Sorry, you need to enable JavaScript to visit this website.

ട്രംപിന്റെ അമേരിക്ക 

ട്രംപ് ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ്. ലോകമാകെ വ്യാപിച്ചു കിടക്കുന്ന വ്യാപാര-വാണിജ്യ സംരംഭങ്ങൾ ഗ്രൂപ്പിനുണ്ട്. ഹോട്ടലുകളും റിസോർട്ടുകളും ഗതാഗത സംവിധാനങ്ങളുമെല്ലാം ട്രംപിന്റെ സ്വത്തു വകകളിലുൾപ്പെടും. നാല് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തെത്തി.  അമേരിക്കയെ ഇന്ത്യയുമായി താരതമ്യം ചെയ്യുക ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിലാണ്. ട്രംപ് പ്രസിഡന്റായ ശേഷം ഇന്ത്യക്ക് നല്ല പരിഗണന ലഭിച്ചു. ട്രംപിന്റെ മുൻഗാമികളിലൊരാൾക്ക്് ഇന്ത്യയെന്ന രാജ്യത്തെപ്പറ്റി വലിയ ധാരണയൊന്നുമില്ലായിരുന്നുവെന്നോർക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാവുക. ഇന്ത്യയിൽ തന്നെക്കാണാൻ പൊരിവെയിലത്ത്് പത്ത്് ലക്ഷം പേർ കാത്തിരിക്കുമെന്നൊക്കെ അദ്ദേഹം തള്ളിയിട്ട് അധികം കാലമായിട്ടില്ല. ഏതായാലും ട്രംപ് യുഗം അവസാനിക്കുകയാണ്. അതൊരു മഹാദുരന്തമായി അവസാനിക്കുന്നതാണ് ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികളെ വേദനിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ തോൽവിയും വിജയവുമൊക്കെ സർവസാധാരണമാണ്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വരെ തോറ്റിട്ടില്ലേ. അവരാണെങ്കിൽ പക്ക രാഷ്ട്രീയക്കാരി. പിന്നെയാണോ ന്യൂയോർക്കിലും മുംബൈയിലും മറ്റും റിയൽ എസ്‌റ്റേറ്റ് ഉൾപ്പെടെയുള്ള ബിസിനസ് ചെയ്യുന്ന ട്രംപിന്റെ തോൽവി ഇത്ര കാര്യമാക്കാൻ. അദ്ദേഹമൊഴികെ പലരും ഇത് പ്രതീക്ഷിച്ചതുമാണ്. അമേരിക്കൻ മാധ്യമങ്ങൾക്ക് ഏതായാലും മറിച്ചൊരു ധാരണയുണ്ടാവാൻ സാധ്യതയില്ല. തോറ്റതിന് ശേഷം അരങ്ങേറിയ പലതും ട്രംപിന്റെ പക്വത ഇല്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. 
ജോ ബൈഡൻ അധികാരമേൽക്കുന്ന ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിട്ടുണ്ട്. ഈ മാസം  ഇരുപതിനാണ് അധികാരമേൽക്കൽ ചടങ്ങ്. കഴിഞ്ഞ 150 വർഷത്തിനിടെ ഒരു പ്രസിഡന്റ് പോലും ഈ ചടങ്ങ് ബഹിഷ്‌കരിച്ചില്ല. ആൻഡ്രൂ ജോൺസനാണ് അവസാനമായി അധികാരമേൽക്കൽ ചടങ്ങ് ബഹിഷ്‌കരിച്ച പ്രസിഡന്റ്.  ട്രംപ് ചടങ്ങിൽ പങ്കെടുക്കാത്തത് നല്ല കാര്യമെന്ന് ജോ ബൈഡൻ പ്രതികരിച്ചു. ട്രംപുമായി തനിക്ക് യോജിപ്പുള്ള വളരെ കുറച്ച് കാര്യങ്ങളിലൊന്നാണിതെന്നാണ്  ബൈഡന്റെ ഭാഷ്യം.  അദ്ദേഹം ചടങ്ങിലേക്ക് വരാത്തത് നല്ല കാര്യം തന്നെയാണ്. അമേരിക്കക്ക്് വലിയ നാണക്കേടാണ് ട്രംപ്. ഭരിക്കാൻ അദ്ദേഹം യോഗ്യനല്ല. തനിക്ക് ട്രംപിനെ കുറിച്ചുള്ള ഏറ്റവും മോശം കാഴ്ചപ്പാടിനും അപ്പുറത്തേക്ക് അദ്ദേഹം മാറി. ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നും ബൈഡൻ തുറന്നടിച്ചു. 
