Sorry, you need to enable JavaScript to visit this website.

കമൽ എന്ന സംവിധായകനും ഇടതുപക്ഷവും

ഇടതുപക്ഷ മുഖംമൂടി വെച്ചാൽ ഏതു നിയമ ലംഘനവും ന്യായീകരിക്കപ്പെടുമെന്നാണോ അദ്ദേഹം ധരിച്ചിട്ടുള്ളത്? എങ്കിൽ കഷ്ടം എന്നേ പറയാനാവൂ. ഇടതുപക്ഷമാണോ വലതുപക്ഷമാണോ എന്നതല്ല, നമ്മൾ ആർക്കൊപ്പം എന്നതാണ് യഥാർത്ഥ ചോദ്യം. അക്കാര്യത്തിൽ പ്രിയസംവിധായകൻ, നിങ്ങൾ ചൂഷിതർക്കൊപ്പമല്ല എന്നു തന്നെ പറയേണ്ടിവരും.

കേരള ചലച്ചിത്ര അക്കാദമിയിൽ നാലു വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് സംവിധായകനും അക്കാദമി അധ്യക്ഷനുമായ  കമൽ സർക്കാരിന് എഴുതിയ കത്ത് വലിയ വിവാദമായിരിക്കുകയാണല്ലോ. നിയമ വിരുദ്ധമായ ഒരു കാര്യം ചെയ്യാനാണ് കമൽ ആവശ്യപ്പെട്ടത്. ഒരുപക്ഷേ അടുത്ത കാലത്ത് ഇത്തരത്തിലുള്ള പിൻവാതിൽ നിയമനം ഏറെ നടക്കുന്നതായിരിക്കാം അദ്ദേഹത്തിനു ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കാൻ ധൈര്യം നൽകിയത്. എന്തായാലും വിഷയം നിയമസഭയിലടക്കം ഉന്നയിക്കപ്പെടുകയും രാഷ്ട്രീയക്കാരുടെ പതിവു ശൈലിയിൽ ജാഗ്രത കുറവുണ്ടായെന്നു കമൽ അംഗീകരിക്കുകയും ചെയ്തു. നല്ലത്.
കമലിന്റെ കത്തിലെ രാഷ്ട്രീയം ചർച്ച ചെയ്യാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇടതുപക്ഷമെന്നതുകൊണ്ട് താൻ ഉദ്ദേശിച്ചത് ഏതെങ്കിലും പാർട്ടിയെ അല്ല എന്നും വിശാലാർത്ഥത്തിലാണ് ആ പദം ഉപയോഗിച്ചതെന്നും അദ്ദേഹം പറയുന്നു. രാജ്യമെങ്ങും വലതുപക്ഷ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയം ശക്തമാകുമ്പോൾ പുരോഗമന ഇടതുപക്ഷ നിലപാടാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും നെഹ്‌റുവിനെ പോലുള്ള കോൺഗ്രസ് നേതാക്കൾ പോലും അത്തരത്തിലാണ് ചിന്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.  ഇടതുപക്ഷ അനുഭാവികളായവരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായിക്കുമെന്നു മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും കമൽ ആവർത്തിക്കുകയും ചെയ്തു. 
