Sorry, you need to enable JavaScript to visit this website.

കാസർകോട്ടുകാർക്ക് കിട്ടും ഇനി നല്ല പിടയ്ക്കുന്ന വിഷരഹിത മീനുകൾ

വിഷമില്ലാത്ത പിടക്കുന്ന മീനുകൾ ഇനി മുതൽ കാസർക്കോട്ടുകാരുടെ തീൻമേശയിൽ നിറയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേർന്ന് 40 ശതമാനം സർക്കാർ സബ്‌സിഡിയോടെ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന സുഭിക്ഷ കേരളം മത്സ്യകൃഷിയിൽ ജില്ലയിൽ 420 കർഷകരാണ് മത്സ്യകൃഷി ചെയ്തു വരുന്നത്. ഇതിൽ പകുതിയോളം കർഷകരും വീട്ടുവളപ്പിലെ കുളങ്ങളിലാണ് മത്സ്യകൃഷി ചെയ്യുന്നത്.എട്ട് മാസം കൊണ്ട് ഒരു കിലോയോളം ഭാരം വരുന്ന അസം വാളയാണ് രണ്ട് സെന്റ് പടുതാക്കുളത്തിൽ കൃഷി ചെയ്യുന്നത്. വലിയ ചെലവ് പ്രതീക്ഷിക്കാവുന്ന മത്സ്യത്തീറ്റയുടെ ഉപയോഗം ബയോഫ്‌ളോക്ക് ടെക്‌നിക്കിലൂടെ 30 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കുന്നുവെന്നത് ഈ രീതിയുടെ പ്രത്യേകത. മത്സ്യ കൃഷിയിലെ അധിക തീറ്റയിൽ നിന്നും വെളളത്തിലേക്ക് വരുന്ന അമോണിയയെ, ഹെട്രാട്രോഫിക് ബാക്ടീരിയ കാർബോഹൈഡ്രേറ്റ് (കപ്പപ്പൊടി, പഞ്ചസാര, ശർക്കര) ഉപയോഗിച്ച് മൈക്രോബിയൽ പ്രോട്ടീനാക്കി മാറ്റുന്നു. 
ഇതുവഴി കൃഷിയിലുടനീളം മത്സ്യത്തിന് വേണ്ട തീറ്റ ടാങ്കിൽതന്നെ ലഭിക്കും. 21 ഘന മീറ്റർ വരുന്ന ടാങ്കിൽ 1250 നൈൽ തിലാപ്പിയ (ഗിഫ്റ്റ/ചിത്രലാഡ) കുഞ്ഞുങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്. ആറ് മാസം കൊണ്ട് 400 മുതൽ 500 ഗ്രാം വരെ തൂക്കമാണ് പ്രതീക്ഷിക്കുന്നത്. ഈ സങ്കര ഇനം കൃഷി ചെയ്യുന്നത് കൊണ്ട് ഒരു വർഷം രണ്ട് വിളവെടുപ്പ് സാധ്യമാകുന്നു.

കരിമീനും പിന്നെ കാളാഞ്ചിയും
കുളങ്ങളിലെ കരിമീൻ കൃഷിയും ശ്രദ്ധേയമാണ്. പദ്ധതിയിലൂടെ 50 സെന്റ് വരുന്ന കുളങ്ങളിലാണ് കരിമീൻ കൃഷി ചെയ്യുന്നത്. 1500 മത്സ്യകുഞ്ഞുങ്ങളോടൊപ്പം ആറ് കിലോ വരുന്ന മത്സ്യങ്ങളും നിക്ഷേപിക്കുന്നതിലൂടെ പ്രജനനം നടന്ന് നല്ലയിനം കരിമീൻ വിത്തുൽപ്പാദനം സ്വന്തം കൃഷിയിടത്തിൽ നിന്നു തന്നെ കർഷകർക്ക് സാധ്യമാകുന്നു.
കായലിലെ കൂട് കൃഷിയാണ് സുഭിക്ഷ പദ്ധതിയുടെ മറ്റൊരാകർഷണം. ഇന്ന് മാർക്കറ്റിൽ ആവശ്യക്കാർ ഏറെയുളള കാളാഞ്ചി (കൊളോൻ) ചെമ്പല്ലി, കരിമീനാണ് ഇതിലൂടെ ഉൽപ്പാദിപ്പിക്കുന്നത്.ഏകദേശം 300 ടൺ മത്സ്യ ഉൽപ്പാദനമാണ് കാസർകോട് ജില്ലയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

വീട്ടുമുറ്റത്തെ കുളത്തിൽ കൃഷി ചെയ്യാം
സ്വന്തം വീട്ടുമുറ്റത്തെ ജലസ്രോതസ്സ് മാത്രം മതി ബയോഫ്‌ളോക്ക് കൃഷി നടപ്പിലാക്കാൻ. പടുതാക്കുളത്തിലെ മീൻ കൃഷിക്ക് രണ്ട് സെന്റ് സ്ഥലവും കുളത്തിലെ കരിമീൻ കൃഷിക്ക് 5 സെന്റ് കുളവും മതി. ജില്ലയിൽ 136 ബയോഫ്‌ളോക്ക് യൂണിറ്റുകളിൽ നിന്നുമായി ഒരു വർഷം കൊണ്ട് 80 മുതൽ 100 ടൺ വരെ മത്സ്യം ഉൽപാദിപ്പിക്കാൻ കഴിയും. മാർക്കറ്റിൽ കിലോയ്ക്ക് 120 മുതൽ 300 രൂപ വരെ ലഭിക്കുന്നുണ്ട് എന്നതിനാൽ നല്ല വരുമാനം തന്നെ പ്രതീക്ഷിക്കാം.വീട്ടുവളപ്പിലെ കുളങ്ങളിലെ മത്സ്യകൃഷിക്കായി രണ്ട് സെന്റ് വിസ്തൃതിയിൽ പടുതാക്കുളമാണ് നിർമ്മിക്കുന്നത്. ഇതിനായി 271 കർഷകർ ജില്ലയിൽ ഇപ്പോൾ പദ്ധതിയുടെ ഭാഗമാണ്. ഇതിനുവേണ്ടി ജില്ലയിൽ 2.19 ഹെക്ടർ പടുതാക്കുളം നടപ്പിലാക്കിയിട്ടുണ്ട്. ഒരു വർഷം പദ്ധതിയിൽ നിന്നുമായി 217 മുതൽ 271 ടൺ വരെ അസംവാള ഉൽപാദിപ്പിക്കാനാകും.

Latest News