അമേരിക്കയിൽ നിന്ന് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരങ്ങൾ  ഒട്ടും ആശാസ്യമല്ല. ജോ ബൈഡൻ പുതിയ പ്രസിഡന്റായി അധികാരമേൽക്കും മുമ്പ് അമേരിക്കയിൽ സായുധ കലാപത്തിന്  നീക്കമുണ്ടെന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ ഇതിനായി രഹസ്യ നീക്കം നടത്തുന്നു എന്നാണ്  റിപ്പോർട്ട്. അമേരിക്കയിലെ  അന്വേഷണ ഏജൻസിയായ എഫ്.ബി.ഐക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചു. അവർ എല്ലാ സംസ്ഥാനങ്ങളിലെയും ബ്രാഞ്ചുകളിലേക്ക് വിവരം കൈമാറി. ഈ രേഖ ഉദ്ധരിച്ച്  മാധ്യമങ്ങൾ വാർത്ത നൽകി. രാജ്യത്താകമാനം  കലാപം സൃഷ്ടിക്കാനാണ് ട്രംപ് അനുകൂലികളുടെ നീക്കം.  അമേരിക്കൻ ജനാധിപത്യ വ്യവസ്ഥക്ക് തുരങ്കം വെക്കാനാണ് ഗൂഢശ്രമം നടക്കുന്നത്. അമ്പത്  സംസ്ഥാനങ്ങളിലെയും തലസ്ഥാനങ്ങളിൽ  വ്യാപകമായ അക്രമത്തിലേക്ക് ഇത് നയിച്ചേക്കാമെന്ന് എഫ്.ബി.ഐ കരുതുന്നു. ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കുന്നതിന് തൊട്ടുമുമ്പ് രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകളും കോടതികളും കൈയേറാനാണ് ശ്രമം. ജോ ബൈഡൻ അധികാരമേൽക്കുന്ന വേളയിൽ രാജ്യത്തെ പ്രധാന ഓഫീസുകൾ ഇവർ കൈയടക്കും. ഒരു സംഘം ഇതിനായി ശ്രമം നടത്തുന്നുവെന്ന് എഫ്.ബി.ഐ കരുതുന്നു.  ഈ മാസം  16 ന് ഒരു സായുധ സംഘം വാഷിങ്ടൺ ഡിസിയിലേക്ക് യാത്ര ചെയ്യും. ട്രംപിനെതിരായ നീക്കങ്ങൾ ആരംഭിക്കുന്ന വേളയിൽ ഇവർ കലാപം തുടങ്ങുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പ്രധാന സർക്കാർ ഓഫീസുകൾക്കും മന്ദിരങ്ങൾക്കും സുരക്ഷ ശക്തമാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.  ജനുവരി 20 നാണ് ബൈഡൻ അധികാരമേൽക്കുക. 16 മുതൽ കലാപ സാധ്യതയുണ്ട്. വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടേക്ക് 15,000 സൈനികരെ അയക്കാൻ നാഷണൽ ഗാർഡ് തീരുമാനിച്ചു. 
ട്രംപ് അനുകൂലികൾ ഇക്കഴിഞ്ഞ ബുധനാഴ്ച അമേരിക്കൻ പാർലമെന്റ് കൈയേറിയിരുന്നു. കാപിറ്റോളിലേക്ക് ഇരച്ചുകയറിയ അക്രമികൾ വ്യാപക നാശനഷ്ടം വരുത്തി. ലോകത്തെ ഏറ്റവും സുരക്ഷതിമെന്ന് കരുതുന്ന അമേരിക്കൻ പാർലമെന്റിലേക്ക് പതിനായിരങ്ങൾ ഇരച്ചുകയറിയപ്പോൾ പോലീസിന് നിയന്ത്രിക്കാനായില്ല. പരിഷ്‌കൃത സമൂഹമെന്ന്് ഖ്യാതിയുള്ള യു.എസിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇത്തരം അനുഭവങ്ങൾ. 
