Sorry, you need to enable JavaScript to visit this website.
Wednesday , January   27, 2021
Wednesday , January   27, 2021

പ്രവാസിയുടെ മകള്‍; നയന എല്‍സയുടെ വിശേഷങ്ങള്‍

പ്രണയം തുറന്നുപറയാൻ കമിതാക്കൾ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ തെങ്ങിൻതൈ നൽകി പ്രണയം പങ്കുവെച്ച പ്രകൃതിസ്‌നേഹികളായ കമിതാക്കളെ മലയാള സിനിമ കണ്ടത് മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെയാണ്. ഓട്ടോ ഡ്രൈവറായ രതീഷിന് സ്ഥിരയാത്രക്കിടയിലാണ് റാണി ടീച്ചറോട് അടുപ്പം തോന്നിയത്. ശാലീനസുന്ദരിയും നാട്ടിൻപുറത്തുകാരിയുമായ ടീച്ചറാകട്ടെ തന്റെ മനസ്സ് വെളിപ്പെടുത്തിയത് തെങ്ങിൻതൈ നൽകിക്കൊണ്ടായിരുന്നു. ഷംസു സയ്ബ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രതീഷായി കൃഷ്ണശങ്കറും റാണി ടീച്ചറായി നയന എൽസയുമാണ് വേഷമിട്ടത്.


പ്രമുഖ വനിതാ മാഗസിൻ നടത്തിയ ഫെയ്‌സ് ഓഫ് കേരള മത്സരത്തിലൂടെയാണ് മോഡലിംഗിലേയ്ക്കും അതുവഴി സിനിമയിലേയ്ക്കും നയന എത്തുന്നത്. മത്സരത്തിൽ ടോപ് ഫൈനലിസ്റ്റായി. കുട്ടിക്കാലംതൊട്ടേ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കണമെന്നത് വലിയൊരു മോഹമായിരുന്നു. കണ്ണാടിക്കുമുന്നിൽ റാമ്പിലെ നൃത്തം പരിശീലിച്ചായിരുന്നു മത്സരത്തിനെത്തിയത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും സിനിമയിലേയ്ക്കുള്ള വഴി തെളിയുകയായിരുന്നു. അഭിനയ പാരമ്പര്യമൊന്നുമില്ലാതിരുന്നിട്ടും നയന ക്യാമറയ്ക്കു മുന്നിലെത്തി.
തമിഴിലൂടെയായിരുന്നു തുടക്കം. ആദ്യചിത്രത്തിൽ നായികയായെങ്കിലും അത് പുറത്തിറങ്ങിയില്ല. രണ്ടാമതെത്തിയ തിരുട്ടുപയലേയുടെ രണ്ടാം ഭാഗത്തിൽ സെക്കന്റ് ഹീറോയിനായി. സുശി ഗണേശായിരുന്നു സംവിധാനം. കനിഹയെയും സ്‌നേഹയെയുമെല്ലാം അഭിനയവഴിയിലേയ്ക്കു കൊണ്ടുവന്ന സംവിധായകനായിരുന്നു സുശി ഗണേശൻ. തമിഴ് സംസാരിക്കാനറിഞ്ഞില്ലെങ്കിലും ക്രമേണ പഠിച്ചെടുക്കുകയായിരുന്നു.


