Sorry, you need to enable JavaScript to visit this website.

ധനുമാസ മഴയിൽ സമൃദ്ധമായി സംസ്ഥാനത്തെ ജലസംഭരണികൾ 

ഇടുക്കി- ധനു മാസത്തിലെ അപ്രതീക്ഷിത മഴ ജലസംഭരണികൾക്ക് നേട്ടമായി. ജനുവരിയിൽ മൊത്തം പ്രതീക്ഷിച്ച നീരൊഴുക്ക് ഇന്നലെ വരെയുളള 13 ദിവസം കൊണ്ട് കിട്ടിക്കഴിഞ്ഞു. തണുത്ത അന്തരീക്ഷം വൈദ്യുതി ഉപയോഗവും കുറച്ചു. 70 ദശലക്ഷം യൂനിറ്റിൽ താഴെയാണ് ഇപ്പോൾ പ്രതിദിന ഉപഭോഗം.
106 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ജനുവരി മാസത്തിൽ കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 12 ദിവസം പിന്നിട്ടപ്പോൾ തന്നെ 109.297 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. വൈദ്യുതി ബോർഡിന് കീഴിലുള്ള പ്രധാനപ്പെട്ട 16 അണക്കെട്ടുകളിലെ ആകെ ജലശേഖരം ശേഷിയുടെ 81 ശതമാനമാണ്.  3368.297 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉത്പാദിപ്പിക്കാം. 4140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് പരമാവധി സംഭരിക്കാവുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയിലെ ജലശേഖരം സീസണിലെ കഴിഞ്ഞ 10 വർഷത്തിനിടയിലെ  ഉയർന്ന നിലയിലാണ്.  ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം 2386.68 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 81.3 ശതമാനമാണിത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 6.5 ശതമാനം വെള്ളം മാത്രമാണ് കുറഞ്ഞത്. 2011ലാണ് ഇതിലും കൂടുതൽ വെള്ളം ജനുവരിയിൽ ഉണ്ടായിരുന്നത്. 2389.18 അടി.
 

Latest News