പഴയകാല ഗുണ്ടാത്തലവൻമാരെ പോലെ ഫോണിൽ വിളിച്ചു പറഞ്ഞും കുറിപ്പുകൾ കൊടുത്തയച്ചുമല്ല അക്രമങ്ങളുണ്ടാക്കുന്നത്. സമൂഹ മാധ്യമങ്ങളാണ് ആശയ വിനിമയോപാധി. ട്രംപ് ഫേസ്ബുക്കിനെ അങ്ങനെ ദുരുപയോഗിക്കേണ്ടെന്ന് സക്കർബർഗ് വ്യക്തമാക്കി. കഴുത്തിന് പിടിച്ച് പുറത്തിട്ടു. അതു കഴിഞ്ഞാണ് ട്വിറ്ററും വിലക്കേർപ്പെടുത്തിയത്.  ട്രംപിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സൂക്ഷമായി പരിശോധിച്ചു. അതിന് ശേഷമാണ്  കൂടുതൽ അക്രമ സംഭവങ്ങൾക്ക് ട്രംപിന്റെ ട്വീറ്റുകൾ പ്രേരണയാകുന്നത് തടയാൻ  അക്കൗണ്ട് നിരോധിക്കുന്നതെന്ന് ട്വിറ്റർ വ്യക്തമാക്കി. ട്വിറ്റർ നിരോധനം ലഭിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു.  തന്നെ നിശ്ശബ്ദനാക്കാനുളള ശ്രമമാണിതെന്ന്്  ട്രംപ് ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ നിരന്തരമായി തടയുകയാണ് ട്വിറ്റർ ചെയ്യുന്നതെന്ന്് ട്രംപ് കുറ്റപ്പെടുത്തി. തീവ്ര ഇടതുപക്ഷവുമായും ഡെമോക്രാറ്റുകളുമായും ട്വിറ്റർ ജീവനക്കാർ കൈ കോർത്തിരിക്കുന്നു. അവർ തന്റെ അക്കൗണ്ട് നീക്കം ചെയ്യുക വഴി തന്നെയും തനിക്ക് വോട്ട് ചെയ്ത 75,000,000 പേരെയും നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണെന്നും  ട്രംപ് ആരോപിച്ചു. ട്രംപിന്റെ ടീമിന്റെ അക്കൗണ്ടായ ടീം ട്രംപും ട്വിറ്റർ നിരോധിച്ചിട്ടുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ട്രംപ് ട്വിറ്ററിൽ നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുകയും തെറ്റായ വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ബൈഡന്റെ വിജയം അംഗീകരിക്കാതെ തെരഞ്ഞെടുപ്പിലും വോട്ടെണ്ണലിലും അടക്കം ക്രമക്കേടുകൾ ആരോപിച്ച് ട്രംപ് നിരവധി ട്വീറ്റുകൾ ചെയ്യുകയുണ്ടായി. ഇവയിൽ പലതും ട്വിറ്റർ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ട്വിറ്ററിലെ നിരോധനം മറികടക്കാൻ ട്രംപ് നടത്തിയ ശ്രമങ്ങളും ഫലം കണ്ടിട്ടില്ല. 
സ്ഥാനമൊഴിയുന്നതിനു മുമ്പേ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ പുറത്താക്കാൻ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കെപ്പെടുന്നു.  ജോ ബൈഡൻ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂവെന്നാണ് സൂചന. ട്രംപ് അണികളെ ഉപയോഗിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. കാപിറ്റോൾ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഭരണ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, ട്രംപിനെതിരെ വരുന്ന രണ്ടാമത്തെ ഇംപീച്ച്‌മെന്റ് പ്രമേയമാണിത്.
ഭരണഘടനാ അധികാരം ഉപയോഗിച്ച് ട്രംപിനെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പുറത്താക്കണമെന്നാണ് പുതുതായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. ട്രംപിനെ പുറത്താക്കാൻ മൈക്ക് പെൻസ് വിസമ്മതിച്ചാൽ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നീങ്ങാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനമെന്ന് സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ ട്രംപ് പ്രതികരിച്ചിട്ടുണ്ട്.  അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയിൽ നടക്കുന്നത്. നിലവിലെ സംഭവ വികാസങ്ങൾ അമേരിക്കക്ക് അപകടമാണെന്നാണ്  ട്രംപിന്റെ  പ്രതികരണം. പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ജനുവരി 20 ന് വാഷിങ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം. ഈ ദിനത്തിൽ രാജ്യത്തെ ഫെഡറൽ ഏജൻസികൾക്ക് പ്രത്യേക സുരക്ഷാ നിർദേശങ്ങളും പുതിയ ഉത്തരവിലുണ്ട്.  വാഷിങ്ടൺ മേയർ മൂരിയൽ ബൌസർ ജനുവരി 20 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചിരുന്നു. കാപിറ്റോൾ കലാപത്തിന് ശേഷം ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും സംസാരിച്ചിട്ടില്ലെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ മൈക്ക് പെൻസ് പങ്കെടുക്കും.  ഭരണപരമായ കർത്തവ്യങ്ങൾ മറന്ന ട്രംപിനെ ഭരണഘടനയുടെ 25 ാം ഭേദഗതി ഉപയോഗപ്പെടുത്തി വൈസ് പ്രസിഡന്റ് പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നത്. ഈ മാസം 20 നാണ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നത്. ലോക സമാധാനത്തിന് ഭംഗം വരാത്ത രീതിയിൽ ട്രംപിന് അധികാരമൊഴിയാൻ കഴിയുമെന്ന്് പ്രതീക്ഷിക്കാം. 

Latest News