Sorry, you need to enable JavaScript to visit this website.

കുടുംബത്തിലെ തടിച്ചികൾ; മല്‍ബു കഥ വായിക്കാം 

https://www.malayalamnewsdaily.com/sites/default/files/2021/01/13/malbukadha.jpg

ഇക്കാ, ഇങ്ങളെ കുടുംബത്തിൽ എത്ര തടിച്ചികൾ കാണും?
കിഴക്ക് വെള്ളകീറി മൽബു നടത്തം തുടങ്ങുന്നേയുളളൂ, മൽബിയുടെ ഫോൺ എത്തി. 
പതിവുള്ളതാണ്. നടന്നു കഴിയുന്നതുവരെ മൽബിയുമായുള്ള സൊള്ളൽ. ഇടക്ക് എടങ്ങേറു പടിച്ച വർത്താനൊന്നും ഉണ്ടായില്ലെങ്കിൽ നല്ല എനർജി കിട്ടും. ഫലം ഒന്നാന്തരമൊരു ദിവസായിരിക്കും.
മൽബു നല്ലോണം ശ്രദ്ധിക്കും. രാവിലെ തന്നെയുള്ള കിന്നാരം നാശമായി അവസാനിക്കാൻ പാടില്ല. ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിച്ചാൽ പേടിക്കാനില്ല. ഡബിൾ മീനിംഗിലേക്ക് പോകുന്ന എന്തേലും ഉണ്ടായാൽ മതി മൽബി അതു കണ്ടെത്തുകയും കലമ്പാക്കുകയും ചെയ്യും.
നടക്കുമ്പോഴുള്ള ഫോൺ വിളിയും പാട്ടുകേൾക്കലും പാടില്ലെന്നും അതൊക്കെ മൾട്ടി ടാസ്‌കാണെന്നും ചിലരൊക്കെ പറയാറുണ്ട്. ഉപദേശികൾക്ക് എന്തും പറയാം. ആരോഗ്യ കാരണങ്ങൾ നിരത്താം.
പക്ഷേ, മൽബുവിനും മൽബിക്കും ഇതു പറ്റിയ സമയമാണ്. പുലർകാലത്തുള്ള പോസിറ്റിവ് എനർജി. 
ഇങ്ങള് നടക്കാൻ നടക്കാണോ, അതോ ഫോൺ ചെയ്യാൻ നടക്കാണോ എന്നു ചോദിക്കും ഹമീദ്. 
എന്നിട്ട് അവൻ ദാസന്റെ കഥ പറയും. 
ദാസൻ തൊട്ടടുത്തുള്ള നാലു ബിൽഡിംഗിനു ചുറ്റും നടന്നാണ് ഫോണിൽ സംസാരിക്കുക. നിവർത്തിപ്പിടിച്ച ഒരു ടാബ് കൈയിലുണ്ടാകും. ഉച്ചത്തിൽ സംസാരിച്ചുകൊണ്ടുള്ള ദാസന്റെ അതിവേഗത്തിലുള്ള നടപ്പ് ആരും ശ്രദ്ധിക്കുന്ന തരത്തിലുള്ളതുമായിരുന്നു. വെച്ചതെടുക്കാൻ പോകുന്ന തരത്തിലുള്ള ചുവടുകൾ.
നിങ്ങളിതെന്താ എല്ലാ ദിവസവും ഇങ്ങനെ ബിൽഡിംഗ് ചുറ്റുന്നത്: ഒരു ദിവസം ഹമീദ് ദാസനോട് ചോദിച്ചു. 
ഇവിടെ ഫ്രീ വൈഫൈ കിട്ടുന്നതുകൊണ്ടാണോ?
ഏയ്, അതൊന്നുമല്ല. ഞാൻ ജോലിക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ കൊടുക്കുകയാണ്. 
ദാസനൊരു കമ്പനിയിൽ സൂപ്പർ വൈസറായിരുന്നു. രാവിലെ ഉണർന്ന ശേഷമുള്ള ചുറ്റലിൽ അയാൾ പകുതി ജോലി തീർക്കും. 
മൽബിയുടെ ചോദ്യത്തിൽ എന്തേലും ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു മൽബു. കുടുംബത്തിലെ തടിച്ചികളുടെ എണ്ണമെടുത്തിട്ട് അവൾക്കെന്താ കാര്യം. 
