Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ സൗദിവൽക്കരണത്തിന് സഹകരണ കരാറുകൾ

ജിദ്ദയിൽ സ്വദേശിവൽക്കരണത്തിന് സഹായകമായ നിലക്ക് പരിശീലന പ്രോഗ്രാമുകൾ നടപ്പാക്കാനും സാമ്പത്തിക സഹായങ്ങൾ നൽകാനും ലക്ഷ്യമിടുന്ന സഹകരണ കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ ജിദ്ദാ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ (വലത്ത്) 

ജിദ്ദ - ജിദ്ദയിൽ സ്വദേശിവൽക്കരണത്തെ സഹായിക്കാനും പരിശീലന പ്രോഗ്രാമുകൾ നടപ്പാക്കാനും സാമ്പത്തിക സഹായങ്ങൾ നൽകാനും ലക്ഷ്യമിട്ട് സഹകരണ കരാറുകളിൽ ജിദ്ദാ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ ഒപ്പുവെച്ചു. ജിദ്ദാ ഗവർണറേറ്റ് മുൻകൈയെടുത്ത് നടപ്പാക്കുന്ന സൗദിവൽക്കരണ പദ്ധതിയുടെ മൂന്നാം ഘട്ടമെന്നോണമാണിത്. ഡിജിറ്റൽ വ്യാപാര മേഖലയിലെ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. 


സ്വദേശി യുവതീയുവാക്കൾക്ക് ഗുണകരമാകുന്ന നിലക്ക് സൗദിവൽക്കരണത്തിന് കരാറുകൾ സഹായകമാകുമെന്ന് ജിദ്ദാ ഗവർണർ പറഞ്ഞു. തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് പ്രാപ്തരാക്കിമാറ്റുന്ന നിലക്ക് സ്വദേശികൾക്ക് തൊഴിൽ പരിശീലനങ്ങൾ നൽകും. സ്വദേശികളെ തൊഴിൽ പരിശീലനങ്ങളിലൂടെ പ്രാപ്തരാക്കി മാറ്റുകയും ആവശ്യമായ പരിചയ സമ്പത്ത് നൽകുകയുമെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാറുകൾ. വിഷൻ 2030 പദ്ധതി സൗദിവൽക്കരണവും തൊഴിലുകളിൽ സ്വദേശികൾക്ക് മുൻഗണന നൽകാനും ലക്ഷ്യമിടുന്നു. ഇത് കൈവരിക്കുന്നതിന് ജിദ്ദാ ചേംബർ ഓഫ് കൊമേഴ്‌സ് വഴി സ്വകാര്യ മേഖലയുമായി സഹകരിച്ച് സൗദി യുവതീയുവാക്കളെ പരിശീലനങ്ങളിലൂടെ പ്രാപ്തരാക്കി മാറ്റും. സൗദിവൽക്കരണ മേഖലയിൽ കൂടുതൽ വലിയ വിജയം കൈവരിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. 


നാലു സഹകരണ കരാറുകളാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതിൽ ഒന്ന് സാമൂഹിക വികസന ബാങ്കുമായാണ്. മൂന്നാം ഘട്ട സൗദിവൽക്കരണ പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കുന്നവരുടെ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ അടക്കം സാമ്പത്തിക സേവനങ്ങളും പരിഹാരങ്ങളും സാമ്പത്തികേതര സേവനങ്ങളും ബാങ്ക് നൽകും. ബാബ് രിസ്ഖ് ജമീൽ, ബിസിനസ് ക്ലിനിക്‌സ്, ജിദ്ദ യൂനിവേഴ്‌സിറ്റിക്കു കീഴിലെ നിക്ഷേപ, സുസ്ഥിര വികസന നിധി എന്നിവയുമായും സഹകരണ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. 
സംരംഭകത്വ അവസരങ്ങൾ നിർണയിക്കൽ, പരിശീലന പ്രോഗ്രാമുകളിൽ ചേരുന്നവർക്ക് ഉചിതമായ പരിശീലനങ്ങൾ നിർണയിക്കൽ, ബിസിനസ് ഇൻകുബേറ്ററുകളിലൂടെ സംരംഭക പദ്ധതികളെ പിന്തുണക്കൽ, സംരംഭക പദ്ധതികൾ തെരഞ്ഞെടുക്കുന്നതിന് രൂപീകരിച്ച കമ്മിറ്റികളിൽ പങ്കാളിത്തം വഹിക്കൽ എന്നീ ചുമതലകളാണ് ജിദ്ദാ യൂനിവേഴ്‌സിറ്റിക്കു കീഴിലെ നിക്ഷേപ, സുസ്ഥിര വികസന നിധി വഹിക്കുകയെന്നും ജിദ്ദാ ഗവർണർ പറഞ്ഞു.


ജിദ്ദാ ഗവർണറേറ്റ് മുൻകൈയെടുത്ത് നടപ്പാക്കുന്ന മൂന്നാം ഘട്ട സൗദിവൽക്കരണ പദ്ധതി വഴി പരിശീലനം നേടുന്നതിന് 'ശാക്തീകരണ' സ്ട്രീമിൽ മൂന്നു മാസത്തിനിടെ 3,857 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ 286 സൗദി യുവതികൾക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. 'സംരംഭക' സ്ട്രീമിൽ 919 പേർ രജിസ്റ്റർ ചെയ്തു. ഇക്കൂട്ടത്തിൽ 236 സൗദി യുവാക്കൾക്കും പരിശീലനം നൽകിയിട്ടുണ്ട്. 
ഡിജിറ്റൽ സ്റ്റോറുകൾ വഴി സ്വന്തം സ്ഥാപനങ്ങൾ ആരംഭിക്കാൻ യുവതീയുവാക്കളെ ശാക്തീകരിക്കുകയാണ് മൂന്നാം ഘട്ടത്തിൽ സൗദിവൽക്കരണ പദ്ധതി ചെയ്യുക. ഇതോടൊപ്പം ആവശ്യമായ നൈപുണ്യങ്ങളും അറിവുകളും നൽകി നിലവിലുള്ള ഓൺലൈൻ സ്റ്റോറുകളുടെ വികസനവും ലക്ഷ്യമിടുന്നു.  

 

Latest News