ആഭ്യന്തര - അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന് ഏഴാം സ്ഥാനം എന്ന മലയാളം ന്യൂസ് വാർത്ത ( 10-11 - 2017 ) ഏറെ ചിന്തിപ്പിക്കുന്നതും അതിലേറെ സന്തോഷിപ്പിക്കുന്നതുമാണ്.
വിമാനത്താവളം പ്രവർത്തിച്ചു തുടങ്ങിയത് മുതൽ ലാഭം മാത്രം നൽകി സർക്കാറുകൾക്ക് ഏറെ മുതൽക്കൂട്ടായിരുന്ന കരിപ്പൂരിനെ ഏതോ ലോബിക്ക് വേണ്ടി നഷ്ടത്തിലാക്കി അടച്ചുപൂട്ടിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമായിരുന്നു അവസാനിക്കാതെ നീണ്ട് നീണ്ട് പോകുന്ന റൺവേ അറ്റകുറ്റപ്പണിയെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അതിന്റെ ആദ്യപടിയായി നേരിട്ടുള്ള അന്താരാഷ്ട്രാ സർവീസുകൾ റദ്ദാക്കുകയും അതിന്റെ പേരിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തതായും ആരോപണം ഉയർന്നിരുന്നു. ഇത് ശരിയായാലും ഇല്ലെങ്കിലും നേരിട്ടുള്ള അന്താരാഷ്ട്ര സർവ്വീസുകൾ മുടങ്ങിയതോടെ ഏറെ ബുദ്ധിമുട്ടിലായത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും ഹജിനും ഉംറക്കും പോകുന്ന തീർത്ഥാടകരുമായിരുന്നു.
തന്മൂലം ആദ്യഘട്ടത്തിൽ കരിപ്പൂരിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടാവുകയും ചില ദിവസങ്ങളിൽ ഹർത്താലിന്റെ പ്രതീതി വരെ സംജാതമാവുകയും ചെയ്തിരുന്നു. അതിനിടയിൽ ഹജ് ക്യാമ്പ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റുക കൂടി ചെയ്തപ്പോൾ കരിപ്പൂരിന്റെ കഥ കഴിഞ്ഞുവെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്.
എന്നാൽ മലബാറിലുള്ള ഒരു യാത്രക്കാരന് നെടുമ്പാശേരി വഴി യാത്ര ചെയ്യാൻ ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. കാരണം ജിദ്ദയിൽ നിന്നും നെടുമ്പാശേരി എത്താൻ അഞ്ചര മണിക്കൂർ ആകാശയാത്ര വേണം. അത് കഴിഞ്ഞ് വീട്ടിലെത്താൻ വീണ്ടുമൊരു അഞ്ച് മണിക്കൂർ റോഡ് യാത്രയും. ഈ റോഡ് യാത്ര ഏറെ അപകടം പിടിച്ചതും. അതുപോലെ തന്നെ ലീവ് കഴിഞ്ഞ് തിരിച്ചു പോരുമ്പോഴും ഇതേ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നവരാണ് മലബാറിലെ പ്രവാസികളായ യാത്രക്കാർ. അതു കൊണ്ട് തന്നെ ഒരിക്കൽ നെടുമ്പാശേരി വഴി യാത്ര ചെയ്തവർ പിന്നീട് അതിന് തയ്യാറാവുന്നില്ല എന്നതാണ് കരിപ്പൂരിനെ വീണ്ടും മുന്നിലെത്താൻ സഹായിച്ച പ്രധാന ഘടകം എന്ന് മനസ്സിലാക്കാം.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് സൗദിയിലാണ് എന്നാണ് കണക്കുകൾ പറയുന്നത്. അതിൽ തന്നെ മലബാറുകാർ കൂടുതലുള്ള സ്ഥലമാണ് ജിദ്ദ ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യ. ഇവിടെയുള്ളവർക്കാണ് കരിപ്പൂരിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ ഏറെ ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നത്. പണ്ട് കാലങ്ങളിൽ മുംബൈ, കൊച്ചി, കോയമ്പത്തൂർ തുടങ്ങിയ വിമാനത്താവളങ്ങളിൽ വന്നിറങ്ങിയിരുന്ന മലബാറുകാരുടെ ചിരകാല സ്വപ്‌നമായിരുന്നു കോഴിക്കോട് വിമാനത്താവളം. അത് കൊണ്ട് തന്നെ കരിപ്പൂരിനെ അവർ നെഞ്ചോട് ചേർത്തു. ഏറെ ത്യാഗം സഹിച്ചും കരിപ്പൂരിനെ സംരക്ഷിക്കാൻ അവർ പ്രതിജ്ഞയെടുത്തു. അത് കൊണ്ടാണിപ്പോൾ സൗദിയിലുള്ളവർ വിശിഷ്യാ ജിദ്ദക്കാർ യു എ ഇ, ഒമാൻ,
ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ സ്റ്റോപ്പ് ഓവർ ഹബ്ബുകൾ വഴിയും കൂടാതെ മുംബൈ വഴിയും കണക്ഷൻ ടിക്കറ്റെടുത്ത് കരിപ്പൂരിൽ തന്നെ വന്നിറങ്ങുന്നത്. കൊച്ചി, കണ്ണൂർ, മുംബൈ ലോബികളാണ് കരിപ്പൂരിനെ തകർക്കാൻ ശ്രമിക്കുന്നത് എന്നൊരു ശ്രുതി പൊതുവേ കേൾക്കുന്നുണ്ട്. എന്നാൽ ഏതൊക്കെ വിമാനത്താവളങ്ങൾ വന്നാലും കരിപ്പൂരിനെ കൈവിടാൻ മലബാറുകാർ ഒരുക്കമല്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 30 വരെയുള്ള ആദ്യ അർധ സാമ്പത്തിക വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാം സ്ഥാനത്തും കേരളത്തിൽ രണ്ടാം സ്ഥാനത്തും (എല്ലാ സൗകര്യങ്ങളുമുള്ള തിരുവനന്തപുരം കരിപ്പൂരിന് പിറകിലാണെന്ന കാര്യം പ്രത്യേകം ഓർക്കണം)എത്തിച്ചത്.
അതുകൊണ്ട് തന്നെ കരിപ്പൂരിനോടുള്ള ചിറ്റമ്മനയം എല്ലാ അധികാരികളും മാറ്റി വെച്ച് കരിപ്പൂരിന്റെ ചിറകുകൾക്ക് ശക്തി പകരാൻ മുന്നോട്ട് വരണം. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്തുകയും ഹജ് ക്യാമ്പ് തിരിച്ച് കൊണ്ടുവരികയും ചെയ്താൽ കരിപ്പൂർ വിമാനത്താവളത്തെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന വിമാനത്താവളമായി മാറ്റാൻ കഴിയും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യാ ഗവൺമെന്റിനും വ്യോമയാന വകുപ്പിനും വലിയ ലാഭമുണ്ടാക്കിക്കൊടുക്കാനും അത് വഴി സാധിക്കും. കരിപ്പൂരിന്റെ ചിറകുകളരിയാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ച് നിൽക്കണം എന്ന് മാത്രം.