നീ അല്ലേ നാട്ടിലുള്ളത്. വീട്ടിലുള്ള തടിച്ചികളെ നിനക്ക് തന്നെ എണ്ണിയാൽ പോരേ ----മൽബു പറഞ്ഞു. 
അതല്ല, എണ്ണമെടുത്തിട്ട് എന്താ നിന്റെ  പരിപാടി? കുടുംബത്തിൽ എനിക്കറിയാവുന്ന ഒരു തടിച്ചിയുണ്ട്. അവളാകട്ടെ, കൊയപ്പത്തിലായിട്ടുമുണ്ട്. എളാപ്പാന്റെ മോൾ. പ്രസവിച്ച ശേഷം തടി കൂടീന്നും ഷെയ്പ് മാറീന്നും പറഞ്ഞ് അവളുടെ കെട്ടിയോൻ വലിയ കൊയപ്പാണ് ഉണ്ടാക്കുന്നത്. അവള് ശ്രദ്ധിക്കാത്തതുകൊണ്ടാ ഇങ്ങനെ ആയതെന്നാണ് അവന്റെ പരാതി. സഹിക്കാൻ പറ്റുന്നില്ലെങ്കിൽ വേറെ പോയി കെട്ടിക്കോന്ന് അവളും. 
എളാപ്പ പറഞ്ഞതോണ്ട് ഞാൻ അവനോട് വിളിച്ചു സംസാരിച്ചിട്ടുണ്ട്. പ്രസവത്തിനു ശേഷം ലേഹ്യം എന്നൊക്കെ പറഞ്ഞ് ആളുകൾ തീറ്റിക്കുമെന്നും ശ്രദ്ധിക്കണമെന്നും ഒന്നാം മാസം മുതൽ അവളോട് പറഞ്ഞതാണുപോലും. ഇപ്പോൾ ഷെയ്പില്ലാതെ എങ്ങനെ ഗൾഫിൽ കൊണ്ടുവരുമെന്നാണ് അവന്റെ ചോദ്യം. കൂട്ടുകാരുടെ ഭാര്യമാർക്കെല്ലാം ഭയങ്കര ഷെയ്പാണുപോലും. പർദയിട്ട് കൊണ്ടുവന്നോ എന്നാണ് ഞാൻ അവനോട് പറഞ്ഞിരിക്കുന്നത്. 
പൊതുവെ പറഞ്ഞാൽ എന്റെ കുടുംബത്തിലുള്ള എല്ലാ പെണ്ണുങ്ങളും തടിച്ചികൾ തന്നാ. ഗൾഫിലുള്ള മാപ്പിളമാർ കാശയക്കും, നല്ല നല്ല സാധനങ്ങൾ വാങ്ങിത്തിന്നും. തടി അനങ്ങില്ലല്ലോ.. വീട്ടിൽ ചാനലും കണ്ടിരുന്ന് ഫാസ്റ്റ് ഫുഡുകൾക്ക് ഓർഡർ ചെയ്യും. അടിച്ചുമാറും. എന്നിട്ടിങ്ങനെ വീങ്ങിവരും. 
പറയുമ്പോൾ വണ്ണം കൂടിവരുന്ന മൽബിയും മനസ്സിലുണ്ടായിരുന്നു. 
മൽബി എല്ലാ ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്. 
സൂചനകൾ തന്നിലേക്കാണോ എന്നു മനസ്സിലാകാത്തതുകൊണ്ടാണോ എന്നറിയില്ല, തൽക്കാലം കലമ്പൊന്നുമുണ്ടായില്ല.
ചിലപ്പോൾ അവൾ അങ്ങനെയാണ്. വൈകിയേ കത്തൂ. 
തടിച്ചികളുടെ കണക്കെന്തിനാണെന്നു പറഞ്ഞില്ലല്ലോ? 
മൽബു വീണ്ടും ചോദിച്ചു.
അതൊക്കെ ആവശ്യമുണ്ട്. ഞാൻ രണ്ട് മൂന്ന് വീഡിയോകൾ വാട്‌സാപ്പിൽ അയക്കുന്നുണ്ട്. അതു കണ്ടു തീരുമ്പോഴേക്കും ഞാൻ വിളിക്കാം. 
മൽബുവിന് ആകാംക്ഷ കൂടിയെങ്കിലും കൂടുതൽ ചോദിക്കുന്നതിനു മുമ്പ് പതിവ് പോലെ ബാപ്പ വരുന്നുണ്ടെന്ന് പറഞ്ഞ് അവൾ ഫോൺ കട്ടാക്കി പോയി. 

Latest News