ബ്രി്ട്ടനില്‍ നിന്ന് തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് 

ബംഗളുരു-സിനിമാ ഷൂട്ടിങ് കഴിഞ്ഞ് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു വിമാനത്താവളത്തില്‍വച്ച് നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നടിക്ക് രോഗലക്ഷണങ്ങള്‍ ഇല്ല.ഇപ്പോള്‍ ബംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ കോവിഡിന്റെ വകഭേദം കണ്ടെത്താനാകൂ. 'ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദ് വാട്ടര്‍' എന്ന ഇന്‍ഡോ  ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിനുവേണ്ടിയായിരുന്നു ലെന യുകെയില്‍ പോയത്. അവിടെ ഏതാനും ആഴ്ചകള്‍ ഉണ്ടായിരുന്നു.കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനില്‍ നിന്നെത്തുന്നവരെയെല്ലാം ആര്‍ടി പിസിആര്‍ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. ഫലം വരുന്നതുവരെ യാത്രക്കാരോട് വിമാനത്താവളത്തില്‍ കാത്തിരിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

Latest News