ഒരർത്ഥത്തിൽ കമൽ പറയുന്നത് ശരിയാണ്. മലയാളികളുടെ ആധുനികകാല അന്ധവിശ്വാസങ്ങളിൽ ഒന്നാണ് ഇടതുപക്ഷമെന്നാൽ പുരോഗമനപരവും വലതുപക്ഷമെന്നാൽ പിന്തിരിപ്പനുമാണെന്നത്. പാർട്ടിക്കാരനാണെന്നു തോന്നാതിരിക്കാൻ ചിലപ്പോൾ വിശാല ഇടതുപക്ഷം എന്ന പദമുപയോഗിക്കും. കോൺഗ്രസുകാരടക്കമുള്ളവർ തങ്ങളും ഇടതുപക്ഷമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. വലതുപക്ഷക്കാരൻ, ഇടതുപക്ഷ വിരുദ്ധൻ എന്നൊക്കെ വിശേഷിപ്പിക്കുന്നത് ഏറ്റവും വലിയ അശ്ലീലമായാണ് കണക്കാക്കപ്പെടുന്നത്. ഇടതുപക്ഷ വിരുദ്ധൻ എന്നതിനു പകരം പലപ്പോഴും സി.പി.എം വിരുദ്ധൻ, പിണറായി വിരുദ്ധൻ എന്നും ആക്ഷേപിക്കുന്നതായി കേൾക്കാം. ഇത്തരമൊരു വിശ്വാസത്തിന് എന്തെങ്കിലും രാഷ്ട്രീയമായ അടിത്തറയുണ്ടോ എന്നു പരിശോധിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം,  
ഫ്രാൻസിൽ വിപ്ലവത്തിനു് മുമ്പ്, രാജഭരണത്തെ എതിർത്തിരുന്ന, സമൂല പരിഷ്‌കരണമാവശ്യപ്പെട്ടിരുന്ന, ചൂഷിതരുടെ പക്ഷം പിടിച്ചിരുന്ന പ്രതിപക്ഷം പാർലമെന്റിന്റെ ഇടതു വശത്താണ് ഇരുന്നിരുന്നത്. അങ്ങനെയാണ് ഇടതുപക്ഷം എന്ന വാക്കിന്റെ ഉദ്ഭവവും അതാണ് പുരോഗമനപരമെന്ന സങ്കൽപത്തിനു കാരണവും. അവരന്ന് വലതുപക്ഷത്താണ് ഇരുന്നിരുന്നതെങ്കിൽ ഈ വിശേഷണമെല്ലാം മറിച്ചാകുമായിരുന്നു എന്നത് അവിടെ നിൽക്കട്ടെ. ചൂഷതരുടെ പക്ഷം പിടിക്കലാണ് പുരോഗമനപരവും ഇടതുപക്ഷവുമെങ്കിൽ കേരളീയ സാഹചര്യത്തിൽ അത്തരമൊന്നുണ്ടോ, എങ്കിൽ ആരാണത് എന്ന പരിശോധന വളരെ പ്രസക്തമാണ്. സമീപകാലത്തെ ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം. ലഘുലേഖകൾ കൈവശം വെച്ചതിനു ഇടതുപക്ഷക്കാരെന്നവകാശപ്പെടുന്ന രണ്ടു വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി എൻ.ഐ.എക്ക് വിട്ടുകൊടുത്തപ്പോൾ അതിനെ അതായത് ഭരണകൂട ഫാസിസത്തെ ന്യായീകരിച്ചത് ഇടതുപക്ഷവും എതിർത്തത് വലതുപക്ഷവുമായിരുന്നല്ലോ. എങ്കിൽ വലതുപക്ഷമല്ലേ ഇടതുപക്ഷം? ഇടതുപക്ഷം വലതുപക്ഷവും?  ഇടതുപക്ഷത്തിനു നൽകുന്ന നിർവചനം ശരിയാണെന്നു തന്നെ സമ്മതിക്കുക. എങ്കിൽ കേരള രൂപീകരണത്തിനു ശേഷം നടന്ന ജനകീയ മുന്നേറ്റങ്ങളിൽ ഇടതുപക്ഷമെന്നവകാശപ്പെടുന്നവർ  ഏതു പക്ഷത്തായിരുന്നു എന്ന പരിശോധനയിൽ ഈ അന്ധവിശ്വാസത്തിന്റെ യാഥാർത്ഥ്യം ബോധ്യമാകും.  