Sorry, you need to enable JavaScript to visit this website.

ഒമ്പത് മാസമായി ശമ്പളം ലഭിക്കാതെ കഷ്ടപ്പെട്ട് മലയാളി ഹൗസ് ഡ്രൈവർ

തുറൈഫ്- ആദ്യമായി ഗൾഫിൽ വന്ന മലയാളി യുവാവിന് ആദ്യ രണ്ട് മാസം മാത്രം ശമ്പളം ലഭിച്ചു. പിന്നീട് ഒമ്പത് മാസങ്ങൾ ശമ്പളമായി ഒന്നും ലഭിച്ചില്ല. ഇതിനിടെ ശമ്പളം ലഭിക്കാതെ രണ്ട് മാസമായപ്പോൾ ശമ്പളം ചോദിച്ചതിന് സ്‌പോൺസർ ചെവിയടക്കി അടിയും നൽകി. ലേബർ കോർട്ടിൽ പോകണം എന്ന് കരുതിയപ്പോൾ  സ്‌പോൺസർക്ക് വലിയ പിടിപാടുണ്ടെന്ന് പറഞ്ഞു കേട്ട ഇദ്ദേഹം ആ ശ്രമം  ഉപേക്ഷിച്ചു. 
ആദ്യ രണ്ട് മാസം തന്നെ ശമ്പളം ലഭിച്ചത് തന്നെ സ്‌പോൺസറുടെ കീഴിൽലുള്ള മറ്റൊരു മലയാളി വഴിയാണ്. മലപ്പുറം വണ്ടൂർ എറിയാട് നെച്ചിക്കാട്ടിൽ അഫ്‌സൽ എന്ന യുവാവിനാണ് ഈ ദുരനുഭവം.  മാസങ്ങൾ ശമ്പളം ലഭിക്കാതെ പ്രയാസപ്പെട്ട ഇദ്ദേഹം സ്‌പോൺസർക്ക് 2000 റിയാൽ നൽകാമെന്ന് പറഞ്ഞുകൊണ്ട് സ്‌പോൺസർഷിപ്പ് മാറ്റാനായി കരാറിലെത്തിയിരിക്കുകയാണ്. ഈ തുകയ്ക്ക് പുറമെ സ്‌പോൺസർഷിപ്പ് മാറാനായി ഉള്ള 2000 റിയാൽ വേറെയും ഓഫീസ് ചെലവിനായി ഉള്ള പണവും ശമ്പളം ലഭിക്കാത്ത ഘട്ടത്തിൽ നാട്ടിൽ ഭാര്യക്കും കുടുംബത്തിനും  കടം വാങ്ങി അയച്ച തുകയും ഉൾപ്പെടെ ബാധ്യതയായി വന്നിരിക്കുകയാണ്. 
സ്‌പോൺസർഷിപ്പ് മാറി തുറൈഫിലെ ഒരു ഹോട്ടലിൽ ജോലിയെടുക്കാനുള്ള ശ്രമത്തിലാണ്. നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും ഹോട്ടലിൽ തൽക്കാലം ജോലി ചെയ്യുന്നുണ്ട്. ഉദ്ദേശിച്ച പോലെ കാര്യങ്ങൾ ശരിയായാൽ ഏതാനും മാസങ്ങൾക്ക് കൊണ്ട് കടങ്ങൾ വീട്ടാമെന്ന് അഫ്‌സൽ കരുതുന്നു. ആദ്യമായി ഗൾഫിൽ എത്തി ഒമ്പത് മാസം ശമ്പളമില്ലാതെ ജോലിയെടുക്കേണ്ട ഗതികേട് ഉണ്ടാക്കിയ വിഷമത്തിൽ നിന്ന് ഇപ്പോൾ മുക്തനായിക്കൊണ്ടിരിക്കുകായണ് താനെന്ന് യുവാവ് പറയുന്നു. 

Tags

Latest News