫിലാണുള്ളത്. 
മഹാമാരിയുടെ ഈ നാളുകളിൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത് കൂടി സഞ്ചരിക്കുമ്പോൾ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെല്ലാം പൊതുവേ തിരക്ക് കുറഞ്ഞതിനെക്കുറിച്ച് സൗദിയിലെ ആദ്യ ലൈസൻസ്ഡ് മലയാളി ഇൻവെസ്റ്ററായ സലീംക്ക നെടുവീർപ്പിടുന്നുണ്ടായിരുന്നു. 
ബദാമും ഈത്തപ്പഴവും മട്ടൻ മന്തിയും കോൺ ചുട്ടെടുത്തതും ഒക്കെ ചേർന്ന് അറേബ്യൻ രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങൾ യാത്രയെ ചേതോഹരമാക്കി. രാത്രിയിൽ കുന്നിറങ്ങുമ്പോൾ മലമ്പാത പൊന്നരഞ്ഞാണം കെട്ടിയ കറുത്ത സുന്ദരി കണക്കെ തിളങ്ങിനിന്നു. വഴിയോരങ്ങളിൽ വാഹനം നിർത്തി കുളിർ കാറ്റ് കൊണ്ടും രാത്രി കാഴ്ചകൾ ആസ്വദിച്ചും പാട്ട് കേട്ടും കഥ പറഞ്ഞും ഞങ്ങൾ സഞ്ചരിച്ചത് ഓർമകളുടെ തീരാത്ത പാതയിലൂടെയും കൂടിയായിരുന്നല്ലോ? 
തിരിച്ചെത്തുമ്പോഴുള്ള ആനന്ദത്തിലാണ് യാത്രകളുടെ സൗന്ദര്യം എന്നു പറയാറുണ്ട്. യാത്രയിലുടനീളം മതവും രാഷ്ട്രീയവും സാഹിത്യവും ദേശ ചരിത്രവും കുടുംബ കഥകളും ഉൾപ്പടെ ഓരോരോ കാര്യങ്ങളും ചർച്ച ചെയ്തു കൊണ്ടാവുമ്പോൾ നമ്മുടെ കൂടെ ദൂരെ ദിക്കിൽ നിന്നുള്ള ഒരു പാട് പേർ സഞ്ചരിക്കുന്നതായി തോന്നും.
നാം സ്‌നേഹിക്കുന്നവരും നമ്മെ സ്‌നേഹിക്കുന്നവരുമൊക്കെ അകമേ നമ്മുടെ കൂടെയുണ്ടാവും. ഓരോ വളവിലും തിരിവിലും നമ്മുടെ മുന്നിൽ പലരും വന്നു നിന്നു പലതും പറഞ്ഞ് വാചാലരാവും. ആകാശ കാഴ്ചകൾ പുത്തൻ അനുഭൂതി പകരും. ഗഗനചാരികളായ വിവിധാകൃതിയിലുള്ള മേഘങ്ങൾ ലാസ്യനൃത്തം ചെയ്യുന്നതായി അനുഭവപ്പെടും. യാത്രികന്റെ കാഴ്ചകോണും മനോഭാവവും വ്യത്യസ്തമാവുന്നതിനാൽ നിരവധി പേർ ചേർന്ന് നടത്തുന്ന ഒരേ യാത്ര പോലും പലർക്കും പലവിധ യാത്രകളായി മാറും. അല്ലെങ്കിലും ചിന്തിക്കാനും സ്വപ്‌നം കാണാനും കഴിയുന്ന ഒരാളും തനിയെ യാത്ര ചെയ്യാറില്ലല്ലോ? ഒരേ വഴിയിൽ ഒരേ പോലെ സഞ്ചരിച്ചിട്ടുണ്ടാവില്ലല്ലോ?
 

Latest News