മലയാളത്തിലെ ആദ്യചിത്രം കളിയായിരുന്നു. ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. രജിഷാ വിജയൻ നായികയായ ജൂൺ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്.
ജൂണിൽ കുഞ്ഞി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ജൂണിന്റെ അടുത്ത കൂട്ടുകാരിയായിരുന്നു കുഞ്ഞി. നാടൻ കഥാപാത്രത്തിന്റെ മറ്റൊരു പതിപ്പായിരുന്നു അത്. 15 വയസ്സു മുതൽ 24 വയസ്സുവരെ മൂന്നു ഗെറ്റപ്പുകളിലാണ് ജൂണിലെത്തിയത്. ഒരുപാട് സംസാരിക്കുന്ന എപ്പോഴും ചിരിക്കുന്ന കുട്ടി. പ്ലസ് ടു വിദ്യാർഥിയാകാൻ മെലിഞ്ഞ രൂപമായിരുന്നു. പിന്നീട് കല്യാണത്തിനായി കുറച്ചു വണ്ണംവെച്ചു. അവസാനസീനിൽ ഗർഭിണിയുടെ വേഷമായിരുന്നു.
അഹമ്മദ് കബീർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് മുന്നോടിയായി എല്ലാവർക്കും വർക്ക്‌ഷോപ്പുണ്ടായിരുന്നു. സിദ്ധാർത്ഥ് ശിവയായിരുന്നു രണ്ടാഴ്ചയോളം നീണ്ട വർക്ക് ഷോപ്പ് നയിച്ചിരുന്നത്. എന്റെ സ്വഭാവത്തിണങ്ങുന്ന വേഷമായിരുന്നു കുഞ്ഞിയുടേത്. വാ തോരാതെ സംസാരിക്കുന്ന ചാടിത്തുള്ളി നടക്കുന്ന പെൺകുട്ടി. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു.


ജൂണിലെ വേഷം കണ്ടാണ് മണിയറയിലെ അശോകനിലേയ്ക്കുള്ള അവസരം വന്നത്. സംവിധായകൻ ഒരു ദിവസം രാവിലെ വിളിച്ച് അമ്മയുടെയോ അമ്മൂമ്മയുടെയോ പഴയ സാരിയുടുത്ത് മുഖംപോലും കഴുകാതെയുള്ള ഒരു ഫോട്ടോ അയയ്ക്കാൻ പറഞ്ഞു. അത്രയും സിമ്പിളായ വേഷമായിരുന്നു റാണി ടീച്ചറുടേത്. നാടൻ പെൺകുട്ടിയുടെ ലുക്കുണ്ടോ എന്ന് പരീക്ഷിക്കാനായിരുന്നു അത്.
ആ പരീക്ഷണം വിജയിച്ചു. റാണി ടീച്ചറുടെ വേഷവും കിട്ടി. സെറ്റിൽ വളരെ രസകരമായിരുന്നു. സംവിധായകനെപ്പോലെ പലരും പുതുമുഖങ്ങളായിരുന്നു. അഭിനയിക്കാനെത്തിയതാണെന്ന തോന്നൽ ആർക്കുമുണ്ടായിരുന്നില്ല. അനുപമയും കൃഷ്ണശങ്കറുമെല്ലാം നല്ല സഹകരണമായിരുന്നു. പുതുമുഖമെന്ന വേർതിരിവുണ്ടായിരുന്നില്ല. റാണി ടീച്ചറായി എത്തുമ്പോൾ ഇത്രയും പക്വതയുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ എല്ലാവരുടെയും സഹായംകൊണ്ട് ആ കഥാപാത്രത്തെ മനോഹരമാക്കാൻ കഴിഞ്ഞു. പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണമാണ് ആ ചിത്രത്തിനു ലഭിച്ചത്.
മണിയറയിലെ അശോകനിലൂടെ സിനിമയുടെ പിന്നാമ്പുറത്ത് പ്രവർത്തിക്കാനും കഴിഞ്ഞു. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി. അനുപമയായിരുന്നു ആദ്യം അസിസ്റ്റന്റായത്. സംവിധായകൻ നീയും പോരുന്നോ എന്നു ചോദിച്ചപ്പോൾ റെഡിയായി. എന്നാൽ അത്ര എളുപ്പമുള്ള ജോലിയല്ല സഹസംവിധായകയുടേതെന്ന് മനസ്സിലായി. ക്ലാപ്പടിക്കുന്നതു മുതൽ അഭിനേതാക്കളുടെ കോസ്റ്റ്യൂം വരെ ശ്രദ്ധിക്കണമായിരുന്നു. സീനെത്തിയാൽ അഭിനയിക്കുകയും വേണം. പാലക്കാട്ടെ ഒരു കവലയിൽ നടന്ന പാട്ടിന്റെ ചിത്രീകരണത്തിനിടയിൽ വെയിലേറ്റ് തളർന്നുവീഴുക വരെ ചെയ്തു. എങ്കിലും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനായി. ക്യാമറയ്ക്കു പിറകിലുള്ള അധ്വാനം ശരിക്കും അനുഭവിച്ചറിഞ്ഞു. ഇത്തരം ടീമിനെ കിട്ടിയാൽ ഇനിയും സഹസംവിധായികയാകാൻ നയന തയാറാണ്.
പ്രൊഫ. സതീഷ് പോൾ സംവിധാനം ചെയ്ത ഗാർഡിയൻ ആണ് ഒടുവിൽ പുറത്തിറങ്ങിയത്. ഇതും ഒ.ടി.ടി റിലീസായിരുന്നു. സൈജു കുറുപ്പും സിജോയ് വർഗീസും നായകന്മാരാകുന്ന ചിത്രത്തിൽ മിയയും നയനയുമാണ് നായികമാരാകുന്നത്. നഗരത്തിന്റെ തൊട്ടടുത്ത ഗ്രാമ പ്രദേശത്തുനിന്നും ഒരാളെ കാണാതാവുകയാണ്. നാട്ടുകാരുടെ അന്വേഷണം ഫലവത്താകാതെ വന്നപ്പോഴാണ് പോലീസിൽ പരാതിയെത്തുന്നത്. എസ്.പി. നന്ദകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിലൂടെ പുറത്തുവരുന്ന ഞെട്ടിക്കുന്ന വഴിത്തിരിവുകളാണ് ഗാർഡിയന്റെ പ്രമേയം. ചിത്രത്തിൽ സൈജുവിന്റെ കാമുകിയായാണ് നയനയെത്തുന്നത്.


