ഇന്ത്യൻ സ്‌റ്റോക്ക് മാർക്കറ്റ് സെൻസെക്‌സ് 371 പോയിന്റും നിഫ്റ്റി 130 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ആഭ്യന്തര വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ നിക്ഷേപകരെ പുതിയ ബാധ്യതകളിൽ നിന്ന് അകറ്റി. സെപ്റ്റംബറിൽ വ്യാവസായിക ഉൽപാദനം 3.8 ശതമാനമായി കുറഞ്ഞതിന്റെ ആഘാതം ഇന്ന് വിപണിയിൽ പ്രതിഫലിക്കാം. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ച ശേഷമാണ് ഈ കണക്കുകൾ പുറത്തുവന്നത്.
നിഫ്റ്റി സൂചിക 10,254-10,490 റേഞ്ചിൽ സഞ്ചരിച്ചു. സൂചിക 10,452 ൽ നിന്നുള്ള കുതിപ്പിൽ പക്ഷേ മുൻവാരം സൂചിപ്പിച്ച 10,499 ലെ തടസം ഭേദിക്കാനാവാതെ വിൽപ്പന സമ്മർദ്ദത്തിൽ അകപ്പെട്ടു. വാരാന്ത്യം നിഫ്റ്റി 10,321 ലാണ്. സാങ്കേതികമായി വിപണി ഓവർ ബ്രോട്ടായതിനാൽ തിരുത്തൽ സംഭവിക്കുമെന്ന് മുൻ വാരം സൂചിപ്പിച്ചിരുന്നു.
ഈ വാരം 10,220-10,119 പോയിന്റിൽ നിഫ്റ്റിക്ക് താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാൽ 9984 വരെ തളരാം. തേഡ് സ്‌പ്പോർട്ട് നിലനിർത്തിയാൽ 10,456-10,591 ലേയ്ക്ക് ഉയരാം. മറ്റ് സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ഡെയ്‌ലി ചാർട്ടിൽ പാരാബോളിക്ക് എസ് എ ആർ, എം എ സി ഡി എന്നിവ സെല്ലിങ് മൂഡിലേയ്ക്ക് തിരിഞ്ഞു. ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക്, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക് എന്നിവ ന്യൂട്ടറൽ റേഞ്ചിലും സ്‌റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ ഓവർ സോൾഡുമാണ്. അതേസമയം സൂപ്പർ ട്രെന്റ് ബുള്ളിഷാണ്.
ബോംബെ സെൻസെക്‌സിന് 33,886 ൽ തടസം നേരിടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സൂചിക താഴ്ന്ന റേഞ്ചിൽ നിന്ന് 33,866 വരെ ഉയരാനായുള്ളു. വിൽപ്പന സമ്മർദ്ദത്തിൽ 33,108 ലേയ്ക്ക് പരീക്ഷണങ്ങൾ നടത്തിയ ശേഷം ക്ലോസിങിൽ 33,314 ലാണ്. 32,992 ലെ ആദ്യ താങ്ങ് ഈ വാരം സെൻസെക്‌സിന് പിടിച്ചു നിൽക്കാനായാൽ 33,750 ലേയ്ക്ക് തിരിച്ച് വരവ് പ്രതീക്ഷിക്കാം. അതേസമയം ആദ്യ താങ്ങ് കൈമോശം വന്നാൽ 32,671- 32,234 റേഞ്ചിലേയ്ക്ക് തിരിയാം.
മുൻനിര ഓഹരിയായ എം ആന്റ് എം വില 4.68 ശതമാനം ഉയർന്ന് 1393 രൂപയായി. നാല് ശതമാനം നേട്ടത്തിൽ എച്ച് യു എൽ 1290 ലേയ്ക്ക് കയറി. ഇൻഫോസീസ് 960 ലും റ്റി സി എസ് 2703 ലും വിപ്രോ 302 രൂപയിലുമാണ്. അതേസമയം മുൻനിര ഫാർമ ഓഹരിയായ ലുപിന്റെ നിരക്ക് 20 ശതമാനം ഇടിഞ്ഞ് 833 രൂപയായി. സിപ്ല നാല് ശതമാനം കുറഞ്ഞ് 609 ലും എയർടെൽ ഏഴ് ശതമാനം താഴ്ന്ന് 501 ലും ആർ ഐ എൽ ഓഹരി വില ആറര ശതമാനം കുറഞ്ഞ് 883 ലും ടാറ്റാ മോട്ടേഴ്‌സ് 422 രൂപയിലുമാണ്. വിദേശ ഫണ്ടുകൾ 4043.5 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞ വാരം വിറ്റു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2880.37 കോടി രൂപയുടെ നിക്ഷേപം നടത്തി.
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലാണ്. രൂപയുടെ മൂല്യം 65.20 വരെ ഇടിഞ്ഞശേഷം വാരാന്ത്യം 65.16 ലാണ്. വാരത്തിന്റെ തുടക്കത്തിൽ വിനിമയ മൂല്യം 64.54 ലായിരുന്നു. രൂപക്ക് 65.71 ലും 66.23 ലും പ്രതിരോധമുണ്ട്. കരുത്തുനേടാൻ ശ്രമിച്ചാൽ 64.24 വരെ നീങ്ങാം.
ക്രൂഡ് ഓയിൽ വില ഉയരുന്നത് രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിക്കാം. ന്യൂയോർക്കിൽ ബാരലിന് 56.85 ഡോളറിൽ നീങ്ങുന്ന എണ്ണയ്ക്ക് ഈ വാരം 55 ഡോളറിൽ സപ്പോർട്ടുണ്ട്. എണ്ണ വില 60.37 ഡോളറിലേയ്ക്ക് ഉയരാനുള്ള ശ്രമത്തിലാണ്. ഈ പ്രതിരോധ മേഖല മറികടന്നാൽ 2018 ൽ എണ്ണവില ബാരലിന് 80-109 ഡോളർ റേഞ്ചിലേയ്ക്ക് സഞ്ചരിക്കാം.
ഏഷ്യൻ ഓഹരി ഇൻഡക്‌സുകൾ പലതും നഷ്ടത്തിലാണ്. യൂറോപ്യൻ മാർക്കറ്റുകൾക്കും തിരിച്ചടി നേരിട്ടു. നാല് വർഷത്തിനിടയിൽ ആദ്യമായി തുടർച്ചയായി എട്ടാം വാരത്തിലും നേട്ടത്തിലാണ് അമേരിക്കയിൽ ഡൗ ജോൺസ്, എസ് ആന്റ പി ഇൻഡക്‌സുകൾ.