Sorry, you need to enable JavaScript to visit this website.

കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം; തലയ്‌ക്കേറ്റ ക്ഷതമെന്ന് നിഗമനം

കോട്ടയം - ഉദയംപേരൂരിൽ പോലീസ് കസ്റ്റഡിയിൽ  കാഞ്ഞിരപ്പള്ളി വട്ടപ്പകപ്പാറ തൈപ്പറമ്പിൽ ഷെഫീഖിന്റെ (37) തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പ്രാഥമിക നിഗമനം.തലയിലെ പരിക്കിനെ തുടർന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. അതേസമയം പരിക്കു വീഴ്ച മൂലമോ മർദ്ദനം മൂലമോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല.ഇതിനായി ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കണം. ഫൊറൻസിക് മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്.

ബുധനാഴ്ച വൈകുന്നേരമാണു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷെഫീക്ക് മരിച്ചത്. ഉദയംപേരൂർ പോലീസാണ് വഞ്ചനാകേസിൽ ഷെഫീഖിനെ അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ തലയിൽ മുറിവുകളുണ്ടെന്നും പോലീസ് മർദനം മൂലമാണ് മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇന്നലെ രാവിലെ ഇൻക്വസ്്റ്റ് നടപടികൾക്കായി ഉദയംപേരൂർ സിഐയുടെ നേതൃത്വത്തിൽ പോലീസ് എത്തിയതോടെ മെഡിക്കൽ കോളജ് മോർച്ചറിക്കു മുന്നിൽ സംഘർഷാന്തരീഷം ഉടലെടുത്തു. പോലീസാണ് കൊലപ്പെടുത്തിയതെന്ന് ഷെഫീക്കിന്റെ ബന്ധുക്കൾ ആരോപിച്ചു. അതിനിടെ യൂത്ത്് കോൺഗ്രസ് പ്രതിഷേധവുമായി എത്തി. പ്രവർത്തകരും പോലീസുമായി ഉന്തും തള്ളും ഉണ്ടായി. ഇത് കസ്റ്റഡി മരണമാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.  ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി. വൈകുന്നേരം നടപടികൾ അവസാനിച്ചതിനെ തുടർന്ന്് മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.എറണാകുളം സബ് കലക്ടറുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടന്നത്്.
 

Latest News