ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പു പരിപാടി ആരംഭിച്ചാല്‍ രാഷ്ട്രീയ നേതാക്കള്‍ ക്ഷമ കാണിക്കാതെ വരി മറികടന്ന് മുന്നിലെത്തി വാക്‌സിന്‍ സ്വീകരിക്കരുതെന്നും തങ്ങളുടെ അവസരം വരുന്നതു വരെ കാത്തിരിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചതായി റിപോര്‍ട്ട്. ജനുവരി 16ന് ആരംഭിക്കുന്ന വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. ആദ്യ ഘട്ട വാക്‌സിന്‍ വിതരണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നിശ്ചിയിച്ചിട്ടുണ്ട്. ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ്, സേനകള്‍, ശുചീകരണ ജോലിക്കാര്‍ തുടങ്ങിയ സേവനവിഭാഗങ്ങളും ഉള്‍പ്പെടുന്ന രണ്ടു കോടി കോവിഡ് പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത്.
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ജനപ്രതിനിധികളെ കൂടി ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹരിയാന സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോഴാണ് രാഷ്ട്രീയക്കാര്‍ വരി മറികടന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കേണ്ടെന്ന് മോഡി നിര്‍ദേശിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ 24ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലും ഹരിയാന മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. പിന്നീട് സംസ്ഥാന ആരോഗ്യ മന്ത്രി അനില്‍ വിജും ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയെങ്കിലും മറുപടി ഉണ്ടായില്ല. വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ വിളിച്ചു ചേര്‍ത്ത് സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ ബിഹാര്‍, ഒഡിഷാ മന്ത്രിമാരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പഞ്ചായത്തു തലം തൊട്ട് പാര്‍ലമെന്റ് വരെയുള്ള ജനപ്രതിനിധികളെ മുന്നണി പ്രവര്‍ത്തകരായി കണ്ട് അവര്‍ക്ക് ആദ്യം തന്നെ വാക്‌സിന്‍ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ മുന്‍ഗണനാ വിഭാഗത്തെ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു ഹര്‍ഷ് വര്‍ധനന്റെ മറുപടി.