ഏതാനും ഉദഹരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടട്ടെ. കേരളത്തിൽ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നവർ ആദിവാസികളാണെന്നതിൽ ആർക്കും ഭിന്നതയുണ്ടാകുകയില്ലല്ലോ. ആദിവാസികൾ തങ്ങൾക്കവകാശപ്പെട്ട ഭൂമിക്കു വേണ്ടി സമരം ചെയ്തപ്പോൾ അതിനോടെടുത്ത നിലപാടിനെ ഇക്കാര്യത്തിൽ ഒരു മാനദണ്ഡമാക്കാവുന്നതാണ്. ഭരണഘടനാനുസൃതമായ അവകാശങ്ങൾക്കായി സമരം ചെയ്തവരെ മുത്തങ്ങയിൽ നിന്നിറക്കിവിടാനാവശ്യപ്പെട്ട് ഹർത്താൽ നടത്തിയത് മിക്കവാറും എല്ലാ പാർട്ടികളും ചേർന്നായിരുന്നു. അതിനു ശേഷം രണ്ടാമത്തെ ദിവസമായിരുന്നു വെടിവെപ്പു നടന്നത്. ആ സമരവുമായി ബന്ധപ്പെട്ട കേസുകൾ ഇന്നും പിൻവലിച്ചിട്ടില്ല. അതിനു മുമ്പ് തിരുവനന്തപുരത്ത് ആദിവാസികൾ കുടിൽ കെട്ടി സമരം നടത്തിയപ്പോൾ തലസ്ഥാന നഗരത്തെ തൂറി വൃത്തിക്കേടാക്കിയെന്നാക്ഷേപിച്ചത് സാക്ഷാൽ വി.എസ്. അച്യുതാനന്ദനായിരുന്നു. ആദിവാസികളിൽ നിന്നുയർന്നുവന്ന വനിതാ നേതാവ് സി.കെ. ജാനുവിനോടും ആദിവാസി ഗോത്രമഹാസഭയോടും ഇവരെടുത്ത നിലപാടുകളും പരിശോധിക്കാവുന്നതാണ്. ദളിതരുടെ പോരാട്ടങ്ങളിലേക്കു വന്നാലും ഇവരുടെയെല്ലാം നിലപാടെന്താണ്? മുമ്പു സൂചിപ്പിച്ചതാണ് ഇടതുപക്ഷത്തിന്റെ നിർവചനമെങ്കിൽ എങ്ങനെയാണവർക്ക് മുന്നോക്ക സംവരണത്തിന്റെ വക്താക്കളാകാനാകുക? കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണത്തിനു ശേഷം നാലു സെന്റ് കോളനികളിലേക്ക് ഒതുക്കപ്പെട്ടവർ ഭൂമിക്കായി ചെയ്യുന്ന സമരങ്ങളെ അടിച്ചമർത്താനാകുക? ചങ്ങറയിലും അരിപ്പയിലും മറ്റും ഉപരോധമേർപ്പെടുത്തി ദളിതരുടെ ഭൂസമരങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർ ഇടതുപക്ഷമാണോ? രാജമാണിക്യമടക്കമുള്ള കമ്മീഷനുകളുടെ ശുപാർശകൾ പ്രകാരം ഹാരിസണും ടാറ്റയുമടക്കമുള്ളവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷക്കണക്കിനേക്കർ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യാൻ ചെറുവിരലനക്കാത്തവരും നമുക്ക് ഇടതുപക്ഷമാണ്. വിനായകനും കെവിനും ജിഷയും മധുവും ആതിരയും അനീഷയും അശാന്തനും