Sorry, you need to enable JavaScript to visit this website.

സ്‌കൂളുകളിലെ സൗദിവൽക്കരണം: ധനസഹായം തുടരണമെന്ന് ശൂറ

റിയാദ് - സ്വകാര്യ സ്‌കൂളുകളിൽ സൗദികളെ അധ്യാപകരായി നിയമിക്കുന്നതിനുള്ള ധനസഹായം തുടരുന്ന കാര്യം മാനവശേഷി വികസന നിധി പരിശോധിക്കണമെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. മാനവശേഷി വികസന നിധിയുടെ വാർഷിക റിപ്പോർട്ട് വിശകലനം ചെയ്താണ് സ്വകാര്യ സ്‌കൂളുകളിൽ പുതുതായി നിയമിക്കുന്ന സൗദി അധ്യാപകരുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് നിധിയിൽ നിന്ന് വിതരണം ചെയ്യുന്നത് തുടരുന്ന കാര്യം പരിശോധിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടത്. 


നേരത്തെ മാനവശേഷി വികസന നിധി വേതന വിഹിതം വഹിച്ച സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകർ ജോലിയിൽ തുടരുന്ന കാര്യം ഫണ്ട് നിരന്തരം ഉറപ്പു വരുത്തണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. വരും വർഷങ്ങളിൽ കാഴ്ചപ്പാടും ലക്ഷ്യങ്ങളും നേടുന്നതിന് വ്യക്തവും നിർദിഷ്ടവും സമയബന്ധിതവുമായ ലക്ഷ്യങ്ങൾ സൃഷ്ടിക്കുന്നതിന് ജനസംഖ്യാ ഘടനയും വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട ഡാറ്റകൾ മാനവശേഷി വികസന നിധി ഉപയോഗപ്പെടുത്തണം. ലക്ഷ്യങ്ങൾ നേടാൻ സാധിക്കും വിധം കരിയർ ഗൈഡൻസ്, കൗൺസലിംഗ് പ്രോഗ്രാമുകൾ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ മാനവശേഷി, സാമൂഹിക വികസന നിധി പുനഃപരിശോധിക്കണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. 


സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ മിനിമം വേതനം 5,600 റിയാലായി ഉയർത്താനുള്ള തീരുമാനത്തോടനുബന്ധിച്ചാണ് അധ്യാപകരുടെ വേതന വിഹിതം മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയത്. ഇതുപ്രകാരം സൗദി അധ്യാപകരുടെ അടിസ്ഥാന വേതനമായ 5,000 റിയാലിന്റെ പകുതിയായ 2,500 റിയാൽ വീതമാണ് മാനവശേഷി വികസന നിധിയിൽ നിന്ന് വിതരണം ചെയ്തിരുന്നത്. അവശേഷിക്കുന്ന പകുതി വേതനവും യാത്രാ ബത്തയായ 600 റിയാലും സ്‌കൂളുകൾ വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. സൗദി അധ്യാപകരുടെ വേതന വിഹിതം അഞ്ചു വർഷത്തേക്കാണ് മാനവശേഷി വികസന നിധി വഹിച്ചത്. അഞ്ചു വർഷം പൂർത്തിയാകുന്ന മുറക്ക് പൂർണ വേതനം സ്‌കൂളുകൾ സ്വയം വഹിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. 


ധനസഹായ പദ്ധതി അഞ്ചു വർഷം പ്രയോജനപ്പെടുത്തിയ സൗദി അധ്യാപകരുടെ വേതന വിഹിതം വഹിക്കുന്നത് മാനവശേഷി വികസന നിധി നിർത്തിവെച്ചെങ്കിലും പുതുതായി നിയമിച്ചവർ അടക്കം അഞ്ചു കൊല്ലം പൂർത്തിയാക്കാത്തവർക്കുള്ള ധനസഹായ വിതരണം തുടർന്നിരുന്നു. എന്നാൽ പിന്നീട് സ്വകാര്യ സ്‌കൂളുകളിലെ സൗദി അധ്യാപകരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതി മാനവശേഷി വികസന നിധി നിർത്തിവെക്കുകയായിരുന്നു. സ്വകാര്യ സ്‌കൂളുകളിൽ പുതുതായി നിയമിക്കുന്ന അധ്യാപകരുടെ വേതന വിഹിതം വഹിക്കുന്ന പദ്ധതി തുടരുന്ന കാര്യം പരിശോധിക്കണമെന്നാണ് മാനവശേഷി വികസന നിധിയോട് ശൂറാ കൗൺസിൽ ഇന്നലെ ആവശ്യപ്പെട്ടത്.
 

Tags

Latest News