ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചു.
കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ യോജിച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഉടന്‍ യോഗം ചേരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സെഷന് മുന്നോടിയായി വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ചേരുന്നതിനു വേണ്ടിയാണ് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം തുടങ്ങിയത്.
കാര്‍ഷിക നിയമങ്ങളും സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള സംയുക്ത തന്ത്രം ആവിഷ്‌കരിക്കാനാണ് സോണിയ തിങ്കളാഴ്ച ചില പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചത്. ഇന്ന് മറ്റു നേതാക്കളുമായും സംസാരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തിന് ആധാരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് സമ്മര്‍ദം തുടരുകയാണ്.
പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ ജനുവരി 29 മുതലാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
കോവിഡ് പകര്‍ച്ചവ്യാധി കാരണം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചേര്‍ന്നിരുന്നില്ല.