പേരാമ്പ്രയും വടയമ്പാടിയും ഗോവിന്ദാപുരവും പെട്ടിമുടിയുമെല്ലാം ഇടതുപക്ഷ കേരളത്തിൽ തന്നെയല്ലേ? മറ്റേതൊരു മേഖലയെടുത്താലും ഇടതുപക്ഷമെന്നവകാശപ്പെടുന്നവരെടുക്കുന്ന നിലപാടുകൾ, അവർ വലതുപക്ഷമെന്നാക്ഷേപിക്കുന്നതു തന്നെയല്ലേ? ഏതൊരു സമൂഹത്തിലും പല രീതിയിലുള്ള പീഡനങ്ങൾക്ക് വിധേയരായ സ്ത്രീകളുടെ പ്രസ്ഥാനങ്ങളോട് എന്നുമിവരെടുക്കുന്ന നിലപാടുകൾ എന്താണ്? കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ തുടക്കം മുതൽ ആശയപരമായും പ്രായോഗികമായും ശക്തമായി എതിർത്തിരുന്നത് ആരായിരുന്നു? അടുക്കള സമരം, പി.ഇ. ഉഷയുടെ പോരാട്ടം തുടങ്ങി ശബരിമല സ്ത്രീപ്രവേശനത്തിൽ എടുത്ത അഴകൊഴമ്പൻ നിലപാട് വരെ പരിശോധിച്ചാൽ എന്താണ് വ്യക്തമാകുന്നത്?  പാലത്തായിയും വാളയാറും വരെ ഈ പട്ടിക നീട്ടാം. ഇടതുപക്ഷമെന്നവകാശപ്പെടുന്നവരുടെ യാഥാർത്ഥ്യമെന്താണെന്നു ബോധ്യമാകുന്ന മറ്റൊരു പ്രധാന മേഖല പരിസ്ഥിതി സമരങ്ങളാണ്. വൻകിട പദ്ധതികൾ മൂലം ജീവിതം ദുസ്സഹമായ പാവപ്പെട്ട ജനങ്ങൾ സമര രംഗത്തിറങ്ങുമ്പോൾ തൊഴിലാളികളുടെ പേരു പറഞ്ഞ് മാനേജ്‌മെന്റിന്റെ ഒപ്പം ഇവർ നിന്ന കാഴ്ചകൾ മാവൂരിലും പ്ലാച്ചിമടയിലും കാതിക്കുടത്തുമൊക്കെ നാം കണ്ടു. മൂന്നാർ തോട്ടം തൊഴിലാളികളുടെ സമരത്തിലും നിലപാട് മറ്റൊന്നായിരുന്നില്ലല്ലോ. നഗര മാലിന്യങ്ങൾ ചുമക്കാൻ തയാറല്ല എന്നു പ്രഖ്യാപിച്ച് വിളപ്പിൽശാല, ലാലൂർ പോലുള്ള ഗ്രാമങ്ങളിലെ ജനങ്ങൾ നടത്തിയ പോരാട്ടങ്ങളുടെയും എതിർഭാഗത്തായിരുന്നു ഇവർ. സൈലന്റ്‌വാലി, പെരിങ്ങോം, അതിരപ്പിള്ളി, പുതുവൈപ്പിൻ പോലെയുള്ള പദ്ധതികൾക്കെതിരെ ജനങ്ങൾ ഒറ്റെക്കെട്ടായി രംഗത്തിറങ്ങിയപ്പോഴും ഇവർ മറുവശത്തായിരുന്നു. പുഴ, വയൽ, കടൽ, കരിമണൽ ഖനനം, പശ്ചിമഘട്ട സംരക്ഷണം, ക്വാറി, വിവിധ പദ്ധതികൾക്കായി കൃത്യമായ നഷ്ടപരിഹാരം നൽകാതെയുള്ള കുടിയിറക്കൽ തുടങ്ങി അനന്തമായി നീളുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ജനകീയ പോരാട്ടങ്ങളിലും സ്ഥിതി മറ്റൊന്നല്ല. മിക്കപ്പോഴും ഇത്തരം വിഷയങ്ങളിൽ സമരം ചെയ്യുന്നവരെയെല്ലാം സംഘ്പരിവാറുകാരെപോലെ മാവോയിസ്റ്റുകളും മുസ്‌ലിം തീവ്രവാദികളുമായി ആക്ഷേപിക്കുന്നതിലും ഇവർ ഒട്ടും മോശമില്ല. 