വില്യം ഷേക്‌സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തെ അവലംബിച്ചെഴുതിയ ഋ ആണ് പുതിയ ചിത്രം. ഫാ. വർഗീസ് ലാൽ ആണ് സംവിധാനം. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത കളിയാട്ടത്തിന്റെ പുതിയ കാല അവതരണമാണ് ഈ ചിത്രം. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച താമരയെയാണ് നയന അവതരിപ്പിക്കുന്നത്. കൂടാതെ ഷെയ്ൻ നിഗം നായകനാവുന്ന ഉല്ലാസത്തിലും കുർബാനിയിലും വേഷമിടുന്നുണ്ട്. ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പിലും ചെറിയ വേഷത്തിലെത്തുന്നു.
തിരുവല്ലയാണ് നയനയുടെ നാടെങ്കിലും ഒന്നാം ക്ലാസ് മുതൽ പഠിച്ചതും വളർന്നതുമെല്ലാം കൊച്ചിയിലാണ്. അച്ഛൻ അനിൽ മാത്യുവിന് ദോഹയിൽ ബിസിനസ്സാണ്. സിനിമയെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് അച്ഛൻ. പഠിക്കുന്ന കാലത്ത് അച്ഛൻ കോളേജിലെ മികച്ച നടനായിരുന്നു. അമ്മ ബിനു അനിലും സഹോദരൻ നിഖിലുമാണ് അഭിനയവഴിയിൽ കൂട്ടായുള്ളത്. ബി.കോമിനുശേഷം സി.എം.എയും ഇന്റർമീഡിയറ്റ് വൺ ആന്റ് ടുവും കഴിഞ്ഞെങ്കിലും സിനിമയ്ക്കാണ് തൽക്കാലം പ്രാധാന്യം നൽകിയിരിക്കുന്നത്. അഭിനയസാധ്യതയുള്ള വേഷങ്ങളോടാണ് പ്രിയം. ശോഭനയും മീരാ ജാസ്മിനുമെല്ലാം അവതരിപ്പിച്ചതുപോലുള്ള ശക്തമായ കഥാപാത്രങ്ങളാണ് ലക്ഷ്യം. 

Latest News