Sorry, you need to enable JavaScript to visit this website.

സമസ്ത നേതാക്കളെ മുസ്‌ലിം ലീഗ് വിലക്കിയിട്ടില്ലെന്ന് ജിഫ്‌രി തങ്ങൾ

കോഴിക്കോട് - മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് സമസ്ത നേതാക്കളെ മുസ്‌ലിം ലീഗ് വിലക്കിയിട്ടില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. ആര് യോഗം വിളിച്ചാലും പങ്കെടുക്കാവുന്നതാണെങ്കിൽ പങ്കെടുക്കും. സർക്കാരിന് നേതൃത്വം നൽകുന്നവർ വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും ജിഫ്‌രി തങ്ങൾ പറഞ്ഞു. സമസ്ത മുശാവറ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധമാണുള്ളത്. അതിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണെന്നും ജിഫ്‌രി തങ്ങൾ പറഞ്ഞു. സമസ്തക്ക് സ്വതന്ത്ര നിലപാടാണുള്ളത്. രാഷ്ട്രീയ സഖ്യങ്ങളിൽ സമസ്ത അഭിപ്രായം പറയാറില്ല. രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല. മതപരമായ കാര്യങ്ങളിൽ ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്.

വെൽഫെയർ സഖ്യം സംബന്ധിച്ച് ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല.  വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. എം.സി മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. ലീഗ് അവരുടെ ആളുകളെ നിയന്ത്രിക്കും. സമസ്ത സമസ്തയുടെ ആളുകളെയും നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഫ്‌രി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ തുടങ്ങിയവർ പങ്കെടുത്തു.

Latest News