ഏതു വിഷയമെടുത്താലും ഇടതുപക്ഷമെന്നവകാശപ്പെടുന്നവരുടെ നിലപാട് അവരുടെ ഭാഷയിൽ വലതുപക്ഷമാണെന്നു കാണാം. ഒരുദാഹരണം കൂടി സൂചിപ്പിക്കാതെ വയ്യ. അത് പോലീസ് നയം തന്നെയാണ്. യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്ന നാടാണ് കേരളം. അതുപോലെ വ്യാജ ഏറ്റുമുട്ടലുകൾ മുതൽ ലോക്കപ്പ് കൊലപാതകങ്ങൾ വരെ ''ഇടതുപക്ഷ'' ഭരണത്തിലും നിരന്തരമായി ആവർത്തിക്കുന്നു. ജനകീയ സമരങ്ങളെ ക്രൂരമായി തല്ലിച്ചതക്കുന്നു. ഇതെല്ലാം നടക്കുമ്പോൾ ഭരണകൂടത്തിന്റെ മർദനോപകരണമാണ് പോലീസ് എന്ന പ്രശസ്ത ഇടതുപക്ഷ നിലപാടിനു പകരം പോലീസിന്റെ ആത്മവീര്യത്തെ കുറിച്ചാണ് മുഖ്യമന്ത്രി പോലും പറയുന്നത്. ഇടതുപക്ഷമെന്നു തന്നെ അവകാശപ്പെടുന്നവരെയാണ് വ്യാജ ഏറ്റുമുട്ടലുകളിൽ കൊന്നുകളയുന്നത്. മറ്റൊന്നു കൂടി. സംവാദങ്ങളാണ് ജനാധിപത്യ സംവിധാനത്തിൽ അനിവാര്യമെന്നതിനു പകരം കൊലപാതക രാഷ്ട്രീയത്തിലാണ് അവരിപ്പോഴും ഊന്നുന്നത്. കമ്യൂണിസ്റ്റ് നേതാവ് പോലും കൊല ചെയ്യപ്പെട്ടു. ജനാധിപത്യത്തിനു പകരം കണ്ണൂരിലെ ഗ്രാമങ്ങളിൽ മാത്രമല്ല, കേരളത്തിലെ കാമ്പസുകളെയെല്ലാം പാർട്ടി ഗ്രാമങ്ങളാക്കാൻ ശ്രമിക്കുന്നവർ എങ്ങനെയാണ് ഇടതുപക്ഷമാവുക? ഇതിനെയെല്ലാം പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്നവർ എങ്ങനെയാണ് വിശാല ഇടതുപക്ഷമാവുക? 
ഇത്തരം വിഷയങ്ങളെല്ലാം മറച്ചുവെച്ചാണ്, തുടക്കത്തിൽ പറഞ്ഞ പോലെ ഇടതുപക്ഷം പുരോഗമനപരം എന്ന അന്ധവിശ്വാസത്തിൽ നിന്ന് പിൻവാതിലിലൂടെ നിയമനം നടത്താൻ കമൽ ആവശ്യപ്പെട്ടത്. ഇടതുപക്ഷ മുഖംമൂടി വെച്ചാൽ ഏതു നിയമ ലംഘനവും ന്യായീകരിക്കപ്പെടുമെന്നാണോ അദ്ദേഹം ധരിച്ചിട്ടുള്ളത്? എങ്കിൽ കഷ്ടം എന്നേ പറയാനാവൂ. ഇടതുപക്ഷമാണോ, വലതുപക്ഷമാണോ എന്നതല്ല, നമ്മൾ ആർക്കൊപ്പം എന്നതാണ് യഥാർത്ഥ ചോദ്യം. അക്കാര്യത്തിൽ പ്രിയസംവിധായകൻ, നിങ്ങൾ ചൂഷിതർക്കൊപ്പമല്ല എന്നു തന്നെ പറയേണ്ടിവരും.


 

Latest News